Wednesday, January 23, 2013

വാര്‍ത്തകള്‍ - മൊബൈല്‍ നിരക്ക്, കെ.എസ്.അര്‍.റ്റി.സി, റോമന്‍സ്, ജസ്റ്റിസ് വര്‍മ്മ


കെഎസ്ആര്‍ടിസി പ്രതിസന്ധി; പരിഹാരമായില്ലെന്ന് മുഖ്യമന്ത്രി

തിരു: ഡീസല്‍ വില വര്‍ധനയും സബ്സിഡി റദ്ദാക്കലും മൂലം കെഎസ്ആര്‍ടിസിയ്ക്കുണ്ടായ പ്രതിസന്ധി ബസ് നിരക്ക് വര്‍ധിപ്പിച്ചും സര്‍വീസുകള്‍ റദ്ദാക്കിയും മറികടക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിസന്ധി മറികടക്കാന്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് ഗതാഗത വകുപ്പ് മന്ത്രി നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പ്രതിസന്ധി മറികടക്കാനുള്ള ഒരു തീരുമാനവും മന്ത്രിസഭാ യോഗത്തിലുണ്ടായില്ല. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളെയും റെയില്‍വെയെയും ഡീസല്‍ സബ്സിഡി നല്‍കുന്നവരുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയോട് യോജിപ്പില്ലെന്നും കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കേണ്ട ഫീസുകളില്‍ ഇളവ് നല്‍കും. സംസ്ഥാനത്തെ ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജുകളില്‍ അനുവദിക്കേണ്ട 102 അധ്യാപക തസ്തികകളില്‍ 66 തസ്തികകള്‍ പുതുതായി അനുവദിക്കും. തുടര്‍ന്നുള്ള 36 തസ്തികകള്‍ പുനര്‍വിന്യാസം വഴി ക്രമീകരിക്കും. പത്തനാപുരത്ത് പുതിയ സിഐ സ്റ്റേഷന്‍ അനുവദിക്കും. ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്‍പായി തിരുവനന്തപുരത്ത് അടിയന്തരമായി ചെയ്ത് തീര്‍ക്കേണ്ട അറ്റകുറ്റപ്പണികള്‍ക്കായി ഇറിഗേഷന്‍, വാട്ടര്‍ അതോറിട്ടി വകുപ്പുകള്‍ക്കുമായി 3.45 കോടി രൂപ അനുവദിച്ചു.

വനം ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസിസനുസരിച്ച് പൊലീസില്‍ നല്‍കുന്നതുപോലെ പ്രത്യേക ഗ്രേഡ് സംവിധാനം ഏര്‍പ്പെടുത്തും. 600 രൂപയോ അതില്‍ കുറവോ പെന്‍ഷന്‍ വാങ്ങുന്ന നാട്ടുരാജാക്കന്‍മാരുടെ പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനമായി.
 
ജസ്റ്റിസ് വര്‍മ്മ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമഭേദഗതിക്കായി രൂപീകരിച്ച ജസ്റ്റിസ് വര്‍മ്മ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ക്ക്  കുറ്റകൃത്യത്തിനുസരിച്ച് കടുത്ത ശിക്ഷ നല്‍കാമെന്നാണ് കമീഷന്‍ ശുപാര്‍ശയെന്നറിയുന്നു.. പൊതുജനാഭിപ്രായവും നിര്‍ദേശങ്ങളും സ്വീകരിച്ച ശേഷമാണ് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരു വലിയ മാറ്റത്തിന് ആക്കം കൂട്ടുന്ന തുടക്കമാവും തന്റെ ശുപാര്‍ശകളെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശക്തവും സ്വാഭാവികവുമായ 80,000 പ്രതികരണമാണ് ലഭിച്ചത്. പൊലീസിന്റെ അനാസ്ഥയെക്കുറിച്ചും പ്രതികരണങ്ങളുണ്ടായി. പൊലീസിലെ വിവേചനവും ചര്‍ച്ചയായി. വിചാരണ വൈകുന്നതും കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താത്തതും കാരണമാവുന്നു. 30 ദിവസം കൊണ്ടാണ് മുന്‍ ചീഫ് ജസ്റ്റിസ് വര്‍മ്മയും ലീലാ സേത്ത്, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരടങ്ങിയ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മൊബൈല്‍ ഫോണ്‍ നിരക്ക് ഇരട്ടിയായി

