Friday, September 7, 2012
സുധാകരന്റെ വിവാദപ്രസംഗം: കേസ് വിധി പറയാന്‍ മാറ്റി
ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ക്കണ്ടതായി പ്രസംഗിച്ച കെ സുധാകരന്‍ എം പിക്കെതിരെയുള്ള കേസ് തുടരുന്നത് സംബന്ധിച്ച് വിധി തിങ്കളാഴ്ച. വെള്ളിയാഴ്ച കേസ് പരിഗണിച്ച ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്(മൂന്ന്) എ ഇജാസാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
കെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഹൈക്കാടതി വിധി റദ്ദാക്കിക്കാന്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് താന്‍ നേരിട്ട് കണ്ടുവെന്ന സുധാകരന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസുണ്ടായത്. കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപിള്ളക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു പ്രസംഗം. കേസ് ഈ കോടതിയില്‍ തുടരാന്‍ പാടില്ലെന്ന സുധാകരന്റെ ഹര്‍ജിയിലും രേഖകള്‍ ഹാജരാക്കാന്‍ സിബിഐയോട് ആവശ്യപ്പെടണമെന്ന പൊലീസിന്റെ ഹര്‍ജിയിലും തിങ്കളാഴ്ച വിധിയുണ്ടാകും. മജിസ്ട്രേട്ടിനെ വ്യക്തിപരമായി ആക്ഷേപിച്ച സുധാകരനെതിരെ കോടതിയലക്ഷ്യത്തിനു നടപടി ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര നാഗരാജ് ഹര്‍ജിയും അന്ന് തീര്‍പ്പാക്കും. ബാര്‍ ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന മറ്റൊരു ഹറജിയും വിധി പറയാനുണ്ട്. പള്ളിക്കല്‍ എസ് കെ പ്രമോദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിന്റെ അന്വേഷണച്ചുമതല ആദ്യം മ്യൂസിയം പൊലീസിനായിരുന്നു. പിന്നീട് തിരുവനന്തപുരം െ്രകെം ഡിറ്റാച്ച്മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ ഇ ബൈജുവിന് കൈമാറി. അതിനിടെ കൊട്ടാരക്കരയില്‍ നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ മ്യൂസിയം പൊലീസിനും കേസ് പരിഗണിക്കാന്‍ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്കും അധികാരമില്ലെന്ന വാദവുമായി സുധാകരന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് വിജിലന്‍സ് എഴുതി തള്ളിയതാണെന്നും കേസില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
അന്വേഷണ പുരോഗതിയെക്കുറിച്ച് കോടതിയെ അറിയിക്കണമെന്ന നിര്‍ദേശം തുടര്‍ച്ചയായി അവഗണിച്ചപ്പോള്‍ അന്വേഷണോദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.സപ്തംബര്‍ മുന്നിന് ഹാജരായ ഉദ്യോഗസ്ഥന്‍അന്വേഷണവുമായി സിബിഐ സഹകരിക്കുന്നില്ലെന്നും രേഖകള്‍ ഹാജരാക്കാന്‍ സിബിഐയോടു കോടതി നിര്‍ദേശിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്(മൂന്ന്) എ ഇജാസ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണത്തെ സുധാകരന്‍ ഭയപ്പെടുന്നത് എന്തിനെന്നും കോടതി ചോദിച്ചു. ഇതിനെതിരെ മജിസ്ട്രേട്ടിനെ വ്യക്തിപരമായി ആക്ഷേപിച്ച് സുധാകരന്‍ രംഗത്തിറങ്ങി. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യത്തിനു നടപടി ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര നാഗരാജ് ഹര്‍ജി സമര്‍പ്പിച്ചത്.
deshabhimani news
Labels:
കണ്ണൂര്‍
Subscribe to:
Post Comments (Atom)
ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ക്കണ്ടതായി പ്രസംഗിച്ച കെ സുധാകരന്‍ എം പിക്കെതിരെയുള്ള കേസ് തുടരുന്നത് സംബന്ധിച്ച് വിധി തിങ്കളാഴ്ച. വെള്ളിയാഴ്ച കേസ് പരിഗണിച്ച ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്(മൂന്ന്) എ ഇജാസാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
ReplyDelete