Tuesday, September 4, 2012

അരലക്ഷം ഏക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്


എമര്‍ജിങ് കേരളയെന്ന പേരില്‍ നടത്തുന്ന ആഗോളനിക്ഷേപക സംഗമത്തിന്റെ മറവില്‍ സംസ്ഥാനത്തെ അതീവ തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടെ 50,000 ഏക്കറിലധികം ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ചുളുവിലയ്ക്ക് കൈമാറുന്നു. 99 വര്‍ഷത്തേക്ക് പാട്ടത്തിനെന്നു പറഞ്ഞാണ് ഭൂമി നല്‍കുന്നതെങ്കിലും പണയാവകാശം ഉള്‍പ്പെടെ അനുവദിക്കുന്നതിനാല്‍ ഇത് വിറ്റുതുലയ്ക്കുന്നതിന് തുല്യമാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനായി സര്‍ക്കാര്‍ ഭൂമിക്ക് പുറമെ സ്വകാര്യവ്യക്തികളുടെ ഭൂമിയും ഏറ്റെടുത്തുനല്‍കാനാണ് ലക്ഷ്യമിടുന്നത്. വ്യവസായ വികസനത്തിന്റെ പേരിലാണ് സംഘടിപ്പിക്കുന്നതെങ്കിലും എമര്‍ജിങ് കേരള വെബ്സൈറ്റില്‍ പറയുന്ന പദ്ധതികളില്‍ പത്തിലൊന്നു പോലും വ്യവസായവികസനത്തിന് അനുയോജ്യമല്ലാത്തതും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാത്തതുമാണ്. പേരിന് പദ്ധതികള്‍ പ്രഖ്യാപിച്ച് ഭൂമി കച്ചവടം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇതില്‍നിന്നു വ്യക്തം. സര്‍ക്കാര്‍ സ്വന്തമായി നടപ്പാക്കാനിരുന്ന ചീമേനി വൈദ്യുതിനിലയം ഉള്‍പ്പെടെ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്.

എമര്‍ജിങ് കേരളയുടെ മറവില്‍ ഭൂമി വിറ്റഴിക്കാന്‍ സമ്മതിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. പാട്ടത്തിന്റെ പേരില്‍ വില്‍പ്പനയേക്കാള്‍ വലിയ തട്ടിപ്പാണ് അരങ്ങേറുന്നതെന്ന് കോട്ടാത്തലയില്‍ കോട്ടാത്തല സുരേന്ദ്രന്‍ രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ പിണറായി പറഞ്ഞു. ഭൂമാഫിയയെയും സമ്പന്നരെയുമാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. എമര്‍ജിങ് കേരളയില്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈമാറുന്നതുസംബന്ധിച്ച എല്ലാവിവരവും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

പതിനായിരം ഏക്കര്‍ ഭൂമി പെട്രോകെമിക്കല്‍ പദ്ധതിക്കായി സ്വകാര്യവ്യക്തികള്‍ക്ക് കൈമാറുമെന്ന് വെബ്സൈറ്റില്‍ പറയുന്നു. നിംസ് (നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍) പദ്ധതികള്‍ക്കായി കൊച്ചിയിലും പാലക്കാട്ടുമായി 13,000 ഏക്കര്‍ വീതവും സ്ഥലം നല്‍കും. ഈ മൂന്നു പദ്ധതിക്ക് നല്‍കുന്ന 36,000 ഏക്കര്‍ ഭൂമിയില്‍ 22,000 ഏക്കറും വ്യവസായേതര ആവശ്യത്തിനാണെന്നു പറയുന്നു. ഇതിനര്‍ഥം ഈ സ്ഥലം റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് നല്‍കുന്നുവെന്നാണ്. ചീമേനിയിലെ നിര്‍ദിഷ്ട വാതകാധിഷ്ഠിത വൈദ്യുതി പദ്ധതിക്ക് നീക്കിവച്ച 1621 ഏക്കര്‍ ഭൂമിയാണ് സ്വകാര്യസംരംഭകര്‍ക്ക് കൈമാറുന്നത്. തന്ത്രപ്രധാനമായ വാഗമണ്‍ പ്രദേശത്തെ 50 ഏക്കര്‍ ഭൂമിയാണ് വാഗമണ്‍ സാഹസിക സ്പോര്‍ട്സ് പദ്ധതിയെന്ന പേരില്‍ നല്‍കുന്നത്. വെറും അഞ്ചുകോടി രൂപയാണ് ഇതിനാകെ കണക്കാക്കുന്നത്. ഇടുക്കി പീരുമേട് ഗസ്റ്റ് ഹൗസിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ മിസ്റ്റ് വാലി ഹെല്‍ത്ത് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്ന പേരില്‍ വില്‍ക്കും. കോഴിക്കോട് കക്കയം ഡാമിന്റെ സുരക്ഷിതപ്രദേശങ്ങളിലെ പത്ത് പ്രധാന ദ്വീപില്‍ അഞ്ചെണ്ണവും വിനോദസഞ്ചാര വികസനത്തിനെന്ന പേരില്‍ കൈമാറും.

