Friday, January 11, 2013

ഭീകരത ചെറുത്ത് പണിമുടക്ക്


അതിശക്തമായി തുടരുന്ന പണിമുടക്ക് നേരിടാന്‍ സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ഭീകരാവസ്ഥ. പൊലീസും കെഎസ്യുക്കാരും കോണ്‍ഗ്രസുകാരും വ്യാപക അക്രമം അഴിച്ചുവിട്ടിട്ടും സമരം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. വനിതകളടക്കം നൂറുകണക്കിന് ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്തു. വനിതാജീവനക്കാരെയടക്കം ജയിലിലടച്ചു. നിരവധി അധ്യാപകരെ സസ്പെന്‍ഡു ചെയ്തു. വിവിധ സ്ഥലങ്ങളില്‍ സംഘടനകളുടെ ഓഫീസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. പെന്‍ഷന്‍പദ്ധതി ഇല്ലാതാക്കുന്ന തീരുമാനത്തിനെതിരെ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് മൂന്നു ദിവസം പിന്നിട്ടതോടെ കരിനിയമങ്ങളും മര്‍ദനമുറകളും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമം.

എന്നാല്‍, അടിച്ചമര്‍ത്തലുകള്‍ ചെറുത്ത് 75 ശതമാനത്തിലധികം ജീവനക്കാരും പണിമുടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം എല്ലാ മേഖലയും സ്തംഭിച്ചു. ചെക്ക് പോസ്റ്റുകളുടെയും നികുതി വകുപ്പിന്റെയും പ്രവര്‍ത്തനം താറുമാറായി. കൂടുതല്‍ സംഘടനകളും ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നു. ഭരണാനുകൂല സംഘടനകളിലെ പ്രവര്‍ത്തകരും പണിമുടക്കിലേക്ക് നീങ്ങുകയാണ്. തലസ്ഥാന ജില്ലയില്‍ അഞ്ച് വനിതാജീവനക്കാരടക്കം എട്ടു പേരെയാണ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. എന്‍ജിഒ യൂണിയന്‍ നേതാക്കളായ സി എന്‍ ഹേമലതാദേവി, എം അജിത, വി കെ ഷീജ, കുമാരി സതി, മനോജ്, ജോയിന്റ് കൗണ്‍സില്‍ നേതാക്കളായ ബീന അലക്സാണ്ടര്‍, രാധാകൃഷ്ണന്‍നായര്‍, എ ഹാഷിം എന്നിവരാണ് റിമാന്‍ഡിലായത്. അറസ്റ്റിലായ മറ്റ് 12 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കരകുളം പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ പ്രീതയടക്കമുള്ളവരെ സിഐ ഭീകരമായി മര്‍ദിച്ചു. ഇതിനെ ചോദ്യംചെയ്ത എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധര്‍മ, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവരടക്കംഏഴ് സ്ത്രീകളെ അറസ്റ്റുചെയ്തു.

വലിയതുറ സ്കൂളില്‍ അവധിയില്‍ പോയ ക്യാന്‍സര്‍ രോഗിയായ പ്രധാനഅധ്യാപികയെ സര്‍ക്കാര്‍ സസ്പെന്‍ഡുചെയ്തു. കാട്ടാക്കടയില്‍ പൊലീസ് ലാത്തിച്ചാര്‍ജില്‍ സ്ത്രീകളടക്കം 25 പേര്‍ക്ക് പരിക്കേറ്റു.

