Thursday, September 20, 2012

എസ്ബിടി ജീവനക്കാര്‍ ധര്‍ണ നടത്തി


കൊല്ലം: ആവശ്യത്തിന് സബോര്‍ഡിനേറ്റ് ജീവനക്കാരെ നിയമിക്കുക, പാര്‍ട്ട് ടൈം ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുക, എല്ലാ ജീവനക്കാര്‍ക്കും പെട്രോള്‍ അലവന്‍സും എക്സ്ഗ്രേഷ്യയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ബിടി സ്റ്റാഫ് യൂണിയന്‍ (ബിഇഎഫ്ഐ) കൊല്ലം റീജണല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ ഉദ്ഘാടനംചെയ്തു.

നിയമനങ്ങള്‍ എത്രയുംവേഗം നടത്തണമെന്നും സംവരണതത്വങ്ങള്‍ പാലിച്ച് നിയമന നടപടി സുതാര്യമാക്കണമെന്നും വരദരാജന്‍ ആവശ്യപ്പെട്ടു. എസ്ബിടിഎസ്യു വൈസ്പ്രസിഡന്റ് എം സുരേഷ് അധ്യക്ഷനായി. ജനറല്‍സെക്രട്ടറി പി വി ജോസ്, ടി വിത്സണ്‍ (ബാങ്ക് ഓഫ് ബറോഡ), ജെ സുഗതന്‍ (ജില്ലാ സഹകരണ ബാങ്ക്), ഡി ജോണ്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ), പി ജയകുമാര്‍ (എസ്ബിടി), എല്‍ എസ് നടരാജന്‍ (ബാങ്ക് റിട്ടയറീസ് ഫോറം), എം എം ഹനീഫ (കെഎംഎസ്ആര്‍എ), അനില്‍ (എന്‍ജിഒ യൂണിയന്‍), വിശ്വനാഥന്‍ (കെജിഒഎ), ശ്രീകാന്ത് (എന്‍എഫ്പിഇ) എന്നിവര്‍ സംസാരിച്ചു.

ജീവനക്കാരില്ല; പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു

കൊച്ചി: ജീവനക്കാരുടെ കുറവുമൂലം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) പ്രവര്‍ത്തനം താളംതെറ്റുന്നു. സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിലും ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിലും ജീവനക്കാരുടെ കുറവ് തടസ്സമാകുന്നു. ശാഖകളുടെ എണ്ണവും സാമ്പത്തിക ഇടപാടും വര്‍ധിച്ചതിന് അനുസൃതമായി നിയമനം നടത്തുന്നില്ലെന്ന് പിഎന്‍ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

ഓഫീസര്‍ സ്കെയില്‍ 1, 2 തസ്തികകളിലാണ് പ്രധാനമായും നിയമനം നടക്കാത്തത്. പ്യൂണ്‍, ക്ലര്‍ക്ക് തസ്തികകളിലും ജീവനക്കാരുടെ കുറവുണ്ട്. ഇപ്പോഴുള്ള ജീവനക്കാരില്‍ 40 ശതമാനത്തോളം 2014ല്‍ വിരമിക്കും. ഇതിനുസൃതമായി നിയമനം നടക്കുന്നില്ല. ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് (ബിഎസ്ആര്‍ബി) പിരിച്ചുവിട്ടശേഷമാണ് പതിവുരീതിയിലുള്ള നിയമനം നടക്കാതെ വന്നത്. വിദ്യാഭ്യാസ വായ്പ, പ്രധാനമന്ത്രിയുടെ ഗ്രാമീണ തൊഴില്‍ വായ്പാപദ്ധതി (പിഎംആര്‍ഇജിപി) തുടങ്ങിയവ ഫലപ്രദമായി നടപ്പാക്കുന്നതിന് ജീവനക്കാരുടെ കുറവ് വിലങ്ങുതടിയാവുന്നു.

ബാങ്കിങ്രംഗത്തെ പരിഷ്കാരങ്ങളെക്കുറിച്ചു പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഖണ്ഡേല്‍വാള്‍ കമ്മിറ്റി സ്വകാര്യവല്‍ക്കരണത്തിനും നേരിട്ടുള്ള വിദേശനിക്ഷേപത്തിനുമാണ് ഊന്നല്‍ നല്‍കിയത്. ഇതിന്റെ ഫലമായി പുറംജോലിക്കരാര്‍ സമ്പ്രദായവും ജീവനക്കാരെ കുറയ്ക്കല്‍ നടപടികളും വ്യാപകമായി. ഇതോടെ പ്യൂണ്‍പോലുള്ള തസ്തികകളില്‍ സ്ഥിരംനിയമനം നടക്കാതായി. ഇതും ബാങ്കിനു തിരിച്ചടിയായി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ദേശസാല്‍കൃത ബാങ്കായ പിഎന്‍ബിക്ക് കേരളത്തില്‍ 141 ശാഖയുണ്ട്. സംസ്ഥാനത്ത് ബാങ്ക് കൈകാര്യംചെയ്യുന്ന മൊത്തം ബിസിനസ് 8750 കോടി രൂപയാണ്. വായ്പാ നിക്ഷേപ അനുപാതം 96 ശതമാനമാണ്. ജീവനക്കാരുടെ കുറവു പരിഹരിച്ചില്ലെങ്കില്‍ ബാങ്കിന്റെ പ്രവര്‍ത്തനം തീര്‍ത്തും മോശമായ അവസ്ഥയിലെത്തുമെന്ന് പിഎന്‍ബി ഓഫീസേഴ്സ് അസോസിയേഷന്‍ പറയുന്നു.

deshabhimani 200912

1 comment:

  1. ആവശ്യത്തിന് സബോര്‍ഡിനേറ്റ് ജീവനക്കാരെ നിയമിക്കുക, പാര്‍ട്ട് ടൈം ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുക, എല്ലാ ജീവനക്കാര്‍ക്കും പെട്രോള്‍ അലവന്‍സും എക്സ്ഗ്രേഷ്യയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ബിടി സ്റ്റാഫ് യൂണിയന്‍ (ബിഇഎഫ്ഐ) കൊല്ലം റീജണല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ ഉദ്ഘാടനംചെയ്തു.

    ReplyDelete