പാണക്കാട്ട് 183 ഏക്കര്‍ ഭൂമിയില്‍ 2266 കോടിയുടെ പദ്ധതി വില്‍പ്പനയ്ക്ക് വച്ചതിനു പുറമെ ക്യാന്‍സര്‍ പ്രോജക്ട് എന്ന പേരില്‍ 20 ഏക്കര്‍ ഭൂമി കൂടി മലപ്പുറത്ത് വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. മലപ്പുറത്ത് വെല്‍നെസ് സെന്റര്‍ എന്ന പേരില്‍ എട്ട് ഏക്കര്‍ സ്ഥലം നല്‍കും. കോഴിക്കോട് ഞെളിയന്‍പറമ്പ്, കൊച്ചി ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റുകള്‍ 40 ഏക്കര്‍ സ്ഥലം ഉള്‍പ്പെടെ സ്വകാര്യസംരംഭകര്‍ക്ക് നല്‍കും. കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ പേരിലും ഏക്കര്‍ കണക്കിനു ഭൂമി കൈമാറും. ആലപ്പുഴ പള്ളിപ്പുറത്ത് ഗ്യാസ് പ്ലാന്റിന് നാലേക്കര്‍ സ്ഥലമാണ് നല്‍കുന്നത്. തൃശൂരിലെ അത്താണിയില്‍ 24 ഏക്കര്‍ സ്ഥലം ചുളുവിലയ്ക്ക് പാട്ടത്തിനു നല്‍കും. ഈ സ്ഥലത്തിനു മാത്രം 100 കോടിയിലേറെ രൂപയാണ് മാര്‍ക്കറ്റ് വില. എന്നാല്‍, പദ്ധതിക്കാകെ കണക്കാക്കുന്നത് 65 കോടി മാത്രം. ഭൂമിയുടെ വില വെബ്സൈറ്റില്‍ മറച്ചുവച്ചു. തിരുവനന്തപുരം കഠിനംകുളത്ത് 15 ഏക്കര്‍ ഭൂമിയാണ് 15 കോടി രൂപയ്ക്ക് ഏറോ സ്പേസ് പാര്‍ക്കിന് നല്‍കുന്നത്. ഇവിടെ ഭൂമിയുടെ മാര്‍ക്കറ്റ് വില 75 കോടിയിലേറെ വരും. കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സെന്ററില്‍ ഹെര്‍ബല്‍ എക്സ്ട്രാക്ട്സ് ആന്‍ഡ് നാച്വറല്‍ കളേഴ്സ് എന്ന പ്രോജക്ടിന് 40 ലക്ഷം രൂപയ്ക്ക് ഭൂമി നല്‍കുമെന്ന് പറയുന്നു. ഇവിടെ സെന്റിന് അഞ്ചുലക്ഷത്തിലേറെയാണ് മാര്‍ക്കറ്റ് വില. ഇതനുസരിച്ച് 10 കോടി മാര്‍ക്കറ്റ് വിലയുള്ള സ്ഥലമാണ് 40 ലക്ഷത്തിനു നല്‍കുന്നത്.