എറണാകുളത്ത് വാട്ടര്‍ അതോറിറ്റിയിലെ മെഡിക്കല്‍ ക്യാമ്പില്‍ കെഎസ്യുക്കാര്‍ അക്രമണം നടത്തി. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് സമ്പൂര്‍ണമായി സ്തംഭിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം സെക്രട്ടറിയറ്റിലെ 80 ശതമാനം ജീവനക്കാരും പണിമുടക്കിലാണ്. ഫയലുകളും മറ്റും നീങ്ങാത്തതിനാല്‍ മന്ത്രിമാരുടെ ഓഫീസുകളിലും കാര്യമായ പ്രവര്‍ത്തനം നടക്കുന്നില്ല. മിക്ക മന്ത്രിമാരും പേഴ്സണല്‍ സ്റ്റാഫും മന്ത്രിസഭാ യോഗം കഴിഞ്ഞയുടന്‍ വീടുകളിലേക്ക് മടങ്ങി. എല്ലാ വകുപ്പുകളുടെയും ഡയക്ടറേറ്റുകളടക്കം നിശ്ചലമാണ്. പണിമുടക്കിയ ജീവനക്കാര്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂരില്‍ 10ഉം പാലക്കാട്ട് ഒമ്പതും ഇടുക്കിയില്‍ 16 ഉം എറണാകുളത്ത് 14 ഉം ജീവനക്കാരെ അറസ്റ്റുചെയ്തു.

വിഹിതം നിക്ഷേപിക്കുന്നത് എവിടെയെന്നറിയില്ല: മുഖ്യമന്ത്രി

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിപ്രകാരം ജീവനക്കാരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതം ഏത് ധനസ്ഥാപനത്തിലാണ് നിക്ഷേപിക്കുകയെന്ന് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതൊക്കെ പിഎഫ്ആര്‍ഡിഎ ആണ് നിശ്ചയിക്കുക. ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥാപനത്തില്‍ പണം നിക്ഷേപിക്കാം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കാത്ത സ്ഥാപനത്തില്‍ പെന്‍ഷന്‍ വിഹിതം നിക്ഷേപിച്ചാല്‍ മിനിമം തുകയെങ്കിലും തിരികെ കിട്ടുമെന്ന് ഉറപ്പുനല്‍കാന്‍ സര്‍ക്കാരിനാകില്ല. അങ്ങനെ നിക്ഷേപിക്കുന്നതുമൂലം ഉണ്ടാകുന്ന അപായസാധ്യത ജീവനക്കാര്‍ സ്വയം ഏറ്റെടുക്കണം. പണം തിരിച്ചുകിട്ടണമെങ്കില്‍ സര്‍ക്കാര്‍ പറയുന്നിടത്ത് ഇടണം. എത്ര രൂപ മിനിമം പെന്‍ഷന്‍ കിട്ടുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമരസമിതിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി പണിമുടക്ക് കര്‍ശനമായി നേരിടുമെന്ന് ഭീഷണി മുഴക്കി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അവധി എടുത്തിട്ടുണ്ടെങ്കില്‍ ഇനി തിരിച്ചുവരേണ്ടിവരില്ല. സമരക്കാര്‍ നിയമത്തിനു മുമ്പില്‍ സമാധാനം പറയേണ്ടിവരും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ഹിതപരിശോധന വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. രാജ്യത്തെ 90 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പദ്ധതി അംഗീകരിച്ചതായി അവകാശപ്പെട്ട മുഖ്യമന്ത്രി ഹിതപരിശോധനയുടെ ആവശ്യമില്ലെന്ന് പറഞ്ഞു.

പെന്‍ഷന്‍ വിഹിതം ഏതു സ്ഥാപനത്തിലാണ് നിക്ഷേപിക്കുന്നതെന്നുപോലും വ്യക്തമാകാതെ തിടുക്കത്തില്‍ പദ്ധതി അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ പിഎഫ്ആര്‍ഡിഎ ആണ് തീരുമാനിക്കുകയെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. അതേസമയം, നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കിട്ടുമെന്ന് ഉറപ്പുള്ളതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. പെന്‍ഷന്‍ വാങ്ങുന്നവരും ജീവനക്കാരും തമ്മില്‍ 12,000 പേരുടെ വ്യത്യാസമാണുള്ളത്. 2001ലേക്കാള്‍ 2012ല്‍ പെന്‍ഷന്‍ ബാധ്യത നാലര ഇരട്ടി വര്‍ധിച്ചു. 2040ല്‍ എട്ടുലക്ഷം കോടി രൂപ സംസ്ഥാനത്തിന് പെന്‍ഷന്‍ ബാധ്യത വരും. ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. രണ്ടുവട്ടം ചര്‍ച്ച നടത്തി. സര്‍ക്കാരിന് ഇനിയൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

അര്‍ബുദം ബാധിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

അര്‍ബുദബാധിതയായ സ്കൂള്‍ പ്രഥമാധ്യാപികയ്ക്ക് നേരെ സര്‍ക്കാരിന്റെ കൊടുംക്രൂരത. മാസങ്ങളായി ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന വലിയതുറ ഗവ: എല്‍പി സ്കൂള്‍ പ്രഥമാധ്യാപിക ലീലാമ്മയെ സസ്പെന്‍ഡ് ചെയ്താണ് സര്‍ക്കാര്‍ ക്രൂരത കാട്ടിയത്. പ്രത്യേകമായി അനുവദിച്ച കാഷ്വല്‍ ലീവില്‍ കഴിയുന്ന ലീലാമ്മയെ പണിമുടക്കില്‍ പങ്കെടുത്തു എന്നാരോപിച്ചാണ് സസ്പെന്‍ഡ് ചെയ്തത്.

റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍നിന്ന്് പതിവ് റേഡിയേഷന്‍ കഴിഞ്ഞ് വ്യാഴാഴ്ച വീട്ടിലെത്തിയപ്പോഴാണ് സസ്പെന്‍ഷന്‍ വിവരം അറിയുന്നത്. 2011 മുതല്‍ അര്‍ബുദബാധിതയായ ലീലാമ്മ ശസ്ത്രക്രിയയും കീമോതെറാപ്പിയും കഴിഞ്ഞ് തുടര്‍ചികിത്സയിലായിരുന്നു. ആഴ്ചയില്‍ അഞ്ചു ദിവസവും ആര്‍സിസിയില്‍ എത്തി ചികിത്സ നടത്തണം. ജനുവരി നാലുമുതല്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവിലാണ്. ചുമതല കൈമാറുകയും ചെയ്തിരുന്നു. എഇഒയുടെയും ഡിഇഒയുടെയും അനേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ എന്നാണ് അധികൃതര്‍ അറിയിച്ചത്.

ഇന്നുമുതല്‍ എസ്എഫ്ഐ പഠിപ്പുമുടക്ക്

കോഴിക്കോട്: അധ്യാപകരും ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്എഫ്ഐ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളും സ്കൂളുകളുമടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പ് മുടക്കും. അധ്യാപകരുടെയും ജീവനക്കാരുടെയും ന്യായമായ പണിമുടക്ക് ഭാവികേരളത്തിന് വേണ്ടിയാണ്. കെഎസ്യുക്കാരെ തെരുവിലിറക്കി, ജീവനക്കാരെ ആക്രമിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നടപടി തീക്കളിയാണ്. ഇത് തുടര്‍ന്നാല്‍ ശക്തമായി പ്രതിരോധിക്കും. വേണ്ടിവന്നാല്‍ തിരിച്ചടിക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളുടെ പഠന ഫീസുകള്‍ കുത്തനെ കൂട്ടിയത് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നും ടി പി ബിനീഷ് പറഞ്ഞു.

സ്കൂള്‍ കലോല്‍സവം മാറ്റിവെക്കില്ല: അബ്ദുറബ്ബ്

തിരു: സമരം ചെയ്യുന്ന അധ്യാപക സംഘടനകള്‍ സഹകരിച്ചില്ലെങ്കിലും സ്കൂള്‍ കലോല്‍സവം മാറ്റിവെക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. സമരം ചെയ്യുന്ന സംഘടനാ പ്രതിനിധികളുമായി വ്യാഴാഴ്ച വൈകീട്ട് ചര്‍ച്ച നടത്തുമെന്നും ചര്‍ച്ച പരാജയപ്പെട്ടാലും കലോല്‍സവം നേരത്തെ നിശ്ചയിച്ച തീയതികളില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ എന്‍ജിനിയറിങ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 22 മുതല്‍ 25 വരെയാണ് പ്രവേശന പരീക്ഷ. എംബിബിഎസ്-ബിഡിഎസ് പ്രവേശന പരീക്ഷ അഖിലേന്ത്യാ തലത്തില്‍ മാത്രമാണ് നടക്കുക.

deshabhimani 110113

No comments:

Post a Comment