Friday, January 11, 2013

കരകുളത്ത് ക്രൂരമര്‍ദനം 12 പേരെ അറസ്റ്റുചെയ്തു

കരകുളം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരസഹായസമിതി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസിന്റെ ക്രൂരമര്‍ദനം. നെടുമങ്ങാട് ഡിവൈഎസ്പിയുടെയും സിഐയുടെയും നേതൃത്വത്തില്‍ നടത്തിയ ഭീകര ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പൊലീസ് ബൂട്ടിട്ട് ചവിട്ടിയതിനെത്തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രീതയെയും മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തക വത്സലയെയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത വനിതകളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
രാവിലെ പത്തരയോടെ കരകുളം പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് സംഭവം. പഞ്ചായത്ത് ഓഫീസിന് സമീപം നില്‍ക്കുകയായിരുന്ന സമരസഹായസമിതി പ്രവര്‍ത്തകര്‍ക്കുനേരെ ഒരു പ്രകോപനവും കൂടാതെ നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ് ഇക്ബാലിന്റെയും സിഐ സുരേഷ്കുമാറിന്റെയും നേതൃത്വത്തിലെത്തിയ ആറോളം പൊലീസുകാരാണ് ആക്രമിച്ചത്. കരകുളം പഞ്ചായത്ത് അംഗം കെ ശ്രീകണ്ഠന്‍, സിപിഐ എം വട്ടപ്പാറ ലോക്കല്‍കമ്മിറ്റി അഗം സി ജി സുനില്‍കുമാര്‍, രാമചന്ദ്രന്‍നായര്‍ എന്നിവരെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചശേഷം ജീപ്പിലേക്ക് വലിച്ചിഴച്ചാണ് കയറ്റിയത്. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രീതയെ നെടുമങ്ങാട് സിഐ അടിവയറ്റില്‍ ചവിട്ടിവീഴ്ത്തിയത്. സ്ഥലത്തുണ്ടായിരുന്ന സമരസഹായസമിതി പ്രവര്‍ത്തകരെ ക്രൂരമായി തല്ലി. മര്‍ദനമേറ്റ് അവശരായ പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ്ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ സി സുധര്‍മ, കരകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അജിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശശികലാദേവി, കരകുളം പഞ്ചായത്ത് അംഗങ്ങളായ കെ ശ്രീകണ്ഠന്‍, എസ് രമാദേവി, മുന്‍ പഞ്ചായത്ത് അംഗം ജി രമ, വത്സല, സരള, സി ജി സുനില്‍കുമാര്‍, രാമചന്ദ്രന്‍നായര്‍, ഓമന വിജയന്‍ തുടങ്ങി 12 പേരെയാണ് ഇവിടെനിന്ന് പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് പൊലീസ് വലിയമല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ പ്രീതയെയും വത്സലയെയും ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇവരെ പിന്നീട് നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റിയത്.

പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പൊലീസ് അതിക്രമം നടക്കുന്ന സമയത്തുതന്നെ മുളമുക്ക് ചേനാംകോട് യുപി സ്കൂളിന് സമീപം നിന്ന അഞ്ച് സിപിഐ എം പ്രവര്‍ത്തകരെയും നെടുമങ്ങാട് പൊലീസ് ഒരു കാരണവും കൂടാതെ അറസ്റ്റുചെയ്തു. അബ്ദുല്‍ മജീദ്, മുഹമ്മദ് ഷിജി, സെല്‍വരാജ്, അനില്‍കുമാര്‍, സജീവന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെയും വലിയമല സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റിലായവര്‍ക്കെതിരെ പൊലീസിനെ ആക്രമിച്ചെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് കള്ളക്കേസെടുത്തു. രാത്രി എട്ടോടെ അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു.

കാട്ടാക്കടയിലും പൊലീസ് തേര്‍വാഴ്ച

കാട്ടാക്കട: കാട്ടാക്കടയില്‍ പൊലീസ് തേര്‍വാഴ്ച. സിപിഐ എം, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും സ്ത്രീകളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം കാട്ടാക്കട എംപ്ലോയ്മെന്റ് ഓഫീസിനുമുന്നില്‍ എത്തിയപ്പോള്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ഉള്‍പ്പെടെ ഒപ്പിട്ട അഞ്ചുപേരും ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ ഓഫീസിനുമുന്നില്‍ കുത്തിയിരുന്നു. ഒപ്പിട്ട് മുങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസ് ഓഫീസ് പൂട്ടി സീല്‍ ചെയ്യണമെന്നുമായിരുന്നു സമരക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനിടെ ഒരു പ്രകോപനവുമില്ലാതെ സമരക്കാരെ മര്‍ദിച്ചു. കാട്ടാക്കട സിഐ സി ശ്രീകുമാര്‍ ഒരു പ്രകോപനവുമില്ലാതെ സമരസമിതി കണ്‍വീനറും സിപിഐ എം കാട്ടാക്കട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എസ് വിജയകുമാറിനെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചു. ഇത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സിഐ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് കൊണ്ടുപോയി. നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ് ഇക്ബാല്‍, ഇടതുമുന്നണി നേതാക്കളായ അഡ്വ. ഐ ബി സതീഷ്, അഡ്വ. ജി സ്റ്റീഫന്‍, എന്‍ ഭാസുരാംഗന്‍, പള്ളിച്ചല്‍ വിജയന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. വിജയകുമാറിനെ ജാമ്യത്തില്‍ വിട്ടു.

ഇതേസമയം, സിഐയും അരുവിക്കര എസ്ഐ ഹണിയും സ്റ്റേഷനുപുറത്തുവന്ന് അവിടെ കൂടിനിന്ന പ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തി. ലാത്തിച്ചാര്‍ജ് നടത്തി സ്റ്റേഷനുമുന്നില്‍ നിന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അടിച്ചോടിച്ച പൊലീസ് മണിക്കൂറുകളോളം ഭീകരാവസ്ഥ സൃഷ്ടിച്ചു. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ളില്‍ കയറിയും വഴിയാത്രക്കാരെയും മര്‍ദിച്ചു. വിജയകുമാറിനെയും പൊലീസ് മര്‍ദിച്ചു. സ്റ്റേഷനുമുന്നില്‍ പാര്‍ക്കുചെയ്തിരുന്ന ബൈക്കുകള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ട്യൂട്ടോറിയല്‍ അധ്യാപകര്‍ക്കും പൊലീസ് മര്‍ദനം

കഴക്കൂട്ടം: സമരാനുകൂലികള്‍ എന്ന് മുദ്രകുത്തി പാരലല്‍ കോളേജ് അധ്യാപകരെ പൊലീസ് മര്‍ദിച്ചു. പോത്തന്‍കോട്ടെ പാരലല്‍ കോളേജ് അധ്യാപകരായ ഷാലു, അനീഷ്, ശ്രീലാല്‍ എന്നിവരെയാണ് പോത്തന്‍കോട് എസ്ഐയും സംഘവും കുട്ടികളുടെ മുന്നിലിട്ട് മര്‍ദിച്ചത്. മര്‍ദനമേറ്റ ഷാലുവിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കോണ്‍ഗ്രസ് അനുകൂല അധ്യാപകര്‍ പാരലല്‍ കോളേജ് അധ്യാപകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ പരാക്രമം. സംഭവമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. ജനപ്രതിനിധികള്‍ സംസാരിച്ചിട്ടും അധ്യാപകരെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായില്ല. ഒടുവില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ എത്തി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരെ ജാമ്യത്തില്‍ വിട്ടത്.

ആറ്റിങ്ങലില്‍ മര്‍ദനം, സസ്പെന്‍ഷന്‍

ആറ്റിങ്ങല്‍: സമരം തകര്‍ക്കാന്‍ പൊലീസിന്റെ മര്‍ദനമുറ. കടയ്ക്കാവൂരില്‍ ഡിവൈഎഫ്ഐ നേതാവിന്റെ മൂക്ക് അടിച്ചുതകര്‍ത്തു. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങലില്‍ പത്ത് ഡിവൈഎഫ്ഐക്കാര്‍ അറസ്റ്റില്‍. സിവില്‍ സ്റ്റേഷനില്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ പണിമുടക്കില്‍ പങ്കെടുത്തു. 12 പ്രധാനാധ്യാപകരെ സസ്പെന്‍ഡുചെയ്തു. ഡിവൈഎഫ്ഐ കടയ്ക്കാവൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോയിന്റ് സെക്രട്ടറി വിഷ്ണുവിന്റെ (23) മൂക്കാണ് കടയ്ക്കാവൂര്‍ എസ്ഐ അടിച്ചുതകര്‍ത്തത്. വിഷ്ണുനോടൊപ്പമുണ്ടായിരുന്ന പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ദര്‍ശന്‍രാജ് (22), എസ്എഫ്ഐ പ്രവര്‍ത്തകനായ ധനേഷ് (20) എന്നിവരെയും കടയ്ക്കാവൂര്‍ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദിച്ചു. ബോധരഹിതനായ വിഷ്ണുവിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്തെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാതെ പൊലീസ് തിരികെ സ്റ്റേഷനിലെത്തിച്ചു. ഇത് സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷത്തിന് കാരണമായി.

തുടര്‍ന്ന് എംഎല്‍എമാരായ കോലിയക്കോട് കൃഷ്ണന്‍നായര്‍, വി ശശി, സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ രാമു ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലെത്തി. തുടര്‍ന്ന് വൈകിട്ട് മൂന്നുപേരെയും വിട്ടയച്ചു. വിഷ്ണുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിയും ദര്‍ശന്‍രാജിനെയും ധനേഷിനെയും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറ്റിങ്ങലില്‍ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ ഏരിയ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റുചെയ്തു. പത്തുപേരെ വൈകിട്ടാണ് വിട്ടയച്ചത്. ഡിവൈഎഫ്ഐ ഏരിയ പ്രസിഡന്റ് എം നവാസ്, സെക്രട്ടറി ആര്‍ എസ് അനൂപ് ഉള്‍പ്പെടെയുള്ള പത്തുപേരെയാണ് മണിക്കൂറുകളോളം കസ്റ്റഡിയില്‍ വച്ചത്.

വനിതാ ജീവനക്കാര്‍ക്കുനേരെ കൈയേറ്റം

തിരു: കെഎസ്ആര്‍ടിസി വികാസ്ഭവന്‍ ഡിപ്പോയിലെ വനിതാ ജീവനക്കാരെ അസഭ്യംപറഞ്ഞ് കൈയേറ്റംചെയ്യാന്‍ ശ്രമിച്ച ഐഎന്‍ടിയുസിക്കാരെ സംരക്ഷിക്കാന്‍ നീക്കം. ചൊവ്വാഴ്ചയിലെ പണിമുടക്കുമായി ബന്ധപ്പെട്ട് രണ്ട് വനിതാ ജീവനക്കാര്‍ വീട്ടില്‍ പോകാന്‍ തയ്യാറെടുക്കെയാണ് ഐഎന്‍ടിയുസി യൂണിറ്റ് സെക്രട്ടറി എം അജിത്കുമാര്‍, പ്രസിഡന്റ് ഡി ചന്ദ്രബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവരെ അസഭ്യം പറഞ്ഞ് കൈയേറ്റംചെയ്യാന്‍ ശ്രമിച്ചത്. ജീവനക്കാര്‍ മ്യൂസിയം പൊലീസ് സിഐക്കും കെഎസ്ആര്‍ടിസി സിഎംഡിക്കും പരാതി നല്‍കിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍മൂലം വനിതാ ജീവനക്കാര്‍ക്ക് നീതി ലഭിച്ചില്ല. ഈ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നിയമ-ശിക്ഷണ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പണിമുടക്കുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) വികാസ്ഭവന്‍ യൂണിറ്റ് വ്യക്തമാക്കി.

