Sunday, January 20, 2013

ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ഹിന്ദു തീവ്രവാദം വളര്‍ത്തുന്നു: ഷിന്‍ഡെ


ജയ്പൂര്‍: ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ജയ്പുരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പരിശീലന ക്യാമ്പുകളില്‍ നടക്കുന്നത് തീവ്രവാദ പരിശീലനമാണെന്നും അദ്ദേഹം ആരോപിച്ചു.

സംഝോത എക്സ്പ്രസ്, മക്കാ മസ്ജിദ്, മലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും സ്ഫോടനങ്ങള്‍ നടത്തിയ ശേഷം അവ ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയാണെന്നുമുള്ള വിവാദപരമായ പരാമര്‍ശങ്ങളും അദ്ദേഹം നടത്തി. ഷിന്‍ഡെയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനേ ഇതുപകരിക്കുകയുള്ളുവെന്നും ബിജെപി പ്രതികരിച്ചു.

താന്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ മുമ്പ് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഷിന്‍ഡെ വ്യക്തമാക്കി.


സോണിയ മാപ്പുപറയണമെന്ന് ബിജെപി

ന്യൂഡല്‍ഹി: ആര്‍എസ്എസ് ഭീകരപരിശീലന ക്യാമ്പുകള്‍ നടത്തുകയാണെന്ന ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്ത്. മന്ത്രിയുടേത് നിരുത്തരവാദപരമായ പരാമര്‍ശമാണെന്നും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും മാപ്പുപറയണമെന്നും ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. രാജ്യത്തെ സമാധാനവും സൗഹാര്‍ദവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണിത്. ഈ വിഷയത്തില്‍ സോണിയയും രാഹുലും ഷിന്‍ഡെയും മാപ്പുപറയണം. അതല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. വിഡ്ഢികളുടെ സംഘടനയായി കോണ്‍ഗ്രസ് മാറുകയാണെന്നും നഖ്വി പറഞ്ഞു.


deshabhimani

No comments:

Post a Comment