Wednesday, September 5, 2012
എമര്‍ജിംഗ് കേരളയുടെ മറവില്‍ പീരുമേട് ഗസ്റ്റ്ഹൗസ് വില്‍ക്കുന്നു
അഞ്ചാം മന്ത്രിപദത്തെച്ചൊല്ലി യു ഡി എഫിനെ പേശീബലം കാട്ടി വരുതിയിലാക്കിയ മുസ്‌ലിംലീഗ് എമര്‍ജിംഗ് കേരളയുടെ മറവില്‍ നടക്കാനിരിക്കുന്ന ഭൂമികച്ചവടത്തിലും അതേ തന്ത്രം പുറത്തെടുക്കുന്നു. കേരള കോണ്‍ഗ്രസിന്റെ പിന്‍സീറ്റ് പിന്തുണയാണ് അന്ന് ലീഗിനുലഭിച്ചിരുന്നതെങ്കില്‍ എമര്‍ജിംഗ് കേരളയ്ക്കുവേണ്ടി ലീഗ്-കേരളാ കോണ്‍ഗ്രസ് കുറുമുന്നണി ഭരണമുന്നണിയില്‍ പുതിയൊരു അധിനിവേശത്തിനു കരുക്കള്‍ നീക്കിത്തുടങ്ങി.
കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം എമര്‍ജിംഗ് കേരളയെ വാഴ്ത്തിപ്പാടാത്തതിലും ഹരിതരാഷ്ട്രീയത്തിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് വി എം സുധീരനും കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തലയും, കെ മുരളീധരനും കോണ്‍ഗ്രസിലെ യുവ എം എല്‍ എ മാരും എമര്‍ജിംഗ് കേരളയ്‌ക്കെതിരെ പുതിയ പോര്‍മുഖം തുറന്നതുമാണ് ലീഗിനേയും കേരളാ കോണ്‍ഗ്രസിനേയും പ്രകോപിപ്പിച്ചിരിക്കുന്നത്. എമര്‍ജിംഗ് കേരളയ്‌ക്കെതിരെ പരിസ്ഥിതി സ്‌നേഹികള്‍ തലസ്ഥാനത്ത് നടത്തിയ ദ്വിദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ പങ്കെടുത്തതിലും ഈ കുറുമുന്നണിക്കു നീരസമുണ്ട്.
എമര്‍ജിംഗ് കേരളയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ രൂപംകൊണ്ടുവരുന്ന എതിര്‍പ്പിന്റെ തീമലകള്‍ ഈ ഭൂമികച്ചവട പദ്ധതിക്കു കാര്‍മികത്വം വഹിക്കുന്ന വ്യവസായ വകുപ്പിനെ അമ്പരപ്പിക്കുന്നു. പൊതുസമൂഹവും പരിസ്ഥിതി സ്‌നേഹികളും ഉയര്‍ത്തുന്ന ഭീഷണിയും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നു. എമര്‍ജിംഗ് കേരളയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ വളര്‍ന്നുവരുന്ന വികാരത്തില്‍ ലീഗിനുള്ള പ്രതിഷേധം അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും രമേശിനെയും അറിയിച്ചിട്ടുണ്ട്.
കുറുമുന്നണിയിലെ കേരള കോണ്‍ഗ്രസിന്റെ നയപ്രഖ്യാപനം സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഇന്നലെ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിനുമേലുള്ള കടുത്ത കടന്നാക്രമണമായി. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പണം പറ്റിക്കൊണ്ടാണ് ഹരിതരാഷ്ട്രീയക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന അദ്ദേഹത്തിന്റെ ആരോപണം കോണ്‍ഗ്രസില്‍ മാത്രമല്ല ഭരണമുന്നണിയിലാകെ ഞെട്ടലുളവാക്കി. ജോര്‍ജ് സംസാരത്തില്‍ പക്വതകാട്ടണമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ രൂക്ഷമായ പ്രതികരണം അതിനുതെളിവായി.
എമര്‍ജിംഗ് കേരളയ്‌ക്കെതിരെ എതിര്‍പ്പിന്റെ പെരുങ്കോട്ടകള്‍ ഉയര്‍ത്തിക്കഴിഞ്ഞ റവന്യൂമന്ത്രി അടൂര്‍പ്രകാശും വനംമന്ത്രി കെ ബി ഗണേഷ്‌കുമാറുമാണ് മാണി-കുഞ്ഞാലി സഖ്യത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ളവരില്‍ മുഖ്യര്‍. മന്ത്രി ഗണേഷിന്റെ അഭ്യര്‍ഥനയനുസരിച്ച് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ നെല്ലിയാമ്പതിയിലെ തോട്ടം മാഫിയകള്‍ക്കെതിരെ ആരംഭിച്ച അന്വേഷണം കേരളാ കോണ്‍ഗ്രസിനെ വല്ലാതെ വെട്ടിലാക്കിയിട്ടുണ്ട്.
