Tuesday, September 4, 2012

വന്‍ റാലിയോടെ എസ്എഫ്ഐ സമ്മേളനത്തിന് ഇന്നു തുടക്കം


ചരിത്രനഗരമായ മധുരയില്‍ ചൊവ്വാഴ്ച വന്‍ വിദ്യാര്‍ഥിറാലിയോടെ എസ്എഫ്ഐ 14-ാം അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമാകും. വൈഗ നദിയോരത്തെ തയിര്‍ മാര്‍ക്കറ്റ് മൈതാനത്തിലേക്ക് പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ശുഭ്രപതാകയുമായി പ്രവഹിക്കുമ്പോള്‍ അത് തമിഴകത്ത് എസ്എഫ്ഐ നേടിയ കരുത്തിന്റെ വിളംബരമാകും. തമിഴ്നാടിന്റെ തനത് സാംസ്കാരിക രൂപങ്ങള്‍ റാലിയില്‍ അണിനിരക്കും.

വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിനിടെ എതിരാളികള്‍ വധിച്ച അഭിജിത് മഹാതോ, തിലക് തുടു, സ്വപന്‍ കോലി, പാര്‍ഥ ബിശ്വാസ്, എ ബി ബിജേഷ്, അനീഷ് രാജന്‍ എന്നിവരുടെ നാമത്തിലുള്ള പൊതുസമ്മേളനഗരിയില്‍ നടക്കുന്ന റാലി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. സമ്മേളനഗറില്‍ ഉയര്‍ത്താനുള്ള പതാകയും രക്തസാക്ഷി കുടീരത്തില്‍ ജ്വലിപ്പിക്കാനുള്ള ദീപശിഖകളും വഹിച്ചുള്ള ജാഥകള്‍ തിങ്കളാഴ്ച നഗരത്തിലെ വെസ്റ്റ് മാസി സ്ട്രീറ്റില്‍ സംഗമിച്ചു. വിദ്യാര്‍ഥികളും ബഹുജനങ്ങളുമടക്കം ആയിരങ്ങള്‍ സംബന്ധിച്ചു. കൂത്തുപറമ്പിലെ തൊക്കിലങ്ങടിയില്‍ രക്തസാക്ഷി കെ വി സുധീഷിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വി ശിവദാസന്റെ നേതൃത്വത്തിലാണ് പതാക എത്തിച്ചത്. സോമസുന്ദരം, ചെമ്പുലിംഗം എന്നീ രക്തസാക്ഷികളുടെ നാടായ തിരുപ്പുറംകുണ്ഡ്രം, രക്തസാക്ഷി കുമാറിന്റെ നാടായ തിരുനെല്‍വേലിയിലെ വിക്രമസിംഗപുരം, 2004ല്‍ 94 കുട്ടികള്‍ വെന്തുമരിച്ച സ്കൂള്‍ സ്ഥിതി ചെയ്യുന്ന കുംഭകോണം എന്നിവിടങ്ങളില്‍ നിന്നാണ് ദീപശിഖകള്‍ കൊണ്ടുവന്നത്. മധുര സോമസുന്ദരം ചെമ്പുലിംഗം നഗറിലെ (ചേംബര്‍ ഓഫ് കൊമേഴ്സ് ഹാള്‍) സി ഭാസ്കരന്‍, സുഭാഷ് ചക്രവര്‍ത്തി വേദിയില്‍ അഞ്ചിനും ആറിനും ഏഴിനുമാണ് പ്രതിനിധിസമ്മേളനം. അഞ്ചിനു രാവിലെ പ്രസിഡന്റ് പി കെ ബിജു എംപി പതാക ഉയര്‍ത്തും. സാമ്പത്തിക വിദഗ്ധന്‍ സി പി ചന്ദ്രശേഖര്‍ ഉദ്ഘാടനംചെയ്യും. 40 ലക്ഷം അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 750 പേര്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് പി കെ ബിജു എംപിയും ജനറല്‍ സെക്രട്ടറി റിത്തബ്രത ബാനര്‍ജിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തിനെതിരെയും ജനാധിപത്യവല്‍ക്കരണത്തിനുവേണ്ടിയും എസ്എഫ്ഐ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളാകും സമ്മേളനത്തില്‍ പ്രധാനമായും നടക്കുക. ആറിനു നടക്കുന്ന പ്രത്യേക സെഷനില്‍ സ്ഥാപകനേതാക്കളടക്കമുള്ള മുന്‍ ഭാരവാഹികള്‍ പങ്കെടുക്കും. ബിമന്‍ ബസു, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എം എ ബേബി, നേപ്പാള്‍ ദേവ് ഭട്ടാചാര്യ, നിലോല്‍പല്‍ ബസു, എ വിജയരാഘവന്‍, സുജന്‍ ചക്രവര്‍ത്തി എന്നിവരുള്‍പ്പെടെയുള്ളവര്‍ ഈ സെഷനില്‍ സംബന്ധിക്കും.
(എന്‍ എസ് സജിത്)

deshabhimani 030912

1 comment:

  1. ചരിത്രനഗരമായ മധുരയില്‍ ചൊവ്വാഴ്ച വന്‍ വിദ്യാര്‍ഥിറാലിയോടെ എസ്എഫ്ഐ 14-ാം അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമാകും. വൈഗ നദിയോരത്തെ തയിര്‍ മാര്‍ക്കറ്റ് മൈതാനത്തിലേക്ക് പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ശുഭ്രപതാകയുമായി പ്രവഹിക്കുമ്പോള്‍ അത് തമിഴകത്ത് എസ്എഫ്ഐ നേടിയ കരുത്തിന്റെ വിളംബരമാകും. തമിഴ്നാടിന്റെ തനത് സാംസ്കാരിക രൂപങ്ങള്‍ റാലിയില്‍ അണിനിരക്കും.

    ReplyDelete