ജലവൈദ്യുത പദ്ധതിയുടെ മറവില്‍ വനം തീറെഴുതും

കൊച്ചി: സ്വകാര്യ നിക്ഷേപകരെ തേടി എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിച്ച ചെറുകിട ജലവൈദ്യുത പദ്ധതികളുടെ മുഖ്യ ആകര്‍ഷണം വനഭൂമിയും വൈദ്യുതിയുടെ സ്വകാര്യ വില്‍പ്പനാവകാശവും. ഗ്രീന്‍ എനര്‍ജി എന്ന പേരിലുള്ള 58 ചെറുകിട ജലവൈദ്യുതി പദ്ധതികളിലായി 75 ഹെക്ടറോളം വനഭൂമി ഇതുവഴി സ്വകാര്യ സംരംഭകരുടെ പക്കലെത്തും. കെഎസ്ഇബിയുടെ അനുമതിയോടെ സംരംഭകര്‍ക്ക് ഇഷ്ടാനുസരണം വൈദ്യുതി വില്‍ക്കാനാകുമെന്നും നിബന്ധനയില്‍ പറയുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കെഎസ്ഇബി വഴി നടപ്പാക്കാനുദ്ദേശിച്ച് വിശദ പഠനറിപ്പോര്‍ട്ട് വരെ തയ്യാറാക്കിയ 30 ചെറുകിട വൈദ്യുതപദ്ധതികള്‍ ഉള്‍പ്പെടെയാണ് സ്വകാര്യമേഖലയിലേക്ക് പോകുന്നത്. 58 പ്രോജക്ടുകള്‍ക്കുംകൂടി 10 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ പദ്ധതികളിലൂടെ സ്വകാര്യസംരംഭകരുടെ കൈവശമെത്തുന്നത് വിലമതിക്കാനാകാത്ത ഹെക്ടര്‍കണക്കിന് വനഭൂമിയും.

കണ്ണൂര്‍ പെരുവയില്‍ രണ്ട് മെഗാവാട്ട്മാത്രം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന പദ്ധതിയുടെ ഭാഗമായി 10.5 ഹെക്ടര്‍ വനഭൂമിയാണ് നല്‍കേണ്ടിവരിക. ഇടുക്കി കാളിയാറില്‍ നടപ്പാക്കുന്ന കീഴാര്‍കൂത്ത് പദ്ധതിയില്‍ 15 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വിട്ടുകൊടുക്കേണ്ടിവരുന്നത് 30 ഹെക്ടര്‍ വനം. കൂടാതെ വിതരണലൈന്‍ സ്ഥാപിക്കുന്നതിനും വനഭൂമി ഉപയോഗിക്കും. മുതലിറക്കാന്‍ തയ്യാറാകുന്നവര്‍ക്ക് അതിവേഗത്തില്‍ ഭൂമി ഏറ്റെടുത്തു നല്‍കാനും മറ്റുമായി വൈദ്യുതി സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഹൈ പവര്‍ കമ്മിറ്റിയും രൂപീകരിച്ചു. ജനറേറ്ററും പവര്‍ഹൗസും വിതരണ സംവിധാനവും ഏര്‍പ്പെടുത്തുന്നതിന് 25 ലക്ഷം രൂപ സ്വകാര്യസംരംഭകന് സബ്സിഡിയായി കിട്ടും. ഒരു പ്രതിഫലവും നല്‍കാതെ നദീജലം ആവശ്യത്തിന് ഉപയോഗിക്കാം. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ വ്യവസ്ഥയില്‍ 30 വര്‍ഷത്തേക്കാണ് കരാര്‍. കെഎസ്ഇബിക്ക് ആവശ്യമില്ലെങ്കില്‍ ചെറുകിട ജലപദ്ധതികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഇഷ്ടാനുസരണം വില്‍ക്കാമെന്ന നിബന്ധനയും സ്വകാര്യസംരംഭകരെ ആകര്‍ഷിച്ചേക്കും.
(എം എസ് അശോകന്‍)

