Thursday, September 20, 2012

കുഴഞ്ഞുമറിഞ്ഞ് കേന്ദ്രഭരണം


യുപിഎ സര്‍ക്കാരും സഖ്യം വിടുന്നതായി പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ കേന്ദ്രത്തിലെ ഭരണപ്രതിസന്ധി രൂക്ഷമായി. സാമ്പത്തിക പരിഷ്കരണ നടപടിയില്‍നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗത്തിനുശേഷം ധനമന്ത്രി പി ചിദംബരം ആവര്‍ത്തിച്ചു. ആറ് മന്ത്രിമാരും വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കുമെന്ന് മമത ബാനര്‍ജിയും വ്യക്തമാക്കി.

മമത അധ്യക്ഷത വഹിച്ച പശ്ചിമബംഗാള്‍ മന്ത്രിസഭാ യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ വിട്ടുനിന്നത് ഇരുകക്ഷികളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായി എന്നതിന്റെ സൂചനയാണ്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയോഗം വ്യാഴാഴ്ച വീണ്ടും ചേരുന്നുണ്ട്. ബിഎസ്പിയും എസ്പിയും പിന്തുണ തുടരുന്നതിനാല്‍ സര്‍ക്കാരിന് ഭീഷണിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇടക്കാല തെരഞ്ഞെടുപ്പില്‍ താല്‍പ്പര്യമില്ലെന്ന ബിഎസ്പിയുടെ പ്രസ്താവനയാണ് കോണ്‍ഗ്രസിന് ബലം നല്‍കിയത്. 19 അംഗ തൃണമൂല്‍ കോണ്‍ഗ്രസ് പോയാലും 21 അംഗ ബിഎസ്പിയുടെ പിന്തുണയുണ്ടെങ്കില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തുടരാം. 22 അംഗ സമാജ്വാദി പാര്‍ടിയുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. എന്നാല്‍, തന്റെ രാഷ്ട്രീയതന്ത്രം എന്തെന്ന് വെളിപ്പെടുത്താന്‍ മുലായം തയ്യാറായില്ല. അതിനിടെ ബിഹാറിന് പ്രത്യേക പദവി നല്‍കുന്ന കക്ഷിക്ക് കേന്ദ്രത്തില്‍ പിന്തുണ നല്‍കുമെന്ന് 22 ലോക്സഭാംഗങ്ങളുള്ള ഐക്യജനതാദള്‍ നേതാവ് നിതീഷ്കുമാര്‍ പറഞ്ഞത് കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്നു. വ്യാഴാഴ്ച നടക്കുന്ന ഇടതുപക്ഷ ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ ഞെട്ടിച്ച ഡിഎംകെ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് വ്യക്തമാക്കി. പാചകവാതക സിലിണ്ടര്‍ മൂന്നെണ്ണംകൂടി നല്‍കണമെന്ന് സ്വന്തം സര്‍ക്കാരുകളോട് നിര്‍ദേശിച്ച് മറ്റ് ഘടകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമവും കോണ്‍ഗ്രസ് ആരംഭിച്ചു. സര്‍ക്കാരിന് ഒരു പ്രതിസന്ധിയുമില്ലെന്നും ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗസംഖ്യ യുപിഎക്കുണ്ടെന്നും മന്ത്രിതല യോഗത്തിന് ശേഷം വാര്‍ത്താ പ്രക്ഷേപണ മന്ത്രി അംബികാ സോണി പറഞ്ഞു. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ജനവിരുദ്ധ പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്.

സോണിയ ഗാന്ധിയും എ കെ ആന്റണിയും അഹമ്മദ് പട്ടേലും പി ചിദംബരവും പങ്കെടുത്ത യോഗത്തിനുശേഷം ചിദംബരമാണ് പരിഷ്കരണ നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയത്. ഏറെ ശ്രദ്ധയോടെ സര്‍ക്കാര്‍ എടുത്ത തീരുമാനമാണിതെന്ന് ചിദംബരം പറഞ്ഞു. സര്‍ക്കാര്‍ നാല് ദിവസമായി മമതയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, മമതയുടെ നിസ്സഹകരണം കാരണം ഫലിച്ചില്ല. പ്രധാനമന്ത്രിക്ക് സംസാരിക്കാന്‍ താല്‍പ്പര്യം കാട്ടി സന്ദേശം അയച്ചെങ്കിലും മമതയില്‍നിന്ന് ഒരു പ്രതികരണവുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താനുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെന്ന് ചിദംബരം പറയുന്നത് കള്ളമാണെന്ന് മമത തുറന്നടിച്ചു. സര്‍ക്കാര്‍ പരിഷ്കരണ നടപടികള്‍ പ്രഖ്യാപിച്ച ഉടന്‍തന്നെ സോണിയയെ എതിര്‍പ്പ് അറിയിച്ചതാണെന്നും അതിനോട് പ്രതികരിക്കാന്‍പോലും യുപിഎ നേതൃത്വം തയ്യാറായില്ലെന്നും മമത കുറപ്പെടുത്തി.
(വി ബി പരമേശ്വരന്‍)

മമതയുടെ മന്ത്രിസഭായോഗം കോണ്‍. മന്ത്രിമാര്‍ ബഹിഷ്കരിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച മന്ത്രിസഭായോഗം ബഹിഷ്കരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ ബംഗാള്‍ മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ പാര്‍ടി നേതൃത്വത്തില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണ്. ജലസേചനമന്ത്രി മാനസ് ബുനിയയും മത്സ്യവകുപ്പ് കൈകാര്യംചെയ്യുന്ന അബുഹേനയുമാണ് ബുധനാഴ്ച വിളിച്ച യോഗത്തില്‍നിന്ന് വിട്ടുനിന്നത്.

deshabhimani 200912

1 comment:

  1. യുപിഎ സര്‍ക്കാരും സഖ്യം വിടുന്നതായി പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ കേന്ദ്രത്തിലെ ഭരണപ്രതിസന്ധി രൂക്ഷമായി. സാമ്പത്തിക പരിഷ്കരണ നടപടിയില്‍നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗത്തിനുശേഷം ധനമന്ത്രി പി ചിദംബരം ആവര്‍ത്തിച്ചു. ആറ് മന്ത്രിമാരും വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കുമെന്ന് മമത ബാനര്‍ജിയും വ്യക്തമാക്കി.

    ReplyDelete