Monday, January 7, 2013

തൃണമൂലിന് താക്കീതായി നന്ദിഗ്രാമില്‍ വന്‍ പൊതുയോഗം


തൃണമൂല്‍ ഭരണത്തില്‍ ബംഗാളില്‍ കൃഷിയും വ്യവസായവും ഒരേപോലെ തകര്‍ച്ച നേരിടുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു. കിസാന്‍ സഭ കിഴക്കന്‍ മിഡ്നാപുര്‍ 36-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നന്ദിഗ്രാമിന്റെ പ്രവേശന കവാടമായ ചണ്ഡിപുരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിക്കാരുടെയും കൃഷിഭൂമിയുടെയും പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മമത അധികാരത്തിലെത്തിയത്. ഇതിനുശേഷമാണ് സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത്. കടക്കെണിയും ദാരിദ്ര്യവും മൂലം നിരവധി കര്‍ഷകരാണ് ഒന്നര വര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത്. നന്ദിഗ്രാമിനെ ഹാള്‍ദിയപോലെ വ്യവസായ മേഖലയാക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, ജനങ്ങള്‍ അത് അംഗീകരിച്ചില്ല. അതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചു. അവിടെ നടന്ന വെടിവയ്പ് ദുഃഖകരമായ സംഭവമായിരുന്നു. നന്ദിഗ്രാമിലെയും സിംഗൂരിലെയും കൃഷിക്കാരെയും സാധാരണക്കാരെയും തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലേറിയവര്‍ അവരെ കബളിപ്പിക്കുകയാണ്്. നന്ദിഗ്രാം ഉള്‍പ്പെടെ സംസ്ഥാനത്ത് ഒരിടത്തും ഒരു പരിവര്‍ത്തനവും (മാറ്റവും) ഉണ്ടായില്ല. എല്ലാം രംഗത്തും പിന്നോട്ടുള്ള മാറ്റമാണ് കാണാന്‍ കഴിയുന്നത്. നാലു വര്‍ഷത്തിനു ശേഷം ആദ്യമായാണ്് നന്ദിഗ്രാമിന് സമീപം ഇടതുപക്ഷ ആഭിമുഖ്യത്തില്‍ വന്‍ പൊതുയോഗം നടക്കുന്നത്്. പതിനായിരങ്ങളാണ് യോഗത്തില്‍ അണിനിരന്നത്. കിസാന്‍ സഭാ ജില്ലാ നേതാവ് കനു സഹയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്രയും സംസാരിച്ചു.

deshabhimani 070113

No comments:

Post a Comment