എഡ്യൂ-ഹെല്‍ത്ത് സിറ്റിയില്‍ ലീഗ് ലക്ഷ്യമിടുന്നത് ഭൂമി കച്ചവടം

മലപ്പുറം: എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന പാണക്കാട്ടെ എഡ്യൂ-ഹെല്‍ത്ത് സിറ്റി പദ്ധതിയിലൂടെ മുസ്ലിംലീഗ് ലക്ഷ്യമിടുന്നത് ഭൂമി കച്ചവടം. വ്യവസായ വകുപ്പിന്റെ പക്കലുള്ള പാണക്കാട്ടെ ഭൂമി സ്വകാര്യ കച്ചവടക്കാര്‍ക്ക് കൈമാറാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇവിടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിക്കാന്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച അറിയിപ്പ് വന്നതോടെ റിയല്‍ എസ്റ്റേറ്റ് സംഘങ്ങളും രംഗത്തെത്തി. ജില്ലയിലെ പ്രധാന പദ്ധതികളെല്ലാം ലീഗ് ട്രസ്റ്റുകള്‍ കൈക്കലാക്കുന്നതിനിടെയാണ് 2266 കോടിയുടെ മെഗാ പദ്ധതിയുടെ വരവ്. വ്യവസായ വകുപ്പിന്റെ പക്കലുള്ള 183 ഏക്കര്‍ ഭൂമിയാണ് 26 വിഭാഗങ്ങളിലായി കച്ചവടത്തിനുവെച്ചിരിക്കുന്നത്. ഈ പ്രദേശത്ത് 100 കോടിയുടെ കാന്‍സര്‍ ആശുപത്രി സ്ഥാപിച്ച് സൗജന്യ ചികില്‍സ നല്‍കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജ് യൂണിവേഴ്സിറ്റിക്കും (ഇഫ്ളു) സ്ഥലം കണ്ടെത്തിയിരുന്നു. അതിനിടെയാണ് ഏവരേയും അമ്പരപ്പിച്ച് ഈ ഭൂമിയും എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയത്. ഇഫ്ളു അധികൃതര്‍ പ്രദേശം സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നു. സര്‍ക്കാരിന്റെ കച്ചവടനീക്കം ഹൈദരാബാദിലെ സര്‍വകലാശാലാ അധികൃതരെ പിന്നോട്ടടിപ്പിക്കുമോയെന്നാണ് ആശങ്ക.

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ചെയര്‍മാനായ ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് (ഇന്‍കെല്‍) ആഭിമുഖ്യത്തില്‍ മലപ്പുറത്തെ പാണക്കാട് വില്ലേജില്‍ 183 ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്രയും ഭൂമി വിട്ടുനല്‍കുമ്പോഴും സാധാരണ ജനവിഭാഗത്തിന് കാര്യമായ ഗുണമൊന്നും ലഭിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയിലായതിനാല്‍ വന്‍തുക കോഴവാങ്ങിയാവും ഇവിടങ്ങളില്‍ പ്രവേശനം. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉള്‍പ്പെടെയുള്ള ആരോഗ്യരംഗത്ത് വരുന്ന സംരംഭങ്ങളും സാധാരണക്കാരന് അപ്രാപ്യമാകും. ബജറ്റില്‍ മലപ്പുറത്തിന് പ്രഖ്യാപിച്ച മെഡിക്കല്‍കോളേജും സര്‍ക്കാര്‍ കോളേജുകളും തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമിയില്ലെന്ന വാദമുയര്‍ത്തുന്ന ലീഗ് സ്വകാര്യസംരംഭങ്ങള്‍ക്ക് ഏക്കര്‍കണക്കിന് ഭൂമി മാറ്റിവയ്ക്കുന്നത് കച്ചവടക്കണ്ണോടെയാണെന്ന് വ്യക്തം. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരക്ക് അനുവദിച്ച സര്‍ക്കാര്‍ കോളേജ് സ്ഥലമില്ലെന്ന കാരണത്താല്‍ ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന് കൈമാറാനുള്ള നീക്കവും വിവാദമായിട്ടുണ്ട്.