സ്കൂള്‍ പൂട്ടിപ്പോയി എന്ന പ്രചാരണം ശരിയല്ല

തിരു: അധ്യാപകരുടെയും ജീവനക്കാരുടെയും സമരം തുടങ്ങിയ ദിവസം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂട്ടി പ്രിന്‍സിപ്പല്‍ സ്ഥലംവിട്ടു എന്ന പ്രചാരണം ശരിയല്ലെന്ന് അദ്ദേഹം അറിയിച്ചു. താന്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ നിയമമനുസരിച്ച് സീനിയര്‍ അധ്യാപകന് ചാര്‍ജ് കൈമാറേണ്ടതുണ്ട്. സമരദിവസം രാവിലെവരെ കാത്തിരുന്നിട്ടും സ്കൂളിലെ സീനിയറായ അധ്യാപകര്‍ ചാര്‍ജ് ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയുടെ താക്കോല്‍ രാവിലെ തന്നെ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറി. സ്കൂളിന്റെ പ്രധാന ഗേറ്റ് പൂട്ടിയിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്കൂളിന്റെ ചാര്‍ജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകരുടെ യോഗം സമരം തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് കൂടിയിരുന്നു. ഈ യോഗത്തിലും ചാര്‍ജ് ഏറ്റെടുക്കാന്‍ ആരും മുമ്പോട്ടുവന്നില്ല. അത് മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും പ്രിന്‍സിപ്പല്‍ എന്‍ രത്നകുമാര്‍ അറിയിച്ചു.

പ്രകടനം നടത്തിയ വിദ്യാര്‍ഥികളുടെ ചിത്രം സ്കൂള്‍ മാനേജര്‍ മൊബൈലില്‍ പകര്‍ത്തി

വെഞ്ഞാറമൂട്: തേമ്പാംമൂട് ജനത എച്ച്എസ്എസില്‍ പ്രകടനം നടത്തിയ വിദ്യാര്‍ഥികളുടെ ചിത്രം സ്കൂള്‍ മാനേജര്‍ മൊബൈലില്‍ പകര്‍ത്തിയത് സംഘര്‍ഷത്തിനിടയാക്കി. പങ്കാളിത്ത പെന്‍ഷനെതിരെ സ്കൂളിലെ അധ്യാപകര്‍ നടത്തിവന്ന പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ നേതൃത്വത്തില്‍ പ്രകടനം നടത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രമാണ് സ്കൂള്‍ മാനേജര്‍ സജീവ് പകര്‍ത്തിയത്. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷം ഒരുമണിക്കൂര്‍ നീണ്ടു. പ്രകടനത്തിനിടയിലേക്ക് വാഹനം വേഗത്തില്‍ ഓടിച്ചുകയറ്റി ബ്രേക്കിട്ടശേഷം ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും ഇയാള്‍ ശ്രമിച്ചു. സംഭവമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സ്കൂളില്‍ വന്നത് സ്ഥിതി വഷളാക്കി. സ്കൂളിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മുമ്പും സമരം നടത്തിയിട്ടുണ്ട്. മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ അഞ്ച് ബാത്ത്റൂം മാത്രമാണുള്ളത്. അധ്യാപകരുടെ ബാത്ത്റൂമില്‍ മാത്രമാണ് വെള്ളമുള്ളത്. ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ രണ്ട് കെട്ടിടമുണ്ട്. സ്കൂളിലേക്ക് പോകുന്ന വഴി അപകടം പിടിച്ച അവസ്ഥയിലാണ്. ഇതിനെതിരെ ഒരുമാസം മുമ്പ് എസ്എഫ്ഐ സമരം നടത്തിയിരുന്നു. മാനേജരുടെ നടപടിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പിന്മാറാന്‍ തയ്യാറാകാതെ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരം നടത്തി.

deshabhimani 110113

No comments:

Post a Comment