റവന്യൂ ഭൂമികള്‍ ഇന്‍കെല്‍ അടക്കമുള്ള ഭൂമാഫിയകള്‍ക്കു പതിച്ചുനല്‍കില്ലെന്ന റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രഖ്യാപനവും ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ ഉത്തരവും എമര്‍ജിംഗ് കേരളയ്ക്ക് ഏറ്റ കനത്ത പ്രഹരമായി. പാണക്കാട്ടെ ഇരുന്നൂറേക്കറോളം റവന്യൂ ഭൂമിയില്‍ 2300 ഓളം കോടിരൂപയുടെ ഇന്‍കെലിന്റെ പദ്ധതി നടപ്പാക്കുമെന്ന എമര്‍ജിംഗ് കേരളയിലെ വെബ്‌സൈറ്റില്‍ വന്ന പ്രഖ്യാപനം റവന്യൂ മന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നറിയുന്നു. ഇന്‍കെലിന് ഇനി ഭൂമിനല്‍കില്ലെന്നു നിയമസഭയില്‍ പ്രഖ്യാപിച്ച കുഞ്ഞാലിക്കുട്ടി തന്നെയാണ് റവന്യൂഭൂമി ഇന്‍കെല്‍ വഴി വില്‍പനയ്ക്കുവച്ചിരിക്കുന്നത്.
ഇത് റവന്യൂ - വ്യവസായ വകുപ്പുകള്‍ തമ്മിലുള്ള കടുത്ത ഏറ്റുമുട്ടലിനിടയാക്കും. റവന്യൂമന്ത്രിയുമായി പലതവണ മുട്ടിനോക്കി പരാജയപ്പെട്ടതാണ് മന്ത്രി മാണിയെ ലീഗുമൊത്തു കുറുമുന്നണിയുണ്ടാക്കി ഭരണമുന്നണിയെ വിരട്ടാന്‍ പ്രേരിപ്പിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് കയ്യേറിയ പതിനായിരക്കണക്കിന് ഏക്കര്‍ റവന്യൂ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതും 'എമര്‍ജിംഗ് ഭീഷണി'ക്കു വഴിമരുന്നിട്ടു. ഇതിനെല്ലാം പുറമേ പരിസ്ഥിതി സ്‌നേഹികളുടെ തലസ്ഥാനത്ത് ഇന്നലെ സമാപിച്ച ദ്വിദിന സമ്മേളനത്തില്‍ സംസാരിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ബി വത്സലകുമാരി സര്‍ക്കാരിന്റെ ഭൂനയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചതും എമര്‍ജിംഗ് കേരള തട്ടിപ്പിനെതിരായ വേറിട്ട ശബ്ദമായി.
എമര്‍ജിംഗ് കേരളയുടെ മറവില്‍ പീരുമേട് ഗസ്റ്റ്ഹൗസ് വില്‍ക്കുന്നു
പീരുമേട്: എമര്‍ജിംഗ് കേരളയുടെ മറവില്‍ പീരുമേട്ടിലെ ചരിത്രപ്രസിദ്ധമായ തമ്പിക്കൊട്ടാരം വില്‍ക്കാനൊരുങ്ങുന്നു.ഇപ്പോള്‍ സര്‍ക്കാര്‍ അതിഥി മന്ദിരമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മിസ്റ്റ് വാലി ഹെല്‍ത്ത് റിസോര്‍ട്ട് എന്ന ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറാനുള്ള നീക്കമാണ് നടന്നുവരുന്നത്.
തിരുവിതാംകൂര്‍ രാജഭരണകാലം മുതല്‍ കുട്ടിക്കാനത്തെ വേനല്‍കാല വസതിയായ കൊട്ടാരത്തില്‍ വിശ്രമത്തിനെത്തിയിരുന്ന തിരുവിതാംകൂര്‍ രാജവംശത്തിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. രാജാവിന്റെ പിന്‍മുറക്കാരനായ പത്മനാഭന്‍ തമ്പിയുടെ പേരിലാണ് കൊട്ടാരം നിര്‍മിച്ചത്. അതിനാലാണ് തമ്പിക്കൊട്ടാരം എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെടുന്നത്.