അട്ടപ്പാടി കാറ്റാടി പദ്ധതി ഇപ്പോള്‍ യുഡിഎഫിന് മാതൃക

കൊച്ചി: പ്രതിപക്ഷത്തിരിക്കെ അട്ടപ്പാടി ആദിവാസി ഭൂമിയുടെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കിയ യുഡിഎഫിന് അട്ടപ്പാടി കാറ്റാടി വൈദ്യുത പദ്ധതി എമര്‍ജിങ് കേരളയില്‍ മാതൃകാ കേസ് സ്റ്റഡി. പാലക്കാട്, ഇടുക്കി ജില്ലയിലായി പുതിയ അഞ്ച് പദ്ധതിക്ക് നിക്ഷേപകരെ ക്ഷണിക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ അട്ടപ്പാടി പദ്ധതിയെ മാതൃകയായി ഉയര്‍ത്തിക്കാണിച്ചിട്ടുള്ളത്. അട്ടപ്പാടിയില്‍ ആദിവാസി ഭൂമി തട്ടിയെടുത്ത് കാറ്റാടി സ്ഥാപിച്ചെന്ന പ്രചാരണത്തോടെ വന്‍ വിവാദക്കൊടുങ്കാറ്റാണ് യുഡിഎഫ് പ്രതിപക്ഷത്തിരുന്ന് അഴിച്ചുവിട്ടത്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ പലവട്ടം അട്ടപ്പാടി സന്ദര്‍ശിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവനകളിറക്കി. എന്നാല്‍ ഭരണത്തിലേറിയപ്പോള്‍ പാട്ടത്തിനുനല്‍കിയ ആദിവാസി ഭൂമിക്ക് തുഛമായ പ്രതിഫലം നിശ്ചയിച്ച് യുഡിഎഫ് വിവാദം അവസാനിപ്പിച്ചു.

ആരും സംശയിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

തിരു: എമര്‍ജിങ് കേരള പദ്ധതി സുതാര്യവും സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും യുഡിഎഫ് എംഎല്‍എമാരും പദ്ധതിക്കെതിരെ രംഗത്തുവന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ ആരും സംശയിച്ചിട്ട് കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ ഒരുസെന്റ് പോലും വില്‍ക്കില്ല. അര്‍ഹിക്കുന്ന ഫീസ് വാങ്ങി പാട്ടത്തിന് നല്‍കും. സ്വകാര്യഭൂമി ഏറ്റെടുത്താല്‍ മാര്‍ക്കറ്റ് വിലയും പാക്കേജും നടപ്പാക്കും. എംഎല്‍എമാര്‍ സംശയം ഉന്നയിക്കുന്നത് അവരുടെ ആത്മാര്‍ഥതയാലാകുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ടിയായതിനാല്‍ ആര്‍ക്കും അഭിപ്രായം പറയാം. ഇനിയും സംശയമുണ്ടെങ്കില്‍ ചര്‍ച്ച നടത്തി തീര്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതിമാത്രം സംരക്ഷിച്ച് മുന്നോട്ടുപോകാനാകില്ല: മുഖ്യമന്ത്രി

