Tuesday, September 4, 2012
ചര്‍ച്ചയില്ലാതെ നിയമനിര്‍മാണം; കേന്ദ്രത്തിന് ആവേശം
കല്‍ക്കരി കുംഭകോണത്തിനെതിരായ ബഹളത്തിനിടയില്‍ ചര്‍ച്ചയില്ലാതെ നിയമനിര്‍മാണം നടത്തുകയെന്നത് യുപിഎ സര്‍ക്കാര്‍ പതിവാക്കി. തിങ്കളാഴ്ച ലോക്സഭയില്‍ അരമണിക്കൂറിനുള്ളില്‍ മൂന്ന് ബില്ലാണ് ചര്‍ച്ചയില്ലാതെ പാസാക്കിയെടുത്തത്. വടക്കു കിഴക്കന്‍ മേഖലാ പുനഃസംഘടന ഭേദഗതി ബില്‍ 2011, തൊഴിലിടങ്ങളിലെ ലൈംഗികപീഡനത്തില്‍നിന്ന് സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്ന ബില്‍ 2010, നാഷണല്‍ അതോറിറ്റി ഓഫ് ഇന്ത്യ ഭേദഗതി ബില്‍ എന്നിവയാണ് പാസാക്കിയത്. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ലൈംഗികപീഡനത്തില്‍നിന്ന് സംരക്ഷണവും തുല്യ അവകാശങ്ങളും ഉറപ്പുവരുത്തുന്നതാണ് നിയമം. സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, ആശുപത്രികളിലെത്തുന്ന രോഗികള്‍ എന്നിവരെയും സംരക്ഷണത്തിന്റെ പരിധിയില്‍ പെടുത്തും. അസംഘടിതമേഖലകളിലെ സ്ത്രീത്തൊഴിലാളികള്‍ക്കും സംരക്ഷണമുണ്ട്. ബില്ലിലെ വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്ക് 50,000 രൂപവരെ പിഴ നല്‍കേണ്ടിവരും. വേണ്ടത്ര തെളിവുകളില്ലാത്ത പരാതികളില്‍ നടപടിയുണ്ടാകില്ല. തെറ്റായ പരാതികള്‍ ഉണ്ടാകാതിരിക്കാനാണിത്. നിയമം നടപ്പാക്കേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ നിയമം നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ബാധ്യതയും സര്‍ക്കാരുകള്‍ക്കുണ്ട്. വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍ ഇത്തരം പരാതികള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികളും ഉള്‍പ്പെടുത്തണം. റിപ്പോര്‍ട്ട് തയ്യാറാക്കാത്ത സ്ഥാപനങ്ങള്‍ ജില്ലാ ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച വിവരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
ത്രിപുര, മണിപ്പുര്‍ സംസ്ഥാനങ്ങള്‍ക്ക് വെവ്വേറെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് കേഡറുകള്‍ രൂപീകരിക്കുന്നതിന് സഹായിക്കുന്നതാണ് വടക്ക്-കിഴക്ക് മേഖലാ (പുനഃസംഘടന) ഭേദഗതി ബില്‍. ഇതുവരെ ഇരു സംസ്ഥാനങ്ങള്‍ക്കുമായി ഒറ്റ കേഡറാണ് ഉണ്ടായിരുന്നത്. ഇതിനിടെ, പ്രധാന ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം രാജ്യസഭയില്‍ ഇടതുപക്ഷം തടഞ്ഞു. കല്‍ക്കരിഅഴിമതിവിഷയത്തില്‍ ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതിനെത്തുടര്‍ന്ന് രാവിലെ രണ്ടുവട്ടം സഭ നിര്‍ത്തി. പകല്‍ രണ്ടിന് വീണ്ടുംചേര്‍ന്നപ്പോള്‍ അധ്യക്ഷപദവിയിലുണ്ടായിരുന്ന പി ജെ കുര്യന്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ ശ്രമിച്ചു. എയിംസിന് സമാനമായ ആരോഗ്യസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള ബില്ല് ചര്‍ച്ച കൂടാതെ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ബില്‍ പരിഗണനയ്ക്കെടുക്കാനായി ആരോഗ്യ സഹമന്ത്രി എസ് ഗാന്ധിശെല്‍വനെ സഭാധ്യക്ഷന്‍ ക്ഷണിച്ചപ്പോള്‍തന്നെ ഇടതുപക്ഷ അംഗങ്ങള്‍ എതിര്‍പ്പുമായി നടുത്തളത്തിലിറങ്ങി. പ്രധാന ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് സിപിഐ എം അംഗങ്ങള്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്നും പാര്‍ലമെന്ററി ജനാധിപത്യത്തെ അവഹേളിക്കുകയാണെന്നും അംഗങ്ങള്‍ പറഞ്ഞു. മറ്റുചില പാര്‍ടികള്‍കൂടി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമല്ലാതായി. ബില്ല് പാസാക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെ സഭഭഅടുത്ത ദിവസം ചേരാനായി പിരിയുകയാണെന്ന് പി ജെ കുര്യന്‍ അറിയിച്ചു. എയിംസ് ബില്ലിന് പുറമെ അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്നതിനുള്ള ബില്ലും സര്‍ക്കാര്‍ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ബില്ലും ചര്‍ച്ച കൂടാതെ പാസാക്കാന്‍ ഇടതുപക്ഷം അനുവദിച്ചില്ല.
deshabhimani 040912
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment