Monday, January 7, 2013

തെരഞ്ഞെടുപ്പ്ചെലവ്: മന്ത്രി ജയലക്ഷ്മിയുടേതും കള്ളക്കണക്ക്


കല്‍പ്പറ്റ: കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 10 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ തെരഞ്ഞെുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലം മന്ത്രി പി കെ ജയലക്ഷ്മിക്കും വിനയാകും. തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ചെലവ് സമര്‍പ്പിച്ചില്ലെന്ന പരാതിയില്‍ ജയലക്ഷ്മിക്കെതിരെ മാനന്തവാടി ജുഡീഷ്യല്‍ കോടതിയില്‍ ബത്തേരിയിലെ പൊതുപ്രവര്‍ത്തകന്‍ കെ പി ജീവന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജനപ്രാതിനിധ്യനിയമം ലംഘിച്ചെന്ന പരാതിയില്‍ മാനന്തവാടി കോടതിയിലെ നടപടികള്‍ ജനുവരി 14വരെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇതു മാറ്റാന്‍ കെ പി ജീവന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് എഐസിസി നല്‍കിയ തുകയും കണക്കില്‍നിന്ന് ഒഴിവാക്കിയതായി തെളിഞ്ഞത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടി മണ്ഡലത്തില്‍നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജയലക്ഷ്മി 3,91,584 രൂപ ചെലവഴിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമീഷന് കണക്ക് നല്‍കിയത്. മാത്രമല്ല, ഇതോടൊപ്പം നല്‍കിയ രേഖയില്‍ രാഷ്ട്രീയപാര്‍ടിയില്‍നിന്ന് തുക ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ 3,91,584 രൂപ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് എന്നും കണക്ക് സംബന്ധിച്ച സത്യവാങ്മൂലത്തിലുണ്ട്. എഐസിസി 10 ലക്ഷം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായതോടെ കണക്കില്‍ ജയലക്ഷ്മി കൃത്രിമം കാണിക്കുകയായിരുന്നുവെന്ന് വ്യക്തമായി. ജയലക്ഷ്മിയുടെ പേരില്‍ മാനന്തവാടി എസ്ബിഐ അക്കൗണ്ടില്‍ 10 ലക്ഷം രൂപ വന്നതായും നാല് ഘട്ടങ്ങളിലായി ഇത് പിന്‍വലിച്ചതായും തെളിഞ്ഞിട്ടുണ്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യതയും തെറ്റായാണ് ജയലക്ഷ്മി നല്‍കിയത്.

deshabhimani 070113

No comments:

Post a Comment