Sunday, January 6, 2013
കലോത്സവത്തിലെ ജിഎസ്ടിയു അക്രമം: 50 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ ജിഎസ്ടിയു നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരുള്‍പ്പെടെ 50 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കലോത്സവത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ കണ്ടെത്തിയ പുഴുവിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ ജിഎസ്ടിയുക്കാര്‍ മര്‍ദ്ദിച്ചത്. കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാക്കളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമാണ് ഉന്നത ഭരണനേതൃത്വം ഇടപെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്തത്. സ്റ്റീല്‍ ബക്കറ്റുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ തലയ്ക്കടിച്ച 10 ജിഎസ്ടിയുക്കാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. ഗുരുതരമായി പരിക്കേറ്റ ഏഷ്യനെറ്റ് ന്യൂസിലെ അനില്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കലോത്സവവേദിയായ കോട്ടണ്‍ഹില്‍ സ്കൂളില്‍ വാര്‍ത്ത ശേഖരിക്കാന്‍ വന്ന മാധ്യമസംഘത്തെ അക്രമിച്ചത്. ജിഎസ്ടിയു സംഘടനയ്ക്കായിരുന്നു കലോത്സവത്തിന്റെ ഭക്ഷണവിതരണത്തിന്റെ ചുമതല. ഭക്ഷണത്തില്‍ പുഴു കണ്ടെന്ന വിദ്യാര്‍ഥികളുടെ പരാതിയെതുടര്‍ന്നാണ് മാധ്യമസംഘം ചിത്രമെടുക്കാന്‍ ഊട്ടുപുരയില്‍ എത്തിയത്. ഇതിനെ ചെറുത്ത അധ്യാപകര്‍, സാമ്പാര്‍ വിളമ്പിയ സ്റ്റീല്‍ ബക്കറ്റ് ഉപയോഗിച്ച് നാലു മാധ്യമപ്രവര്‍ത്തകരുടെ തല അടിച്ചുപൊളിച്ചു. അനിലിനുപുറമേ കേരളകൗമുദി ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍, ദീപിക ഫോട്ടോഗ്രാഫര്‍ ഷിജുമോന്‍, ബിഗ്ന്യൂസ് ഫോട്ടോഗ്രാഫര്‍ സജിത് ഗോപാല്‍, തേജസ് ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവര്‍ക്കും അക്രമത്തില്‍ ഗുരുതര പരിക്കേറ്റു. അനിലിന്റെ തലയിലെ ആന്തരിക രക്തസ്രാവം ഇനിയും നിലച്ചിട്ടില്ല. ഇടയ്ക്കിടെ ഛര്‍ദിക്കുന്നുമുണ്ട്. ജിതേഷ് ദാമോദറിന്റെ 1.60 ലക്ഷം രൂപ വിലവരുന്ന ക്യാമറയും അധ്യാപകര്‍ നിലത്തെറിഞ്ഞ് ഉടച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ മൂന്നു ജിഎസ്ടിയുക്കാരെ ഉടന്‍ കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടലിനെതുടര്‍ന്ന് വിട്ടു. തുടര്‍ന്ന് അക്രമികളില്‍ ചിലര്‍ കള്ളക്കേസെടുക്കാനായി ആശുപത്രിയില്‍ കിടന്നു. ഇതിന്റെ പേരിലാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
സംഭവത്തെതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചപ്പോള്‍ സ്ഥലത്തെത്തിയ മന്ത്രിമാര്‍ നല്‍കിയ ഉറപ്പുപോലും പാലിക്കാതെയാണ് കേസെടുക്കല്‍. കുറ്റക്കാരെ അറസ്റ്റുചെയ്യുമെന്നും ക്യാമറയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രിമാരായ പി കെ അബ്ദുറബ്ബും വി എസ് ശിവകുമാറും ഉറപ്പ് നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ നോക്കി പ്രതികളെ അറസ്റ്റുചെയ്യുമെന്നും പറഞ്ഞു. എന്നാല്‍, കലോത്സവം കഴിഞ്ഞ ഉടനെ അധികൃതരുടെ നിറം മാറി. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പ്രസ്ക്ലബ് പ്രവര്‍ത്തകര്‍ക്കെതിരെപ്പോലും കേസെടുത്തു. ജിഎസ്ടിയു സംസ്ഥാന നേതൃത്വം ഇടപെട്ടതിനെതുടര്‍ന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം കേസെടുത്തത്. സംഭവദിവസം ആഭ്യന്തരമന്ത്രിയെയും മാധ്യമപ്രവര്‍ത്തകര്‍ വിവരം അറിയിച്ചിരുന്നു. കര്‍ശന നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും ഇപ്പോള്‍ മന്ത്രിതന്നെ ഇടപെട്ട് കള്ളക്കേസെടുപ്പിക്കുകയായിരുന്നു.
ഭക്ഷണത്തില്‍ പുഴു: ആരോഗ്യമന്ത്രി ഇടപെട്ട് കേസ് മുക്കി
തിരു: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കേസ് മുക്കി. ജിഎസ്ടിയു നേതൃതത്തിലുള്ള ഭക്ഷണ കമ്മിറ്റിയും ആഹാരം പാകംചെയ്ത് നല്‍കിയ കാറ്ററിങ്ങുകാരനുമാണ് സംഭവത്തിന് ഉത്തരവാദികളെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജില്ലാ കലോത്സവ സംഘാടകസമിതിക്കും കാറ്ററിങ് ഏജന്‍സിക്കും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നോട്ടീസ് നല്‍കിയതായും തുടര്‍നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ കമീഷണര്‍ ബിജുപ്രഭാകര്‍ അന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മുക്കുകയായിരുന്നു. താല്‍ക്കാലികമായി ഭക്ഷണം പാകംചെയ്ത് വിളമ്പുന്നതിനുപോലും ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍, ജിസ്ടിയുക്കാര്‍ കാറ്ററിങ് ഏല്‍പിച്ച ഏജന്‍സിക്ക് ലൈസന്‍സുണ്ടായിരുന്നില്ല. വന്‍തുക കമീഷന്‍ അടിക്കാനാണ് ഈ കാറ്ററിങ് ഏജന്‍സിയെ ഏല്‍പ്പിച്ചത്. പുഴു കണ്ടെത്തിയതോടെ സംഭവം വിവാദമാകുമെന്ന് ഭയന്നാണ് ശ്രദ്ധ തിരിച്ചുവിടാന്‍ അക്രമം അഴിച്ചുവിട്ടത്. പുഴുവരിച്ച പച്ചക്കറിയും അരിയും മറ്റുംകൊണ്ട് ആഹാരം പാകം ചെയ്തതുകൊണ്ടാകാം ഭക്ഷണത്തില്‍ ചത്തപുഴുവിനെ കണ്ടതെന്നായിരുന്നു പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥരുടെ പ്രാഥമിക നിഗമനം. സംഭവം നടന്ന ഉടനെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിെന്‍റ ടോള്‍ഫ്രീ നമ്പറില്‍ പരാതി നല്‍കിയിട്ടും സാമ്പിള്‍ ശേഖരിക്കാനോ പരിശോധിക്കാനോ എത്തിയിരുന്നില്ല. തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടതിനുശേഷം പരിശോധിക്കാനെത്തിയത് കുറ്റവാളികളെ രക്ഷിക്കാനായിരുന്നു.
deshabhimani 070113
Labels:
പോലീസ്,
മാധ്യമം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment