Thursday, September 20, 2012

പെരുകുന്ന ലൈംഗിക അതിക്രമങ്ങള്‍


കേട്ടുകേള്‍വി ഇല്ലാത്ത തരത്തില്‍ യാത്രാവേളയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡനങ്ങള്‍ പെരുകുന്ന സാഹചര്യം നിയമപരമായ കടുത്ത ജാഗ്രതയാണ് ആവശ്യപ്പെടുന്നത്. നിയമപരമായി ഇത്തരം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ത്തന്നെ സാമൂഹ്യമായ ഇടപെടലുകളും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഭര്‍ത്താവിന് ബലിയിട്ട് ബസില്‍ മടങ്ങിയ യുവതിക്ക് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനില്‍നിന്നാണ് കടുത്ത ലൈംഗികപീഡനം അനുഭവിക്കേണ്ടിവന്നതെങ്കില്‍ ട്രെയിനില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് സിആര്‍പിഎഫ് ജവാനാണ്. തൊഴില്‍സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ ഒരു ശതമാനംപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ബസുകളിലും ട്രെയിനുകളിലും എന്തിന് വിമാനയാത്രകളില്‍പ്പോലും സ്ത്രീകള്‍ പീഡനത്തിനിരയാകുന്നു.

നിയമപ്രകാരം എന്താണ് ലൈംഗീക പീഡനം? സ്വാഗതം ചെയ്യപ്പെടാത്തതും ലൈംഗിക ആസക്തിയോടെയുമുള്ള ശരീരസ്പര്‍ശം, പ്രവൃത്തി, ലൈംഗികച്ചുവയുള്ള സംസാരം, ലൈംഗികത കലര്‍ന്ന വാക്കോ നോട്ടമോ വഴിയുള്ള പ്രേമാഭ്യര്‍ഥന, ലൈംഗിക പുസ്തക പ്രദര്‍ശനം എന്നിവ പ്രധാനമായും ലൈംഗികപീഡന നിര്‍വചനത്തില്‍ വരും. ഇന്ത്യന്‍ പീനല്‍ക്കോഡില്‍ എട്ടോളം വകുപ്പുകളിലായി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ വെവ്വേറെ നിര്‍വചിച്ചിട്ടുണ്ട്. ഇഷ്ടമല്ലാത്തയാളെ നിര്‍ബന്ധിപ്പിച്ച് വിവാഹം ചെയ്യിക്കല്‍, ഇതിനായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ ഒക്കെ ശിക്ഷാര്‍ഹമാണ്. ഇന്ത്യന്‍ പീനല്‍ക്കോഡിലെ 366-ാം വകുപ്പനുസരിച്ച് ഇത്തരക്കാര്‍ക്ക് 10 വര്‍ഷംവരെ തടവും പിഴയും വിധിക്കാം. മൈനറായ ഒരു പെണ്‍കുട്ടിയെ മറ്റൊരാളുമായി ലൈംഗികവേഴ്ചയ്ക്ക് നിര്‍ബന്ധിക്കുക, സ്ത്രീയെ മറ്റൊരാളുമായി അവഹിതവേഴ്ചയ്ക്ക് കടത്തിക്കൊണ്ടുപോകുക, 18 വയസ്സില്‍ താഴെയുള്ള ആളെ വേശ്യാവൃത്തിക്കായോ മറ്റൊരാളുമായി അവിഹിതവേഴ്ചക്കോ കൂലിക്ക് കൊടുക്കുകയോ വില്‍ക്കുകയോ ചെയ്യുക, കൈയൊഴിയല്‍ തുടങ്ങി കുറ്റകൃത്യങ്ങള്‍ക്കും 10 വര്‍ഷംവരെ തടവാണ് ശിക്ഷ. ഏറ്റവും വലിയ ലൈംഗിക കുറ്റകൃത്യം ബലാത്സംഗമാണ്.

ഐപിസി 375-ാം വകുപ്പ് ഇത് നിര്‍വചിക്കുന്നു. ഒരു സ്ത്രീയുടെ ഇച്ഛയ്ക്കെതിരായോ, ഭയപ്പെടുത്തി സമ്മതം നേടിയോ, അവളെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചോ, ലഹരിക്ക് അടിമപ്പെട്ടോ ബുദ്ധിസ്ഥിരത ഇല്ലായ്മകൊണ്ടോ പ്രവൃത്തിയുടെ ഗൗരവം ഉള്‍ക്കൊള്ളാതെയുള്ള സമ്മതത്തോടെയോ, 18 വയസ്സിനു താഴെയാണെങ്കില്‍ അവളുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികവേഴ്ച നടത്തുന്നതാണ് ബലാത്സംഗം. ഈ കുറ്റകൃത്യത്തിന് ഏഴുമുതല്‍ 10 വര്‍ഷംവരെ തടവ് ലഭിക്കാം. പൊതുജനങ്ങള്‍ക്ക് ഉപദ്രവമായ രീതിയില്‍ അശ്ലീല പ്രവൃത്തി ചെയ്യുകയോ, അശ്ലീലപദങ്ങളുള്ള പാട്ട് പാടുകയോ ഭാഷണം നടത്തുകയോ ചെയ്യുന്നതും ഈ വകുപ്പുപ്രകാരം കുറ്റകരമാണ്. സ്ത്രീയുടെ മാന്യതയെ നിന്ദിക്കാനുള്ള ഉദ്ദേശ്യത്തോടെ എന്തെങ്കിലും വാക്ക് പറയുകയോ ശബ്ദമുണ്ടാക്കുകയോ ആംഗ്യം കാണിക്കുകയോ ഏതെങ്കിലും വസ്തു പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ഒരുവര്‍ഷം തടവും പിഴയും വിധിക്കാം. ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ തലയിടണമെന്ന ഉദ്ദേശ്യത്തോടെ മേല്‍പ്പറഞ്ഞ ഏതെങ്കിലും പ്രവൃത്തി ചെയ്താലും ശിക്ഷിക്കാവുന്നതാണ്.
 
ലൈംഗിക ഉദ്ദേശ്യത്തോടെ സ്ത്രീയെ സ്പര്‍ശിക്കുന്നത് 354-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്. കെപിഎസ് ഗില്‍ ശിക്ഷിക്കപ്പെട്ടത് ഈ വകുപ്പിലാണ്. വൈശാഖകേസില്‍ ജോലിസ്ഥലത്തെ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ച് സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തണമെന്നും സ്ത്രീക്ക് ജന്മദാതാവ് എന്ന നിലയില്‍ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നും 1977 ആഗസ്തില്‍ പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്‍ഡീസന്റ് റെപ്രസന്റേഷന്‍ ഓഫ് വുമണ്‍ (പ്രൊഹിബിഷന്‍ ആക്ട്) സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കുന്നതിന് എതിരെയുള്ള നിയമമാണ്. സ്ത്രീശരീരമോ ഏതെങ്കിലും അവയവഭാഗമോ രൂപമോ അശ്ലീലമായോ നിന്ദ്യമായോ അപകീര്‍ത്തികരമായ വിധത്തിലോ പൊതുജനത്തിന്റെ സന്മാര്‍ഗികതയെ ദുഷിപ്പിക്കുന്ന രീതിയിലോ ചിത്രീകരിച്ചാല്‍ ഈ വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കാലത്തിനുസരിച്ച് നിയമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ജോലിസ്ഥലത്തെയും യാത്രകളിലെയും ലൈംഗികപീഡനക്കേസുകള്‍ വര്‍ധിക്കുകയാണ്. സാക്ഷരതയില്‍ ഒന്നാമതെന്ന് അഹങ്കരിക്കുന്ന നമ്മുടെ കൊച്ചുകേരളമാണ് ആത്മഹത്യയുടെ കാര്യത്തില്‍ എന്നപോലെ റിപ്പോര്‍ട്ടുചെയ്ത സ്ത്രീപീഡനക്കേസുകളുടെ കാര്യത്തിലും ഒന്നാംസ്ഥാനം "അലങ്കരിക്കു"ന്നത്.
 
നിയമംമാത്രമല്ല, സമൂഹബോധത്തിലുള്ള മാറ്റവും ആവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്ത്രീകളെ ഉപഭോഗവസ്തുവായി കാണുന്നത് മൂല്യച്യുതിയുടെയും ധാര്‍മിക അപചയത്തിന്റെയും ആഴം വെളിവാക്കുന്നു. ജോലിസ്ഥലത്തായാലും വീട്ടിലായാലും യാത്രയിലായാലും ലൈംഗികമായി പീഡിപ്പിക്കുന്നത് സ്ത്രീ ആരാണെന്ന് ബോധ്യപ്പെടാത്തതിന്റെ പ്രശ്നംകൂടിയാണ്. സ്ത്രീസമത്വം ഉറപ്പാക്കുകയും സ്ത്രീക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സംസ്കാരം രൂപപ്പെട്ടുവരികയാണ് വേണ്ടത്. ഏതു തരത്തിലുള്ള ലൈംഗികാതിക്രമമായാലും പരസ്യമായി ചോദ്യംചെയ്യാനും നിയമപരമായി നേരിടാനും സ്ത്രീകള്‍ മുന്നോട്ടു വന്നുതുടങ്ങിയത് അടുത്തകാലത്താണ്. അത് നല്ല ലക്ഷണമാണ്. ഇത്തരം ചെറുത്തുനില്‍പ്പുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും അവരെ സഹായിക്കാനും സമൂഹത്തിനു കഴിയണം.
(അഡ്വ. കെ ഡി ബാബു)

കള്ളും നിരോധിക്കരുതോ എന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കള്ള് വില്‍പ്പന പൂര്‍ണ്ണമായും നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇത് ഉത്തരവല്ലെന്നും നിരീക്ഷണം മാത്രമാണെന്നും ജ. സി എന്‍ രാമചന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.ഇക്കാര്യത്തില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം- അദ്ദേഹം പറഞ്ഞു പുതിയ തലമുറ കള്ളുചെത്ത് തൊഴിലിലേക്ക് വരുന്നില്ല.

ഷാപ്പുകളില്‍ പലതിലും വ്യാജമദ്യമാണ് വില്‍ക്കുന്നതെന്ന പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ നിര്‍ദേശമെന്ന് ജ. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. വ്യാജമദ്യം വിറ്റതിന് ലൈസന്‍സ് റദ്ദാക്കിയതിനെതിരെ കരാറുകാരന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.

ഗ്യാസ് സിലിണ്ടറുകള്‍ റെയില്‍ വഴി കൊണ്ടുപോകണം

കൊച്ചി: പാചകവാതക സിലിണ്ടറുകള്‍ റെയില്‍ മാര്‍ഗം കൊണ്ടുപോകണമെന്ന് ഹൈക്കോടതി. ബോട്ടിലിങ് പ്ലാന്റുകള്‍ റെയില്‍ ഗതാഗത സൗകര്യമുള്ള സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതാണ് ഉചിതമെന്നും കോടതി വിലയിരുത്തി. ചാല ടാങ്കര്‍ ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജെ ബി ജോയ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ചന്ദ്രശേഖരന്‍ വധം: ജാമ്യാപേക്ഷകള്‍ തള്ളി

കൊച്ചി: ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി മോഹനന്‍, കെ സി രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയെന്ന കാരണത്താല്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് പി ഭവദാസന്‍ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ വാടകഗുണ്ടകളെ ഉപയോഗിച്ച് ഉന്മൂലനംചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും ഇത് അപലപനീയമാണെന്നും കോടതി പറഞ്ഞു. നീതിപൂര്‍വകമായ വിചാരണ ആവശ്യമാണെന്നും സാക്ഷികള്‍ക്ക് ഭയംകൂടാതെ സത്യം കോടതിയില്‍ ബോധിപ്പിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും കോടതി വ്യക്തമാക്കി.

ന്യായാധിപരുടെ ഒഴിവു നികത്താന്‍ ഹര്‍ജി

കൊച്ചി: സംസ്ഥാനത്ത് കോടതികളില്‍ ന്യായാധിപരുടെ ഒഴിവ്നികത്താന്‍ നടപടി ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഇ കെ നാരായണനാണ് പൊതുതാല്‍പ്പര്യഹര്‍ജി നല്‍കിയത്. നിലവില്‍ ജില്ലാ ജഡ്ജിമാരുടെ 32 ഒഴിവും മുനിസിഫ് മജിസ്ട്രേട്ടുമാരുടെ 23 ഒഴിവും നികത്തിയിട്ടില്ല. രാജ്യത്ത് പുതുതായി ആരംഭിക്കുന്ന ഗ്രാമീണ കോടതികളിലും ന്യായാധിപരുടെ ഒഴിവുണ്ട്. ന്യായാധിപരെ നിയമിക്കാത്തതിനാല്‍ നിലവിലുള്ള കോടതികള്‍ക്ക് അധികച്ചുമതല നല്‍കിയത് കേസുകള്‍ തീര്‍പ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

deshabhimani

1 comment:

  1. കേട്ടുകേള്‍വി ഇല്ലാത്ത തരത്തില്‍ യാത്രാവേളയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡനങ്ങള്‍ പെരുകുന്ന സാഹചര്യം നിയമപരമായ കടുത്ത ജാഗ്രതയാണ് ആവശ്യപ്പെടുന്നത്. നിയമപരമായി ഇത്തരം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ത്തന്നെ സാമൂഹ്യമായ ഇടപെടലുകളും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഭര്‍ത്താവിന് ബലിയിട്ട് ബസില്‍ മടങ്ങിയ യുവതിക്ക് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനില്‍നിന്നാണ് കടുത്ത ലൈംഗികപീഡനം അനുഭവിക്കേണ്ടിവന്നതെങ്കില്‍ ട്രെയിനില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് സിആര്‍പിഎഫ് ജവാനാണ്. തൊഴില്‍സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ ഒരു ശതമാനംപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ബസുകളിലും ട്രെയിനുകളിലും എന്തിന് വിമാനയാത്രകളില്‍പ്പോലും സ്ത്രീകള്‍ പീഡനത്തിനിരയാകുന്നു.

    ReplyDelete