Sunday, January 20, 2013
പരിസ്ഥിതി മേഖല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും
കുമളി: വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളെ പാരിസ്ഥിതിക സംവേദക മേഖലയായി പ്രഖ്യാപിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം ആയിരക്കണക്കിന് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. വിനോദസഞ്ചാരവികസനം, നിര്‍മാണ മേഖല, മറ്റു വ്യവസായങ്ങള്‍ എന്നിവയെയെല്ലാം പരിസ്ഥിതി മേഖലാ പ്രഖ്യാപനം ദോഷകരമായി ബാധിക്കുന്നത് ഇവരുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കും. കൃഷിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും പ്രതിസന്ധി സൃഷ്ടിക്കും. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ വനാതിര്‍ത്തി മേഖലകളിലെ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് ഇതോടെ ദുരിതപൂര്‍ണമാകുക. മൂന്ന് ജില്ലകളില്‍ ഏറ്റവും അധികം ബാധിക്കുന്നത് ഇടുക്കിയെ ആയിരിക്കും.
സംസ്ഥാന സര്‍ക്കാരിന് പാരിസ്ഥിതിക സംവേദക മേഖലകള്‍ പ്രഖ്യാപിക്കുന്നതിന് കൈക്കൊള്ളാവുന്ന മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതി മുമ്പാകെ രണ്ട് നിര്‍ദേശങ്ങള്‍ വയ്ക്കാമെന്നാണ് വി ഡി സതീശന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍. ഓരോരോ വന്യമൃഗ സങ്കേതങ്ങളുടെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് 10 കിലോമീറ്റര്‍ വരെ വരാവുന്ന രീതിയില്‍ സോണുകള്‍ പ്രഖ്യാപിക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രണ്ടാമത്തേത് സെന്‍ട്രല്‍ എംപവേര്‍ഡ്് കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദേശപ്രകാരം 100 മീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ പരിധി നിശ്ചയിക്കുക എന്നതാണ്. നാല് കാറ്റഗറികളായി തിരിച്ച വനമേഖലയില്‍ 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വനമേഖലയ്ക്ക് ചുറ്റും 100 മീറ്റര്‍ എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 500 കിലോമീറ്ററിന് മുകളില്‍ രണ്ട് കിലോമീറ്റര്‍ എന്നാണ് നിര്‍ദേശമുള്ളത്.
പെരിയാര്‍ കടുവാ സങ്കേതം ഈ ഗണത്തില്‍ ഉള്‍പ്പെടും. കേരളത്തിലെ വനമേഖലകളില്‍ ഏറ്റവും വ്യാപ്തിയുള്ളത് പെരിയാര്‍ കടുവ സങ്കേതത്തിനാണ്. 925 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെയുള്ള വിസ്തീര്‍ണം. അടുത്തിടെ ഗൂഡ്രിക്കല്‍ ഫോറസ്റ്റ് റെയിഞ്ച് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് 777 ചതുരശ്ര കിലോമീറ്ററായിരുന്നു പിടിആറിന്റെ വിസ്തീര്‍ണം. കേരളത്തിലെ മറ്റ് വനമേഖലയുടെ വിസ്തീര്‍ണം 100 ചതുരശ്ര കിലോമീറ്ററിന് താഴെ മാത്രമാണ്. അതിനാല്‍ പാരിസ്ഥിതിക സംവേദക മേഖലാ പ്രഖ്യാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് പെരിയാര്‍ കടുവാ സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ ആയിരിക്കും. രണ്ട് കിലോമീറ്റര്‍ പരിധി നിശ്ചയിച്ചാല്‍ പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള നിരവധി പഞ്ചായത്തുകളിലെ നൂറുകണക്കിന് പഞ്ചായത്ത് വാര്‍ഡുകള്‍ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടും. കുമളി, വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള നിരവധി ടൗണുകള്‍ പൂര്‍ണമായും ഇതിന്റെ പരിധിയില്‍ വരുന്ന സ്ഥിതിയുണ്ടാകും. ഇതോടൊപ്പം കേന്ദ്രത്തിന്റെ നിര്‍ദേശം സ്വീകരിച്ചാല്‍ 10 കിലോമീറ്റര്‍ പ്രദേശത്തെ പരിധിയില്‍ കൊണ്ടുവന്നാല്‍ ഇടുക്കി ജില്ലയിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള നിരവധി പഞ്ചായത്തുകളെ ഗുരുതരമായി ബാധിക്കും. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതാണ് സമിതിയുടെ കരട് നിര്‍ദേശങ്ങള്‍. ഇവിടെ കുടുംബമായി താമസിച്ചുവരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കെല്ലാം ഭൂമിസംബന്ധിച്ച് പട്ടയം ഉള്‍പ്പെടെയുള്ള രേഖകളുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നു എന്നതാണ് ഇപ്പോള്‍ പ്രശ്മായി വരുന്നത്.
deshabhimani 200113
Subscribe to:
Post Comments (Atom)
No comments:
Post a Comment