Monday, September 3, 2012

സര്‍ക്കാര്‍ ഓണാഘോഷത്തില്‍; നഗരം ചീഞ്ഞുനാറുന്നു


ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ സര്‍ക്കാര്‍ അനാസ്ഥയില്‍ തലസ്ഥാന നഗരി മാലിന്യക്കൂമ്പാരമായി മാറി. പൊതുനിരത്തുകളിലും ഇടറോഡുകളിലും കൂടിക്കിടക്കുന്ന മാലിന്യത്തില്‍നിന്നും ദുര്‍ഗന്ധവും വമിച്ചുതുടങ്ങി. മഴകൂടിയായതോടെ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയും ഏറെയാണ്. ഓണത്തോടനുബന്ധിച്ച് ഹോട്ടലുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, വീടുകള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ പൊതുനിരത്തിലേക്ക് വലിച്ചെറിയുകയാണ്. ചെറുതും വലുതുമായ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും ആക്കിയാണ് മാലിന്യം റോഡില്‍ തള്ളുന്നത്. ഇതിനു പുറമെ ചെറുതോടുകളിലും ആറ്റിലും പുഴയിലേക്കും മാലിന്യം നിക്ഷേപിക്കുന്നു. പച്ചക്കറി സ്റ്റാളുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞു കിടക്കുന്നു. അട്ടക്കുളങ്ങര ബൈപാസ് റോഡില്‍ കൂട്ടിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യാത്തത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് നഗരസഭയ്ക്ക്. വിളപ്പില്‍ശാലയിലുള്ള മാലിന്യസംസ്കരണ ഫാക്ടറി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ് കാരണം. എട്ടുമാസമായി മാലിന്യസംസ്കരണ ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. ബദല്‍ ഏര്‍പ്പെടുത്തുന്ന സര്‍ക്കാരിന്റെ അടിക്കടിയുള്ള വാഗ്ദാനം ഇതുവരെയും പാലിച്ചിട്ടില്ല. നഗരം മാലിന്യത്തില്‍ ചീഞ്ഞുനാറുമ്പോഴും സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മന്ത്രി മന്ദിരങ്ങളില്‍നിന്നുള്ള മാലിന്യംപോലും വന്‍ തോതില്‍ റോഡുകളിലേക്ക് നിക്ഷേപിക്കുന്നു. മഴ പെയ്തതോടെ മാലിന്യം കത്തിക്കാനും സാധിക്കുന്നില്ല. ഇതുകാരണം കുമിഞ്ഞുകൂടിയ മാലിന്യം റോഡില്‍ പരന്നുകിടക്കുന്നു. കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയും നഗരത്തിലുണ്ട്.

deshabhimani 030912

1 comment:

  1. ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ സര്‍ക്കാര്‍ അനാസ്ഥയില്‍ തലസ്ഥാന നഗരി മാലിന്യക്കൂമ്പാരമായി മാറി. പൊതുനിരത്തുകളിലും ഇടറോഡുകളിലും കൂടിക്കിടക്കുന്ന മാലിന്യത്തില്‍നിന്നും ദുര്‍ഗന്ധവും വമിച്ചുതുടങ്ങി. മഴകൂടിയായതോടെ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയും ഏറെയാണ്. ഓണത്തോടനുബന്ധിച്ച് ഹോട്ടലുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, വീടുകള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ പൊതുനിരത്തിലേക്ക് വലിച്ചെറിയുകയാണ്. ചെറുതും വലുതുമായ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും ആക്കിയാണ് മാലിന്യം റോഡില്‍ തള്ളുന്നത്. ഇതിനു പുറമെ ചെറുതോടുകളിലും ആറ്റിലും പുഴയിലേക്കും മാലിന്യം നിക്ഷേപിക്കുന്നു. പച്ചക്കറി സ്റ്റാളുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞു കിടക്കുന്നു. അട്ടക്കുളങ്ങര ബൈപാസ് റോഡില്‍ കൂട്ടിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യാത്തത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

    ReplyDelete