Monday, September 3, 2012
കോണ്‍ഗ്രസ് ഓഫീസ് ഉടമസ്ഥാവകാശം: മൂവാറ്റുപുഴയില്‍ ചേരിതിരിഞ്ഞ് പോര്
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മന്ദിരത്തിനുവേണ്ടി മൂവാറ്റുപുഴയില്‍ നേതാക്കള്‍ ചേരിതിരിഞ്ഞു. ബ്ലോക്ക് കമ്മിറ്റി ഓഫീസ് മന്ദിരം ട്രസ്റ്റുണ്ടാക്കി ചിലര്‍ കൈവശപ്പെടുത്തിയെന്ന് കെപിസിസി അംഗം എ മുഹമ്മദ് ബഷീര്‍ ആരോപിച്ചു. എന്നാല്‍, കെ കരുണാകരന്‍ സപ്തതി സ്മാരക ട്രസ്റ്റിന്റേതാണ് മന്ദിരമെന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ എം പരീത് പറയുന്നത്. ഇരുവരും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പൊതുജനങ്ങളില്‍നിന്ന് പാര്‍ടി പിരിച്ചെടുത്ത തുകകൊണ്ട് വാങ്ങിയ സ്ഥലവും പിന്നീട് നിര്‍മിച്ച കെട്ടിടവും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ചെയര്‍മാനായ ട്രസ്റ്റ് അംഗങ്ങള്‍ കൈവശംവച്ച് കച്ചവടം നടത്തുകയാണെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാര്‍ടി വാര്‍ഡ്തലത്തില്‍ പിരിച്ചുനല്‍കിയ തുക ഉപയോഗിച്ച് 1993ല്‍ വാങ്ങിയ സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിലെ മുറികള്‍ ട്രസ്റ്റിന്റെ പേരില്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കുവേണ്ടി അന്നത്തെ പ്രസിഡന്റ് കെ പി ചെറിയാന്റെ പേരില്‍ വാങ്ങിയ സ്ഥലം പിന്നീട് ട്രസ്റ്റിന്റെ പേരിലാക്കി മാറ്റിയെന്നുമാണ് ആരോപണം. കെ കരുണാകരന്‍ സപ്തതി സ്മാരകമന്ദിരം കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി എന്ന പേരിലാണ് അന്നു പുറത്തിറക്കിയ രസീത്. പിന്നീട് സപ്തതി സ്മാരക ട്രസ്റ്റാക്കിയത് കോണ്‍ഗ്രസ് നേതാക്കളായ 12 പേരാണ്. കെട്ടിടത്തിലെ മുറികള്‍ വില്‍ക്കുകയും ബ്ലോക്ക് കമ്മിറ്റി ഓഫീസിനുവേണ്ടി അനുവദിച്ച മുറികള്‍ വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതിനെയും എതിര്‍ത്താണ് കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ മുറികള്‍ കൈയേറി ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പാര്‍ടിയുടെ സ്വത്ത് ചില വ്യക്തികള്‍ ട്രസ്റ്റിന്റെ പേരില്‍ സ്വന്തമാക്കുന്നതാണ് പ്രവര്‍ത്തകരെ രോഷാകുലരാക്കിയത്. ഇതിനെതിരെ കെപിസിസി പ്രസിഡന്റ്, എഐസിസി പ്രസിഡന്റ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാനായ ബ്ലോക്ക് പ്രസിഡന്റ് തല്‍സ്ഥാനത്തുനിന്ന് മാറിയാല്‍ കോണ്‍ഗ്രസിന് ഓഫീസ് മന്ദിരം ഇല്ലാതാകുന്ന സ്ഥിതിയാണ്. പാര്‍ടിയുടെ എംഎല്‍എക്കും മുറി നല്‍കാന്‍ ബ്ലോക്ക് പ്രസിഡന്റ് തയ്യാറായില്ലെന്നും ട്രസ്റ്റും പാര്‍ടിയും തമ്മില്‍ ചേരിതിരിഞ്ഞാണ് പോകുന്നതെന്നും എ ഗ്രൂപ്പ് നേതാവായ ബഷീര്‍ പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി കെ എം സലിം, ഡിസിസി അംഗം പി പി എല്‍ദോസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാബു പി വാഴയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കെ കരുണാകരന്റെ സപ്തതി സ്മാരകം നിര്‍മിക്കുന്നതിനെ എതിര്‍ത്തവരാണ് കോണ്‍ഗ്രസ് ഓഫീസിനായി അവകാശമുന്നയിക്കുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റും കെ കരുണാകരന്‍ സപ്തതി സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ കെ എം പരീത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥലം വാങ്ങി കെട്ടിടം നിര്‍മിക്കുന്നതിനെ പാരവച്ചവര്‍ ഫണ്ട് പിരിച്ച് പോക്കറ്റിലിട്ടു. കെട്ടിടത്തിന്റെ ഒരുഭാഗവും വിറ്റിട്ടില്ല. മുറികള്‍ വിറ്റുവെന്നത് കള്ളപ്രചാരണമാണ്. ഇപ്പോള്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസിനുവേണ്ടി അവകാശവാദമുന്നയിക്കുന്നവര്‍ ട്രസ്റ്റിലില്ല. ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് മന്ദിരത്തിന്റെ പ്രവര്‍ത്തനം നടത്തുന്നതെന്നും കെ എം പരീത് പറഞ്ഞു. എ-ഐ ഗ്രൂപ്പുകളിലുള്ളവര്‍ ഒന്നിച്ച് തീരുമാനിച്ചാണ് സ്മാരകമന്ദിരം നിര്‍മിച്ചത്. ഇതിനായി കരുണാകരനെ അനുകൂലിക്കുന്നവരാണ് ആദ്യം രംഗത്തുവന്നത്. ഇരുവിഭാഗങ്ങളുടെയും അവകാശവാദം മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിനുള്ളിലെ കലാപം അണികളിലും എത്തിയിട്ടുണ്ട്. കെ എം പരീതിന്റെ വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് അംഗങ്ങളായ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.
deshabhimani 030912
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മന്ദിരത്തിനുവേണ്ടി മൂവാറ്റുപുഴയില്‍ നേതാക്കള്‍ ചേരിതിരിഞ്ഞു. ബ്ലോക്ക് കമ്മിറ്റി ഓഫീസ് മന്ദിരം ട്രസ്റ്റുണ്ടാക്കി ചിലര്‍ കൈവശപ്പെടുത്തിയെന്ന് കെപിസിസി അംഗം എ മുഹമ്മദ് ബഷീര്‍ ആരോപിച്ചു. എന്നാല്‍, കെ കരുണാകരന്‍ സപ്തതി സ്മാരക ട്രസ്റ്റിന്റേതാണ് മന്ദിരമെന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ എം പരീത് പറയുന്നത്. ഇരുവരും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ReplyDelete