Wednesday, January 23, 2013

ഒഴിഞ്ഞു അരങ്ങ്


തൃശൂര്‍: അഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം സമാപിച്ചു. ചൊവ്വാഴ്ച രാത്രി ഫ്രാന്‍സിലെ ഫുട്സ്ബാന്‍ തിയറ്റര്‍ അവതരിപ്പിച്ച ഇന്ത്യന്‍ ടെംപസ്റ്റ് നാടകത്തോടെയാണ് അരങ്ങൊഴിഞ്ഞത്. കിഴക്കന്‍ യൂറോപ്യന്‍ നാടകങ്ങളില്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച നാടകോത്സവത്തിന്റെ അന്തര്‍ദേശീയ, ദേശീയ പനോരമയില്‍ 13 വീതം മലയാളം പനോരമയില്‍ 6 നാടകങ്ങളാണ് അവതരിപ്പിച്ചത്.

സമാപന ദിവസം തൃശൂര്‍ ജനഭേരിയുടെ യമദൂത്- ആഫ്റ്റര്‍ ദ ഡെത്ത് ഓഫ് ഒഥല്ലോ, ഗിസ്ബോണി പ്ലയേഴ്സിന്റെ ദ കൊളോണിയല്‍, ദ കണ്‍വിക്റ്റ് ആന്‍ഡ് ദ കൊക്കാറ്റൂ, തിരുവനന്തപുരം ട്രിവിയുടെ മത്സ്യഗന്ധി, ഫുട്സ്ബാന്‍ ഫ്രാന്‍സിന്റെ ഇന്ത്യന്‍ ടെംപസ്റ്റ് എന്നിവ അരങ്ങേറി. കേരളത്തിന്റെ മണവും രുചിയും ചേര്‍ത്ത് ഫുട്സ്ബാന്‍ അവതരിപ്പിച്ച ഇന്ത്യന്‍ ടെംപസ്റ്റ് ആഘോഷംപോലെ ജനങ്ങളെ ആഹ്ലാദിപ്പിച്ചു.

കേരളം നേരിടുന്ന അതിഭീകരമായ ദുരന്തത്തെയാണ് സജിത മഠത്തില്‍ സംവിധാനം ചെയ്ത് ഷൈലജ പി അമ്പു അവതരിപ്പിച്ച മത്സ്യഗന്ധി വരച്ചു കാണിച്ചത്. കടലിനെ കാര്‍ന്നുതിന്നുന്ന പടുകൂറ്റന്‍ ട്രോളറുകളുടെ കഥ സമീപദിവസങ്ങളിലും കേരളം കേട്ടതാണ്. ഇതില്‍ കേന്ദ്രീകരിച്ചാണ് നാടകം. കുടിയേറ്റ രാജ്യത്തിന്റെ ചരിത്രത്തെ പുറത്തുനിന്നു നോക്കിക്കാണുന്ന പ്രവാസിയുടെ ചിന്തകളാണ് ദ കൊളോണിയല്‍, ദ കണ്‍വിക്റ്റ് ആന്‍ഡ് ദ കൊക്കാറ്റൂ. അനധികൃത കൈയേറ്റങ്ങള്‍ നിലനില്‍പ്പു ഭീഷണി നേരിടുന്ന ആദിവാസികള്‍, അവരുടെ ഭൂവുടമാവകാശം എല്ലാം നാടകം ചര്‍ച്ചാവിഷയമാക്കുന്നു. ഷേക്സ്പിയറിന്റെ ഒഥല്ലോയിലെ മൂന്നു കഥാപാത്രങ്ങള്‍ ഇവരുടെ അവസാന നിമിഷങ്ങള്‍ നിരീക്ഷിക്കുന്ന മൂന്ന് പക്ഷികള്‍ ഒഥല്ലോ, ഡെസ്ഡിമോന, ഇയാഗോ എന്നിവരുടെ മരണാനന്തര പെരുമാറ്റങ്ങള്‍ എന്നിവയാണ് നാടകം നിരീക്ഷിക്കുന്നത്. സംഭാഷണത്തിനപ്പുറം കളരിയും ഇന്ത്യന്‍ അഭിനയരീതികളും ചേര്‍ത്തുള്ള ദൃശ്യാവിഷ്കാരം നാടകത്തെ മികച്ചതാക്കി.

സമാപന സമ്മേളനത്തില്‍ ഒവ്ലിയാകുലി, സ്കോഡാക് എന്നിവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി പി വി കൃഷ്ണന്‍നായര്‍ നന്ദി പറഞ്ഞു. അതിനിടെ നാടകോത്സവത്തിനു മുന്നോടിയായി പൊലീസിന്റെ അനുമതിയില്ലാതെ തെരുവില്‍ നാടകം അവതരിപ്പിച്ചതിന് കെ വി ഗണേഷ്, സി എ ഹസീന, വര്‍ഗീസ് തൊടുപറമ്പില്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.
(കെ ഗിരീഷ്)

deshabhimani 230113

No comments:

Post a Comment