തിരു: പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുമാത്രം ഒരിക്കലും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിസ്ഥിതിയെന്നത് ഇന്നത്തെ കാര്യമാണ്. വികസനമെന്നാല്‍ ഭാവിയും. ഇന്നത്തെ കാര്യംമാത്രം ശ്രദ്ധിച്ചാല്‍ അത് സംസ്ഥാനത്തിന്റെ ഭാവിയെ ബാധിക്കുമെന്നും സര്‍ക്കാരിന് ഇത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പരിസ്ഥിതി ഐക്യവേദി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തിലാണ് എമര്‍ജിങ് കേരളയ്ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സര്‍ക്കാര്‍ഭൂമി വിട്ടുകൊടുത്ത് സംസ്ഥാനത്ത് ഒരു വികസനപദ്ധതിയും കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തില്‍ വികസനം വരണമെങ്കില്‍ വന്‍ പദ്ധതികള്‍ അനിവാര്യമാണ്. എന്നാല്‍, സര്‍ക്കാരിന്റെ താല്‍പ്പര്യവും ഉടമസ്ഥാവകാശവും നിലനിര്‍ത്തി മാത്രമേ പദ്ധതികള്‍ നടപ്പാക്കൂ- മുഖ്യമന്ത്രി പറഞ്ഞു.

നാളെ ജനകീയ കൂട്ടായ്മ

കൊച്ചി: എമര്‍ജിങ് കേരളയുടെ പേരിലുള്ള ജനവിരുദ്ധ നടപടി തുറന്നുകാട്ടുന്നതിന് ഹൈക്കോടതി ജങ്ഷനില്‍ ബുധനാഴ്ച ബഹുജനകണ്‍വന്‍ഷന്‍ നടത്തും. രാവിലെ പത്തിന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുമെന്ന് ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രൊഫ. കെ അരവിന്ദാക്ഷന്‍ അധ്യക്ഷനാകും. എം എം ലോറന്‍സ്, പ്രൊഫ. സാറാ ജോസഫ്, പ്രൊഫ. എം കെ പ്രസാദ്, ഡോ. കെ എന്‍ ഹരിലാല്‍, പ്രൊഫ. എന്‍ സുഗതന്‍, വി എസ് സുനില്‍കുമാര്‍ എംഎല്‍എ, ഡോ. എ അച്യുതന്‍, സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ സംസാരിക്കും.

deshabhimani 040912

1 comment:

  1. എമര്‍ജിങ് കേരളയെന്ന പേരില്‍ നടത്തുന്ന ആഗോളനിക്ഷേപക സംഗമത്തിന്റെ മറവില്‍ സംസ്ഥാനത്തെ അതീവ തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടെ 50,000 ഏക്കറിലധികം ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ചുളുവിലയ്ക്ക് കൈമാറുന്നു. 99 വര്‍ഷത്തേക്ക് പാട്ടത്തിനെന്നു പറഞ്ഞാണ് ഭൂമി നല്‍കുന്നതെങ്കിലും പണയാവകാശം ഉള്‍പ്പെടെ അനുവദിക്കുന്നതിനാല്‍ ഇത് വിറ്റുതുലയ്ക്കുന്നതിന് തുല്യമാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനായി സര്‍ക്കാര്‍ ഭൂമിക്ക് പുറമെ സ്വകാര്യവ്യക്തികളുടെ ഭൂമിയും ഏറ്റെടുത്തുനല്‍കാനാണ് ലക്ഷ്യമിടുന്നത്. വ്യവസായ വികസനത്തിന്റെ പേരിലാണ് സംഘടിപ്പിക്കുന്നതെങ്കിലും എമര്‍ജിങ് കേരള വെബ്സൈറ്റില്‍ പറയുന്ന പദ്ധതികളില്‍ പത്തിലൊന്നു പോലും വ്യവസായവികസനത്തിന് അനുയോജ്യമല്ലാത്തതും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാത്തതുമാണ്. പേരിന് പദ്ധതികള്‍ പ്രഖ്യാപിച്ച് ഭൂമി കച്ചവടം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇതില്‍നിന്നു വ്യക്തം. സര്‍ക്കാര്‍ സ്വന്തമായി നടപ്പാക്കാനിരുന്ന ചീമേനി വൈദ്യുതിനിലയം ഉള്‍പ്പെടെ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്.

    ReplyDelete