Thursday, September 20, 2012

കര്‍ഷകര്‍ ആത്മഹത്യാമുനമ്പില്‍


സംസ്ഥാന സര്‍ക്കാരിന്റെ കൊപ്ര-തേങ്ങ സംഭരണം പൂര്‍ണമായും നിലച്ചതോടെ നാളികേരവില കുത്തനെ ഇടിഞ്ഞു. ഇതോടെ ലക്ഷക്കണക്കിനു കേരകര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. പച്ചത്തേങ്ങ വില കിലോയ്ക്ക് 11 രൂപയിലേക്ക് കൂപ്പുകുത്തിയതോടെ ശരാശരി വലുപ്പമുള്ള തേങ്ങയ്ക്ക് കര്‍ഷകന് ലഭിക്കുന്ന വില വെറും മൂന്നു രൂപയായി. ഇത് തേങ്ങയിടുന്നതിനുള്ള കൂലിക്കുപോലും തികയാതായതോടെ കൃഷിയിടങ്ങളിലും സര്‍ക്കാര്‍ ഫാമുകളിലും തേങ്ങ വീണടിഞ്ഞ് മുളപൊട്ടി നശിക്കുകയാണ്. ഇതോടെ, നാളികേര കൃഷിയെമാത്രം ആശ്രയിച്ച് കഴിയുന്നവര്‍ കടക്കെണിയിലായി. കൊപ്ര സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും കാട്ടുന്ന കടുത്ത അനാസ്ഥയും അവഗണനയുമാണ് തേങ്ങവിലയ്ക്ക് ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവുണ്ടാക്കിയത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിലയ്ക്കാണ് സംസ്ഥാനത്ത് കൊപ്രയും തേങ്ങയും സംഭരിക്കുക. ഇത് കര്‍ഷകര്‍ക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നതായിരുന്നു. ഈ വര്‍ഷം 5100 രൂപയാണ് സംഭരണവിലയായി പ്രഖ്യാപിച്ചത്. ആദ്യനാളുകളില്‍ പേരിന് സംഭരിച്ചെങ്കിലും ഇപ്പോള്‍ പൂര്‍ണമായും നിലച്ചു. കഴിഞ്ഞ വര്‍ഷം ഒരു കിലോ പച്ചത്തേങ്ങ വില 24 രൂപവരെ എത്തിയിരുന്നു. ഒരു തേങ്ങയ്ക്ക് എട്ടു രൂപവരെ ലഭിച്ചു. ഏതാനും വര്‍ഷമായി 20 രൂപയില്‍ താഴ്ന്നിട്ടുമില്ല. തേങ്ങ വില ശരാശരി അഞ്ചുരൂപയായി താണപ്പോള്‍ത്തന്നെ കര്‍ഷകര്‍ക്ക് 500 കോടിയുടെ നഷ്ടം ഉണ്ടായതായാണ് കൃഷിവകുപ്പ് സര്‍ക്കാരിനു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. ഇത് മൂന്നു രൂപയായതോടെ കര്‍ഷകരുടെ നഷ്ടത്തിന്റെ കണക്ക് പിന്നെയും ഉയര്‍ന്നു. കേരകര്‍ഷകര്‍ എക്കാലത്തെയും വലിയ വിലത്തകര്‍ച്ച അഭിമുഖീകരിക്കുമ്പോഴും വകുപ്പുമന്ത്രി ഉള്‍പ്പെടെ ഉറക്കത്തിലാണ്.

പൊതിച്ച തേങ്ങയ്ക്ക് കര്‍ഷകന് മൂന്നു രൂപ ലഭിക്കുമ്പോള്‍ പൊതിക്കാന്‍ 70 പൈസ നല്‍കേണ്ടി വരുന്നു. വലിയ തെങ്ങില്‍ കയറാന്‍ 30 രൂപയും ചെറുതിന് 25 രൂപയുമാണ് കൂലി. എല്ലാം കഴിയുമ്പോള്‍ കര്‍ഷകന് തേങ്ങയിട്ടാല്‍ കടംമാത്രം മിച്ചം. ഇതോടെ,കര്‍ഷകര്‍ തേങ്ങയിടുന്നത് നിര്‍ത്തുകയായിരുന്നു. കൊപ്ര, വെളിച്ചെണ്ണ വിലയും കുത്തനെ ഇടിഞ്ഞു. 10,450 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില ക്വിന്റലിന് 6200 രൂപയായി. ചൊവ്വാഴ്ച കൊപ്രവില 4100 രൂപയിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം 6400 രൂപവരെയായിരുന്നു ഇതേ സമയത്ത് ലഭിച്ച വില. കേരഫെഡിനും മാര്‍ക്കറ്റ് ഫെഡിനുമാണ് സംഭരണ ചുമതല. ആഗസ്തുവരെ ആകെ സംഭരിച്ചത് 10,000 ടണ്ണില്‍ താഴെ. 280 സഹകരണ സംഘങ്ങള്‍ക്ക് സംഭരണ അനുമതി നല്‍കിയെങ്കിലും സംഭരിച്ചവയ്ക്ക് വില നല്‍കി ഏറ്റെടുക്കാത്തതുമൂലം സഹകരണ സംഘങ്ങളുടെ സംഭരണം നിലച്ചു. ഈ പ്രശ്നത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഫാമുകളിലെല്ലാം ലക്ഷക്കണക്കിനു തേങ്ങ നശിക്കുകയാണ്. പല ഫാമിലും ലേലംകൊള്ളാന്‍ വ്യാപാരികള്‍ എത്തുന്നില്ല. കണ്ണൂര്‍ ആറളം ഫാമില്‍മാത്രം അഞ്ച് ലക്ഷത്തോളം തേങ്ങ നശിക്കുന്നു. കേരകര്‍ഷകരെ സഹായിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന താല്‍പ്പര്യം കേരളത്തിലെ സര്‍ക്കാരിനില്ലാത്തത് യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നു. കേന്ദ്ര സബ്സിഡിക്കു പുറമെ ക്വിന്റലിന് 700 രൂപ അധികം നല്‍കിയാണ് കര്‍ണാടകത്തില്‍ കൊപ്ര സംഭരിക്കുന്നത്. കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് ഇത് 1000 രൂപയാക്കുമെന്നും കര്‍ണാടകം പ്രഖ്യാപിച്ചിട്ടുണ്ട്.
(എം വി പ്രദീപ്)

