Monday, January 21, 2013

വീണ്ടും മാഫിയാ 'കണക്ഷന്‍'


റിയല്‍ എസ്റ്റേറ്റ്-ഫഌറ്റ് മാഫിയകള്‍ക്കുവേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ വിവാദത്തിരയിളക്കിയ രണ്ട് ഉത്തരവുകള്‍ക്ക് അനുരോധമായി ഭൂപരിഷ്‌ക്കരണ-ഭൂസംരക്ഷണ നിയമങ്ങള്‍ ലംഘിച്ചും സര്‍ക്കാര്‍ ഭൂമി കയ്യേറിയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും വൈദ്യുതി ബോര്‍ഡ് കണക്ഷന്‍ നല്‍കും.

അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും നിയമസാധുത ചുളുവില്‍ ഒപ്പിച്ചെടുക്കുന്നതിനുവേണ്ടിയാണ് ബോര്‍ഡിന്റെ ഈ വൈദ്യുതിദാനമെന്ന ആരോപണവുമുണ്ട്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവും ഭൂവിനിയോഗനിയമവും അട്ടിമറിച്ച് മാഫിയകളുടെ അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള ഇക്കഴിഞ്ഞ ജൂണ്‍ 18-ലെ ഉത്തരവ് ജനയുഗമാണ് പുറത്തുകൊണ്ടുവന്നത്. കെട്ടിടനിര്‍മ്മാണ ചട്ടങ്ങളും ഭൂസംരക്ഷണ-ഭൂവിനിയോഗ ചട്ടങ്ങളും ലംഘിച്ചും നിര്‍മ്മാണങ്ങള്‍ നടത്തുന്നവര്‍ക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഉത്തരവ് വിവാദക്കൊടുങ്കാറ്റിളക്കിയപ്പോള്‍ സര്‍ക്കാര്‍ മാഫിയാനുകൂല മൗനമാണ് പാലിച്ചത്.

പിന്നീട് ഓഗസ്റ്റില്‍ മന്ത്രിസഭയുടെ അജന്‍ഡയില്‍ പോലുമില്ലാതെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനുള്ള തീരുമാനവും ഉണ്ടായി. ഇപ്രകാരം അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതോടെ സംസ്ഥാനത്തുടനീളം നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തി ഫഌറ്റ്-റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ തേരോട്ടം തുടങ്ങുകയായിരുന്നു.
വയലേലകള്‍ സ്വന്തമാക്കിയശേഷം ഒരു മൂലയില്‍ ആയിരം ചതുരശ്ര അടയിലൊതുങ്ങുന്ന വീടുകള്‍ നിര്‍മ്മിച്ച് ഉടമസ്ഥാവകാശ-റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തിയശേഷം ശേഷിക്കുന്ന നികത്തിയ ഭൂമിയില്‍ ഫഌറ്റുകള്‍ നാടെമ്പാടും ഉയരുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 4-ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഭൂപരിഷ്‌ക്കരണവും ഭൂവിനിയോഗവും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണവും സംബന്ധിച്ച നിയമങ്ങളെല്ലാം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയകളും ഫഌറ്റ് നിര്‍മ്മാണ ഭീമന്മാരും നെല്‍വയലുകള്‍ വ്യാപകമായി നികത്താന്‍ സഹായകമായ ഉത്തരവുകളിറക്കി മാസങ്ങള്‍ കഴിഞ്ഞതോടെ നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ ഏകദേശം പൂര്‍ത്തിയായി.

ഇതോടെയാണ് ഫഌറ്റ്-റിസോര്‍ട്ട് മാഫിയകള്‍ക്കുവേണ്ടി കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ ഇനുവരി 3-ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതുവരെ മാഫിയകള്‍ക്കുവേണ്ടി ഘട്ടംഘട്ടമായി നിയമങ്ങള്‍ അട്ടിമറിച്ച സര്‍ക്കാര്‍ അവസാനഘട്ടമായി അനധികൃതമായി നിര്‍മ്മിച്ചവയും ഉടമസ്ഥാവകാശം ഇല്ലാത്തവയുമായ അംബരചുമ്പികളായ ഫഌറ്റ് സമുച്ചയങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള തീരുമാനവും കൈക്കൊണ്ടു. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളിലെ ഇളവ് എന്ന ഓമനപ്പേരിട്ട് വൈദ്യുതി ബോര്‍ഡ് പുറപ്പെടുവിച്ച ഈ ഉത്തരവനുസരിച്ച് ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പോലുമില്ലാതെ താമസിക്കുന്നവര്‍ക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ പോലും വൈദ്യുതി കണക്ഷന് അര്‍ഹരാണ്. ഡിസംബര്‍ ഒടുവിലാണ് ഈ ഉത്തരവിറക്കിയത്.

കെട്ടിടനിര്‍മ്മാണ അനുമതി സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, താമസ സര്‍ട്ടിഫിക്കറ്റ്, കുടിക്കട സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളെല്ലാം ഉണ്ടെങ്കിലേ വൈദ്യുതി കണക്ഷന്‍ നല്‍കാവൂ എന്ന വ്യവസ്ഥയാണ് വൈദ്യുതി ബോര്‍ഡ് കാറ്റില്‍പ്പറത്തിയിരിക്കുന്നത്. ഭൂനിയമങ്ങള്‍ ലംഘിച്ച് ഫഌറ്റുകളും വില്ലകളും റിസോര്‍ട്ടുകളും നിര്‍മ്മിച്ചവര്‍ക്കും സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കും ഇനി വൈദ്യുതി കണക്ഷന്‍ റെഡി.

ജല അതോറിറ്റിയില്‍ നിന്നും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കാനുള്ള ഉത്തരവും വൈകാതെ ഇറങ്ങും. അതോടെ ഏപ്രിലില്‍ സര്‍ക്കാര്‍ തുടങ്ങിവച്ച മാഫിയാ ക്ഷേമപദ്ധതികളുടെ വൃത്തം പൂര്‍ത്തിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
(കെ രംഗനാഥ്)

janayugom

No comments:

Post a Comment