Sunday, September 23, 2012

വാഗമണ്ണിലെ നൂറിലധികം ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഭൂമാഫിയകളിലേക്ക്


 ഭരണത്തിന്റെ മറവില്‍ വാഗമണ്ണിലെ നൂറിലധികം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഭൂമാഫിയയുടെ കൈകളിലേക്ക്. റവന്യൂവകുപ്പിന്റെ ഒത്താശയോടെ വമ്പിച്ച കൈയേറ്റത്തിനൊപ്പം എമര്‍ജിങ് കേരള പദ്ധതിയില്‍പ്പെടുത്തി കണ്ണായ ഭൂമി നല്‍കുകയാണ് ലക്ഷ്യം. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അനുമതിയില്ലാത്ത വ്യാജ പട്ടയങ്ങള്‍ വഴിയാണ് വാഗമണ്ണിലും കോട്ടയം ജില്ലയോട് ചേര്‍ന്ന പ്രദേശങ്ങളിലും ഭൂമാഫിയയ്ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയത്.

യുഡിഎഫ് ഭരിച്ച 2001-2002ല്‍ പീരുമേട് തഹസില്‍ദാരായിരുന്ന ശ്രീധരന്‍ വാഗമണ്‍ വില്ലേജിലെ ഓഫീസറുടെയും ചില ജീവനക്കാരുടെയും സഹായത്തോടെ കോലാഹലമേട് ഭാഗത്തെ സര്‍ക്കാര്‍ തരിശുഭൂമി അനധികൃത കൈയേറ്റ ലോബികള്‍ക്ക് നിയമലംഘനത്തിലൂടെ പതിച്ചു നല്‍കുകയായിരുന്നു. ഇടുക്കിക്ക് പുറത്തുള്ള വന്‍കിടക്കാര്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയാണ് ഭൂരേഖകളും വ്യാജപട്ടയവും നേടിയത്. ഇങ്ങനെ ഭൂമി ലഭിച്ചിട്ടുള്ള പലരും ഈ മേഖലയിലെ സ്ഥിരതാമസക്കാരല്ല. ഇവരുടെ ഭൂരേഖകള്‍ സംബന്ധിച്ച് അവ്യക്തതയാണുള്ളത്. ഭൂമി കൈയേറ്റക്കാരുടെ പക്കല്‍ നിന്നും വിവിധ ഘട്ടങ്ങളില്‍ ദൗത്യസംഘം പിടിച്ചെടുത്ത 740 ഏക്കര്‍ ഭൂമി അളന്ന് തിരിച്ച് സര്‍ക്കാര്‍ ഭൂമി എന്ന് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച് സര്‍ക്കാര്‍ ഭൂമിയായി നിലനിര്‍ത്താനായിരുന്നു ലക്ഷ്യം. അതിനു മുമ്പെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മേഖലയില്‍ സമഗ്ര സര്‍വേയ്ക്ക് നടപടി സ്വീകരിച്ചിരുന്നു. കോട്ടയം-ഇടുക്കി ജില്ലകളിലായി സ്വകാര്യവ്യക്തികള്‍ കൈയേറി വ്യാജരേഖയുണ്ടാക്കിയ നൂറുകണക്കിന് ഏക്കര്‍ഭൂമിയാണ് ഇക്കാലത്ത് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചത്. പുതുതായി ലാന്‍ഡ്ബാങ്കില്‍ നിക്ഷേപിച്ച ശ്രീധരന്‍ പട്ടയം ഉള്‍പ്പെടെയുള്ള 740 ഏക്കറില്‍ 125 ഏക്കറാണ് ഭൂമാഫിയ കൈയേറിയിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡുകളും അപ്രത്യക്ഷമായി. വര്‍ഷങ്ങളായി നടക്കുന്ന അനധികൃത ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് നിരവധി കേസുകളും എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വാഗമണ്‍ വില്ലേജിലെ ഭൂരേഖകള്‍ മിക്കതും വിജിലന്‍സിന്റെ പക്കലാണ്. കോടതി നടപടികളിലിരിക്കുന്ന കൈയേറ്റ ഭൂമിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വാഗമണ്ണില്‍ ശ്രീധരന്‍പട്ടയം നൂറില്‍പ്പരം കൈയേറ്റക്കാരുടെ കൈകളിലുണ്ട്. മന്ത്രി ബന്ധുക്കളും അടുപ്പക്കാരുമായ അമേരിക്കന്‍ മലയാളികളാണ് സര്‍വേനമ്പര്‍ 185/1 ല്‍പ്പെട്ടതും കോലഹലമേട് എല്ല് ഫാക്ടറിക്ക് സമീപമുള്ളതുമായ സ്ഥലം സ്വന്തമാക്കിയിരിക്കുന്നത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലമാണ് അളന്നുതിരിച്ച് സര്‍വെക്കല്ലിട്ട് നല്‍കിയിരിക്കുന്നത്. മാത്യു ടി ചാക്കോ കിഴക്കേക്കൂറ്റ്, വെട്ടിക്കുഴി പുതുവല്‍, കോലഹലമേട് എന്ന പേരില്‍ 1.18 ഹെക്ടര്‍ സ്ഥലമാണ് പട്ടയം നല്‍കിയിരിക്കുന്നത്. ഷൈബു മാത്യു കിഴക്കേക്കൂറ്റിന്റെ പേരില്‍ 2.85 ഏക്കര്‍ ഭൂമിയും മോളി ജോസഫ് കൈതക്കതൊട്ടിയില്‍ എന്ന പേരില്‍ 1.15ഹെക്ടര്‍ സ്ഥലവും മേരി ഫിലിപ്പ് കടുക്കാച്ചിയില്‍ എന്ന പേരില്‍ 2.79 ഏക്കര്‍ സ്ഥലം പതിച്ച് നല്‍കിയിരിക്കുന്നു. ഇതില്‍ ഷൈബി മാത്യു 40വര്‍ഷമായി അമേരിക്കയില്‍ വ്യവസായം നടത്തുന്നയാളാണ്. മോളിയും അമേരിക്കയിലാണ്. എന്നാല്‍ വാഗമണ്‍ കോലഹലമേട്ടില്‍ സ്ഥിരതാമസക്കാരെന്ന് കാട്ടിയാണ് പട്ടയം നല്‍കിയിട്ടുള്ളത്. പട്ടയം ലഭിച്ചിട്ടുള്ള മറ്റുള്ളവരും വാഗമണ്‍ പ്രദേശവുമായി ബന്ധമില്ലാത്ത പാലാ, രാമപുരം സ്വദേശികളാണ്.

കൃഷിയാവശ്യത്തിന് പട്ടയം പതിച്ച് നല്‍കിയിട്ടുള്ളതെങ്കിലും ഇവിടെ 12 ഏക്കറോളം മൊട്ടക്കുന്നുകളാണ്്്. ഇതിനഭിമുഖമായി ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ വന്നുപോകുന്ന വാഗമണ്‍ പൈന്‍കാട് സ്ഥിതിചെയ്യുന്നു. 1983 ല്‍ കെഎല്‍ഡി ബോര്‍ഡ് വനം വകുപ്പിന് കൈമാറുകയും വനം വകുപ്പ് ഇവിടെ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൈയേറിയ ഭൂമിയിലെ മരങ്ങളെല്ലാം നശിപ്പിച്ചിരിക്കുകയാണ്. സമീപ മേഖലയിലാണ് എമര്‍ജിങ് കേരളയിലെ വിവിധ പദ്ധതികള്‍ വരുന്നത്. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര് പങ്കിടുന്ന ഏറെ ജൈവ വൈവിധ്യ പ്രാധാന്യമുള്ള വാഗമണ്‍ മൊട്ടക്കുന്ന്, ചോലവനം, ആത്മഹത്യാമുനമ്പ്, പൈന്‍കാട്, ഉളുപ്പൂണി എന്നിവിടങ്ങളിലെ കണ്ണായ ഭൂമിയെ ലക്ഷ്യമിട്ടാണ് സ്വകാര്യ കമ്പനികളുടെ താല്‍പ്പര്യമനുസരിച്ച് എമര്‍ജിങ് കേരളയില്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.
(കെ ടി രാജീവ്)

deshabhimani 230912

1 comment:

  1. ഭരണത്തിന്റെ മറവില്‍ വാഗമണ്ണിലെ നൂറിലധികം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഭൂമാഫിയയുടെ കൈകളിലേക്ക്. റവന്യൂവകുപ്പിന്റെ ഒത്താശയോടെ വമ്പിച്ച കൈയേറ്റത്തിനൊപ്പം എമര്‍ജിങ് കേരള പദ്ധതിയില്‍പ്പെടുത്തി കണ്ണായ ഭൂമി നല്‍കുകയാണ് ലക്ഷ്യം. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അനുമതിയില്ലാത്ത വ്യാജ പട്ടയങ്ങള്‍ വഴിയാണ് വാഗമണ്ണിലും കോട്ടയം ജില്ലയോട് ചേര്‍ന്ന പ്രദേശങ്ങളിലും ഭൂമാഫിയയ്ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയത്.

    ReplyDelete