പാം കെര്‍നല്‍ ഓയില്‍ ഇറക്കുമതിയും തിരിച്ചടി

തൃശൂര്‍: വെളിച്ചെണ്ണ കയറ്റുമതി നിരോധിച്ചതും പാം കെര്‍നല്‍ ഓയില്‍ യഥേഷ്ടം ഇറക്കുമതി ചെയ്യുന്നതും തേങ്ങ വിലയിടിവിന് കാരണമെന്ന് റിപ്പോര്‍ട്ട്. എണ്ണപ്പനയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാംകെര്‍നല്‍ ഓയില്‍ വെളിച്ചെണ്ണയ്ക്കു ബദലായി ഉപയോഗിക്കാമെന്നതാണ് വിപണിയില്‍ ഇതിന്റെ ആവശ്യം വര്‍ധിപ്പിക്കുന്നത്. പാംഓയിലിനേക്കാള്‍ വെളിച്ചെണ്ണയുമായി സാമ്യം കെര്‍നല്‍ ഓയിലിനാണെന്നതും ഇതിന്റെ ആവശ്യം വര്‍ധിപ്പിക്കുന്നു. ഈ എണ്ണ വെളിച്ചെണ്ണയില്‍ വ്യാപകമായി കലര്‍ത്തുന്നതായും ആക്ഷേപമുണ്ട്. വെളിച്ചെണ്ണയെക്കാള്‍ വില കുറവായതിനാല്‍ വ്യാപാരികള്‍ക്ക് വന്‍ലാഭവും ലഭിക്കുന്നു. നിലവില്‍ വെളിച്ചെണ്ണയ്ക്ക് കിലോഗ്രാമിന് 65 രൂപയുള്ളപ്പോള്‍ പാം കെര്‍നല്‍ ഓയിലിന് 56.50 രൂപയാണ് വില. സോപ്പുനിര്‍മാണ കമ്പനികളും വെളിച്ചെണ്ണയ്ക്കു പകരം കെര്‍നല്‍ വന്‍ തോതില്‍ ഉപയോഗിക്കുന്നു. കേരളത്തില്‍ വില്‍പ്പനയുള്ള പല കമ്പനികളുടെയും വെളിച്ചെണ്ണയില്‍ പാം കെര്‍നല്‍ കലര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കണമെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു.

വെളിച്ചെണ്ണവിപണിയെ ആശ്രയിച്ചാണ് സംസ്ഥാനത്തെ നാളികേരവിപണിയും നിലനില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം കളഞ്ഞതോടെയാണ് മലേഷ്യയില്‍നിന്നും പാംകെര്‍നല്‍ ഓയില്‍ യഥേഷ്ടം എത്തുന്നത്. ഇതു കേരകര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായെന്ന് കാര്‍ഷിക സര്‍വകലാശാലാ റിസര്‍ച്ച് ഡയറക്ടര്‍ (ഫാം) ഡോ. വി കെ രാജു പറഞ്ഞു. കയറ്റുമതി നിരോധിച്ചതുമൂലം വെളിച്ചെണ്ണ കയറ്റുമതിയും നടക്കുന്നില്ല. പാം കെര്‍നല്‍ ഓയിലിന്ന് വെളിച്ചെണ്ണയെക്കാള്‍ ഗുണം കുറവാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
(ടി വി വിനോദ്)

deshabhimani 200912

1 comment:

  1. സംസ്ഥാന സര്‍ക്കാരിന്റെ കൊപ്ര-തേങ്ങ സംഭരണം പൂര്‍ണമായും നിലച്ചതോടെ നാളികേരവില കുത്തനെ ഇടിഞ്ഞു. ഇതോടെ ലക്ഷക്കണക്കിനു കേരകര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. പച്ചത്തേങ്ങ വില കിലോയ്ക്ക് 11 രൂപയിലേക്ക് കൂപ്പുകുത്തിയതോടെ ശരാശരി വലുപ്പമുള്ള തേങ്ങയ്ക്ക് കര്‍ഷകന് ലഭിക്കുന്ന വില വെറും മൂന്നു രൂപയായി. ഇത് തേങ്ങയിടുന്നതിനുള്ള കൂലിക്കുപോലും തികയാതായതോടെ കൃഷിയിടങ്ങളിലും സര്‍ക്കാര്‍ ഫാമുകളിലും തേങ്ങ വീണടിഞ്ഞ് മുളപൊട്ടി നശിക്കുകയാണ്.

    ReplyDelete