മുംബൈ: എയര്‍ ടെല്‍, ഐഡിയ മൊബൈല്‍ കമ്പനികള്‍ കോള്‍ നിരക്ക് കുത്തനെ ഉയര്‍ത്തി. എയര്‍ടെല്‍ നേരെ ഇരട്ടിയായാണ് നിരക്ക് കൂട്ടിയത്. ഐഡിയയും ഏകദേശം ഇരട്ടിയായി നിരക്ക് പുതുക്കി. എയര്‍ടെല്ലില്‍ മിനിറ്റിന് ഒരു രൂപയെന്നത് രണ്ട് രൂപയാക്കി. ഐഡിയ സെക്കണ്ടിന് 1.2 പൈസ എന്നത് രണ്ട് പൈസയായാണ് ഉയര്‍ത്തിയത്.

ഡീസല്‍വിലവര്‍ധനവ് അടക്കമുള്ളവയാണ് കാരണമായി പറയുന്നത്. മൊബൈല്‍ ടവറുകള്‍ക്ക് ഡീസല്‍ വേണം. ഡീസല്‍ സബസിഡി സറക്കാര്‍ കുറഞ്ഞിരുന്നു. മറ്റ് കമ്പനികളും നിരക്ക് കുട്ടുമെന്നാണ് കരുതപ്പെടുന്നത്. പ്രീ-പെയ്ഡ് കൂപ്പണ്‍ നിരക്കും വൈകാതെ ഉയര്‍ന്നേക്കും.

എയര്‍ടെല്ലും വൊഡഫോണും ടുജി ഡേറ്റാനിരക്കും ഈ മാസമാദ്യം ഉയര്‍ത്തിയിരുന്നു. നിരക്ക് വര്‍ധനവില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിക്ക് ഇടപെടാം. അങ്ങനെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ നിരക്ക് കുറയ്ക്കുകയുള്ളൂ.

രണ്ടു മന്ത്രിമാര്‍ രാജിവച്ചു, കര്‍ണാടകത്തില്‍ പ്രതിസന്ധി

ബംഗളൂരു: കര്‍ണാടക ഊര്‍ജമന്ത്രി ശോഭാ കരന്ത്ലാജെയും പൊതുമരാമത്ത് മന്ത്രി സി എം ഉദാസിയും രാജിവച്ചു. മറ്റുചില എംഎല്‍എമാരും ബുധനാഴ്ച രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. പ്രതിസന്ധി മറികടക്കാനും കൂടുതല്‍ പേര്‍ ബിജെപി വിട്ടുപോകുന്നതും തടയാന്‍ ദേശീയനേതൃത്വം ശ്രമം തുടങ്ങി. സുഷമസ്വാരാജും അദ്വാനിയും ബംഗളൂരുവിലെത്തിയിട്ടുണ്ട്. മന്ത്രിമാരും എംഎല്‍എമാരും രാജിവച്ചതോടെ കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ബുധനാഴ്ച രാവിലെയാണ് ഇരുവരും പാര്‍ട്ടിവിട്ടത്. ബിജെപി വിട്ട് കെജെപി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വിശ്വസ്തയാണ് ശോഭ. ഓഫീസിലെ അവസാന ദിവസമാണിതെന്ന് ശോഭ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ എംഎല്‍എമാരെ രാജിവയ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് യദ്യൂരപ്പ ശ്രമിക്കുന്നത്.

