Thursday, September 20, 2012

എമര്‍ജിങ് പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ കേരളം കൃഷിയില്ലാ നാടാകും


എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ കേരളം നെല്‍കൃഷിയോട് വിടപറയേണ്ടി വരും. ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്താനാണ് സര്‍ക്കാര്‍നീക്കം. ഇതിനായി നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം ഭേദഗതിചെയ്യാനുള്ള ഒരുക്കത്തിലുമാണ്. നിലവില്‍ പ്രതിവര്‍ഷം സംസ്ഥാനത്തിനാവശ്യമായ അരി 42 ലക്ഷം ടണ്ണാണ്. ഉല്‍പ്പാദനമാകട്ടെ ആറുലക്ഷം ടണ്ണും. നാലു പതിറ്റാണ്ടുകൊണ്ട് സംസ്ഥാനത്ത് ഇല്ലാതായത് 75 ശതമാനം നെല്‍വയലാണ്. ശേഷിക്കുന്നത് കേവലം 2.4 ലക്ഷം ഹെക്ടറും. ഇതും ഇല്ലാതാക്കുന്ന പദ്ധതികളാണ് സര്‍ക്കാരിന്റേത്. കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയ ലക്ഷ്യമിട്ടതുപോലെ കേരളം നെല്‍കൃഷിരഹിത സംസ്ഥാനമാകും.
കെഎസ്ഐഡിസിയുടെയും കിന്‍ഫ്രയുടെയും പദ്ധതികള്‍ക്കായി ഏറ്റെടുക്കേണ്ടിവരുന്നത് 34,000 ഏക്കറിലേറെയാണ്. ഇതില്‍ 40 ശതമാനമെങ്കിലും നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരും. ഇതിനുപുറമെ, ആയിരക്കണക്കിന് ഏക്കര്‍ ആവശ്യമുള്ള അതിവേഗ റെയില്‍പാതയ്ക്കായി പ്രാരംഭ പ്രവര്‍ത്തനവും ആരംഭിച്ചു. ഇതും നെല്‍വയലുകളെ ഇല്ലാതാക്കും. എറണാകുളത്ത് ലക്ഷ്യമിടുന്ന കെമിക്കല്‍ ആന്‍ഡ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രി സോണിനായി ഏറ്റെടുക്കേണ്ട 10,000ല്‍ 2000 ഏക്കറും നീര്‍ത്തട-നെല്‍വയല്‍ സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കൊച്ചി-കോയമ്പത്തൂര് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍ (നിംസ്) പദ്ധതിക്കുവേണ്ട 13,000ല്‍ 4200 ഏക്കറോളം ഇത്തരത്തിലുള്ളതാണ്. വിവിധ സ്ഥലങ്ങളിലായി ആരംഭിക്കുന്ന ചെറുതും വലുതുമായ പല പദ്ധതികളും നെല്‍വയലില്‍ കണ്ണുനട്ടുള്ളതാണ്.

പദ്ധതിപ്രകാരമുള്ള ലക്ഷക്കണക്കിന് ചതുരശ്ര അടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍, കരിങ്കല്ല് തുടങ്ങിയ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തുമെന്നതിലും അധികൃതര്‍ക്ക് വ്യക്തതയില്ല. പുഴയും മലയും അമിതമായി ചൂഷണംചെയ്യുന്ന സാഹചര്യത്തിലേക്കാകും ഇതു നയിക്കുക. പദ്ധതിയുടെ ഭാഗമായി കോണ്‍ക്രീറ്റ് കെട്ടിടങ്ങളും നിറയും. ഇത് കേരളത്തിന്റെ പ്രകൃതിഭംഗി ഇല്ലാതാക്കുകയും പരിസ്ഥിതി ദുരന്തത്തിന് കാരണമാകുകയും ചെയ്യും. സംസ്ഥാനത്തിന്റെ ടൂറിസം ഭാവിയും ഇരുളടയും. എമര്‍ജിങ് കേരളയിലൂടെ സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ലെന്നും ഉള്ളത് ഇല്ലാതാകുമെന്നും മുന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. നിക്ഷേപകരെ മാത്രം സഹായിക്കുന്ന പദ്ധതികളെ യോജിച്ച് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
(ഷഫീഖ് അമരാവതി)

deshabhimani 200912

1 comment:

  1. എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ കേരളം നെല്‍കൃഷിയോട് വിടപറയേണ്ടി വരും. ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്താനാണ് സര്‍ക്കാര്‍നീക്കം. ഇതിനായി നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം ഭേദഗതിചെയ്യാനുള്ള ഒരുക്കത്തിലുമാണ്. നിലവില്‍ പ്രതിവര്‍ഷം സംസ്ഥാനത്തിനാവശ്യമായ അരി 42 ലക്ഷം ടണ്ണാണ്. ഉല്‍പ്പാദനമാകട്ടെ ആറുലക്ഷം ടണ്ണും. നാലു പതിറ്റാണ്ടുകൊണ്ട് സംസ്ഥാനത്ത് ഇല്ലാതായത് 75 ശതമാനം നെല്‍വയലാണ്. ശേഷിക്കുന്നത് കേവലം 2.4 ലക്ഷം ഹെക്ടറും. ഇതും ഇല്ലാതാക്കുന്ന പദ്ധതികളാണ് സര്‍ക്കാരിന്റേത്. കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയ ലക്ഷ്യമിട്ടതുപോലെ കേരളം നെല്‍കൃഷിരഹിത സംസ്ഥാനമാകും.

    ReplyDelete