21 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിഥിമന്ദിരത്തില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള മൂന്ന് വി ഐ പി മുറികളും നാല് സാധാരണ മുറികളുമാണ് ഉള്ളത്. പീരുമേട്ടില്‍ എത്തുന്ന വിദേശിയരും സ്വദേശിയരുമായ ടൂറിസ്റ്റുകളടക്കമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമായുള്ള ഏക സര്‍ക്കാര്‍ വിശ്രമകേന്ദ്രമാണിത്.
കുട്ടിക്കാനം-കുമളി റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം ഉള്ളിലേക്ക് സ്ഥിതി ചെയ്യുന്ന ഈ അതിഥിമന്ദിരത്തില്‍ താമസിക്കുന്നതിനായി നിരവധി പേരാണ് എത്താറുള്ളത്. വാഗമണ്ണിലെ സസ്യ-ജന്തു ആവാസ വ്യവസ്ഥയെ താളംതെറ്റിച്ചുകൊണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുവാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അവകാശം കൊടുത്ത സര്‍ക്കാരിന്റെ തെറ്റായ നടപടിയുടെ പിന്നാലെയാണ് ഇപ്പോള്‍ ചരിത്രം ഉറങ്ങുന്ന പീരുമേട്ടിലെ സര്‍ക്കാര്‍ അതിഥിമന്ദിരവും വില്‍ക്കുന്നത്.
(പി ജെ ജിജിമോന്‍)
ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ എമര്‍ജിംഗ് കേരള പദ്ധതി നടപ്പാക്കാവൂ: പന്ന്യന്‍
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളേയും പരിസ്ഥിതി സംഘടനകളേയും ജനപ്രതിനിധികളേയും ബോധ്യപ്പെടുത്തി മാത്രമേ എമര്‍ജിംഗ് കേരള പദ്ധതി നടപ്പാക്കാവൂ എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
എമര്‍ജിംഗ് കേരളയുടെ പേരില്‍ വാചാലനാവുകയും വാശിപിടിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി വിശദാംശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തയ്യാറാകാത്തത് ദുരൂഹമാണ്. സുതാര്യത ഉറപ്പാക്കി മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരെതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിക്ക്, സ്വന്തം പാര്‍ട്ടിക്കാരേയും എം എല്‍ എ മാരേയുംപോലും ബോധ്യപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
കേരളത്തിന്റെ പ്രകൃതിസമ്പത്തും ഭൂമിയും തട്ടിയെടുക്കുവാന്‍ തക്കംപാര്‍ത്തിരിക്കുന്ന വനം, റിയല്‍ എസ്റ്റേറ്റ്, മണല്‍ മാഫിയകളുടെ അത്യാര്‍ത്തിക്കുമുന്നില്‍ മുഖ്യമന്ത്രി കീഴടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളെ വികസന വിരുദ്ധ മുദ്രകുത്തി രക്ഷപെടാമെന്നാണ് മുഖ്യമന്ത്രി ധരിക്കുന്നത്. നാടിന്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷ പാര്‍ട്ടികളെന്ന് ജനങ്ങള്‍ക്കറിയാം.
എമര്‍ജിംഗ് കേരളയുടെ പേരില്‍ റവന്യൂ ഭൂമികള്‍ പണച്ചാക്കുകള്‍ക്ക് പാട്ടത്തിനു നല്‍കി വന്‍തട്ടിപ്പ് നടത്തുവാനുള്ള നീക്കങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ ഒഴിവാക്കേണ്ട പദ്ധതികളും പേരു മാറ്റി എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരണകക്ഷിയില്‍പെട്ട എം എല്‍ എമാരും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. പഴയ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തും വികസന വാദഗതി ഉയര്‍ത്തിയാണ് ''ജിം'' എന്ന മാമാങ്കം നടത്തിയത്. അന്നത്തെ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറി. കേരളത്തിലെ മണ്ണും, ജലവും, പ്രകൃതി സമ്പത്തും വില്‍പ്പന നടത്തുവാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ടൂറിസത്തിന്റെ പേരില്‍ അഞ്ചു ശതമാനം ഭൂമി നല്‍കാനുള്ള അനുവാദവും, നെല്‍വയല്‍ നികത്താനുള്ള മുന്‍കാല പ്രാബല്യ നിയമവും അപകടകരമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.
janayugom 04-050912
Labels:
അഴിമതി,
എമര്‍ജിങ് കേരള
Subscribe to:
Post Comments (Atom)
No comments:
Post a Comment