Sunday, January 20, 2013

തുടങ്ങുംമുമ്പേ വിവാദച്ചുഴിയില്‍


ആലപ്പുഴ: കയര്‍ കേരള-2013 തുടങ്ങുംമുമ്പേ വിവാദച്ചുഴിയില്‍. അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരെയും ഇന്നോളം പിടികൊടുക്കാതെ തീവെട്ടിക്കൊള്ള നടത്തുന്നവരെയും കുത്തിനിറച്ച വിവിധ കമ്മിറ്റികളാണ് കയര്‍ കേരള-2013ന് നേതൃത്വം നല്‍കുന്നതെന്നാണ് ആക്ഷേപം. കയര്‍ കേരളയ്ക്ക് നാന്ദികുറിച്ച മുന്‍മന്ത്രിയും സ്ഥലം എംഎല്‍എയുമായ ജി സുധാകരനെ ബോധപൂര്‍വം പരിപാടികളില്‍നിന്നും ഒഴിവാക്കാന്‍ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. കയര്‍ കേരളയെന്ന ആശയം മുന്നോട്ടുവയ്ക്കുകയും എല്‍ഡിഎഫ് സര്‍ക്കാരില്‍ കയര്‍മന്ത്രിയായിരുന്ന് ആശയം നടപ്പാക്കുകയും ചെയ്തയാളാണ് ജി സുധാകരന്‍. ഊര്‍ദ്ധശ്വാസം വലിച്ചിരുന്ന കയര്‍മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ കയര്‍കേരളയ്ക്ക് കഴിഞ്ഞിരുന്നു. വിദേശ ബയറര്‍മാരെവരെ ക്ഷണിച്ചുവരുത്തി കയറിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തി വിദേശവിപണിയില്‍ കേരളത്തിന്റെ "സുവര്‍ണനാരിന്" അര്‍ഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കാന്‍ കയര്‍കേരളയ്ക്ക് സാധിച്ചുവെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. വിദേശ കയറ്റുമതിയില്‍ കയറുല്‍പ്പന്നങ്ങളുടെ കുതിച്ചുചാട്ടത്തിന് കയര്‍കേരള കാരണമാകുന്നതായി വകുപ്പുമന്ത്രി അടുര്‍ പ്രകാശ് തന്നെ വാര്‍ത്താസമ്മേളനങ്ങളിലടക്കം പറയുന്നു.

കക്ഷിരാഷ്ട്രീയങ്ങള്‍ക്കും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും തെല്ലും സ്ഥാനം നല്‍കാതെ നടന്നിരുന്ന കയര്‍കേരളയാണ് മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിവാദങ്ങളുടെ പിടിയിലമരുന്നത്. കയര്‍കേരളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിന് സ്ഥലം എംഎല്‍എകൂടിയായ ജി സുധാകരനെ മന്ത്രിയോ കയര്‍ സെക്രട്ടറിയോ ക്ഷണിച്ചില്ല. യോഗത്തില്‍ അധ്യക്ഷനാകണമെന്ന് അഭ്യര്‍ഥിച്ചത് കയര്‍ ഡയറക്ടറാണ്. എന്നിട്ടും സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു. എന്നാല്‍ എംഎല്‍എയുടെ സൗകര്യം പരിഗണിക്കുകപോലും ചെയ്യാതെ ഈ പരിപാടി ഏകപക്ഷീയമായി വൈകിട്ട് ആറിലേക്ക് മാറ്റുകയായിരുന്നു. കൃത്യനിഷ്ടക്കാരനായ ജി സുധാകരന്‍ എംഎല്‍എയെ ഒഴിവാക്കാന്‍ മന്ത്രി ബോധപൂര്‍വം ഉണ്ടാക്കിയതാണ് അസൗകര്യമെന്നാണ് കോണ്‍ഗ്രസുകാരുടെ ഇടയിലെതന്നെ അഭിപ്രായം. പിന്നാമ്പുറ വാതിലിലൂടെയും വ്യക്തിബന്ധം വിനിയോഗിച്ചുമെല്ലാം വിവിധ കമ്മിറ്റികളില്‍ കയറിപ്പറ്റിയവര്‍ ഇടനിലക്കാരെവച്ച് ഓരോന്നിനും എത്ര കമീഷന്‍ ലഭ്യമാകുമെന്ന് അന്വേഷിച്ചും തര്‍ക്കിച്ചും തുക ഉറപ്പാക്കുന്ന ജോലി തുടങ്ങിയിട്ട് ആഴ്ചകളായി. തക്കംപോലെ ചരിഞ്ഞും മറിഞ്ഞും ഭരണ-പ്രതിപക്ഷ നേതാക്കളുടെ ബന്ധുത്വം പറഞ്ഞുവരെ ചിലര്‍ കമീഷന്‍ ഏജന്റുമാരായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മന്ത്രി ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അന്വേഷിക്കാമെന്നുമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കഴിഞ്ഞ കയര്‍മേളയില്‍ പങ്കെടുത്ത വിദേശപ്രതിനിധികളില്‍ പലരും കേരളത്തില്‍ നടന്ന ദേശാന്തര സെമിനാറില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളായിരുന്നത്രെ. അവരെ കയര്‍മേളയ്ക്ക് കൊണ്ടുവന്ന് ചെലവ് എഴുതുകയായിരുന്നെന്ന ആരോപണം സംഘാടകരില്‍ ചിലര്‍തന്നെ രഹസ്യമായി പറയുന്നുണ്ട്.

deshabhimani 200113

No comments:

Post a Comment