റോമന്‍സ്; സിനിമ വിശ്വാസത്തെ വികൃതമായി ചിത്രീകരിക്കുന്നതായി ചങ്ങനാശേരി അതിരൂപത

ചങ്ങനാശേരി: റോമന്‍സ് എന്ന പേരില്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ വിശ്വാസികള്‍ പരിപാവനമായി കരുതുകയും ബഹുമാനിക്കുകയുംചെയ്യുന്ന പൗരോഹിത്യത്തെയും കൂദാശകളായ വിശുദ്ധ കുര്‍ബാനയേയുംകുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയുംചെയ്യുന്നതാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതി യോഗം വിലയിരുത്തി. വിലകുറഞ്ഞതും തരംതാണതുമായഹാസ്യത്തിലൂടെ ബോക്സോഫീസ് വിജയം നേടുന്നതിനായി മുഖ്യധാരാ മതങ്ങളുടെ പ്രതീകങ്ങളെയും നേതൃത്വങ്ങളെയും നിന്ദിക്കുകയുംപരിഹാസ്യമായി ചിത്രീകരിക്കുകയും ചെയ്യുന്ന സിനിമാ സംസ്കാരംസഹിഷ്ണതയുടെ സര്‍വ സീമകളും ലംഘിക്കുന്നതാണ്.പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്ന രണ്ട് കള്ളന്മാര്‍ വ്യാജവൈദികരായി കാട്ടിക്കൂട്ടുന്ന വിക്രിയകളാണെന്ന് പ്രത്യക്ഷത്തില്‍തോന്നാമെങ്കിലും അത് വിശ്വാസികളുടെ ഹൃദയത്തെ വ്രണപ്പെടുത്തുന്നതുംപൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്കുന്നതുമാണെന്ന് യോഗംവിലയിരുത്തി.

ദീര്‍ഘമായ വര്‍ഷങ്ങളുടെ പഠനത്തിനും പ്രാര്‍ഥനക്കും ശേഷം ലഭിക്കുന്ന പൗരോഹിത്യത്തെ ഏതു കള്ളനും ഒരു സുപ്രഭാതത്തില്‍ നേടാവുന്നനിസാരകാര്യമായി് ഈ സിനിമയില്‍ ചിത്രീകരിക്കുന്നത് തരംതാണനടപടിയാണ്. മ്ലേച്ഛമായ രംഗങ്ങള്‍ വരച്ചുകാട്ടി കുമ്പസാരക്കൂടിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന ചലച്ചിത്രാവിഷ്കരണത്തോട് ഒരുവിശ്വാസിക്കും യോജിക്കാനാവില്ല. കള്ളന്മാരുടെ പ്രതിമ സ്ഥാപിച്ച് അതുനുമുമ്പില്‍ നിന്ന് ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാര്‍ഥിക്കുന്നത ്സഭയേയും വിശുദ്ധരേയും അവഹേളിക്കലും പരിഹസിക്കലുമാണ്. അത്ഭുത സാക്ഷ്യങ്ങളിലൂടെയും തെളിവുകളിലൂടെയും ബോധ്യപ്പെടുകയും വിദഗ്ധരാല്‍ ശാസ്ത്രീയമായി സുസമ്മതമാവുകയും ചെയ്ത് ദൈവദാസ, ധന്യ, വാഴ്ത്തപ്പെട്ട പദവികള്‍ക്കു ശേഷം വിശുദ്ധ പദവിപ്രഖ്യാപിക്കപ്പെടുന്ന വിശുദ്ധരെ ആക്ഷേപിക്കുന്നത് വിശ്വാസിക്ക് കണ്ട്നില്കാനാവില്ല.

ഇത് തികച്ചും നിന്ദ്യവും നീചവും മതവികാരങ്ങളെവ്രണപ്പെടുത്തുന്നതുമാണ്.റൊമാന്‍സ് സിനിമയിലൂടെ ക്രൈസ്തവ വിശ്വാസത്തെഅപകീര്‍ത്തിപ്പെടുത്തുകയും തരംതാഴ്തപ്പെടുത്തുകയും ചെയ്ത നടപടിയെഅതിരൂപതാ ജാഗ്രതാ സമിതി അപലപിച്ചു. പിആര്‍ഒ പ്രഫ. ജെ സി മാടപ്പാട്ട് അധ്യക്ഷനായി. കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് പനക്കേഴം, ഡോ. പി സി അനിയന്‍കുഞ്ഞ്, പി എ കുര്യച്ചന്‍, അഡ്വ. പി പി ജോസഫ്, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ഡോ. സോണി കണ്ടങ്കരി, കെ സി ആന്റണി, കെ വി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment