Friday, January 11, 2013

സാമുദായിക- വര്‍ഗീയ ധ്രുവീകരണം വ്യാപകം: ഡിവൈഎഫ്ഐ


കണ്ണൂര്‍: സംസ്ഥാനത്ത് മുമ്പില്ലാത്തവിധം സാമുദായിക- വര്‍ഗീയ ധ്രുവീകരണം നടക്കുകയാണെന്ന് യൂത്ത് മാര്‍ച്ചിനിടെ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷും പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിച്ചെന്നും ബന്ധത്തിന്റെ ഊഷ്മളത കുറഞ്ഞുവെന്നും താക്കോല്‍ സ്ഥാനത്തിരിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും എ കെ ആന്റണി പറഞ്ഞത് ഉമ്മന്‍ചാണ്ടിയെ ലക്ഷ്യംവച്ചാണ്. ഇക്കാര്യം ആത്മാര്‍ഥതയോടെയാണ് ആന്റണി പറഞ്ഞതെങ്കില്‍ അദ്ദേഹത്തെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് മാര്‍ച്ചിലേക്ക് ക്ഷണിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ തിരുത്തിക്കാന്‍ ആന്റണി തയ്യാറാവുമെന്നാണ് മതേതര കേരളത്തിന്റെ പ്രതീക്ഷ. എസ്ഡിപിഐക്ക് വിദേശ ഭീകരരുമായി ബന്ധമുണ്ടെന്ന് യുഡിഎഫ്് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആ പാര്‍ടിയുടെ സമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് എംപിമാരായ പീതാംബരക്കുറുപ്പും എം കെ രാഘവനും പങ്കെടുത്തത് സര്‍ക്കാരിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം.

സര്‍ക്കാര്‍ സര്‍വീസില്‍ പെന്‍ഷനും മറ്റു ക്ഷേമ ആനുകൂല്യങ്ങളും ഇല്ലാതായാല്‍ മിടുക്കന്മാര്‍ ഇവിടെ തുടരാത്ത അവസ്ഥയുണ്ടാകും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ മിനിമം പെന്‍ഷന്‍ എത്രയെന്നും പെന്‍ഷന്‍ തുക എവിടെ നിക്ഷേപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. പരിസ്ഥിതിയെക്കുറിച്ച് വാചാലമാകുന്ന യൂത്ത് കോണ്‍ഗ്രസ് എന്‍ഡോസള്‍ഫാന്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാകുന്നില്ല. ഇത്തരം കാര്യങ്ങളില്‍ സങ്കുചിത താല്‍പര്യം മാറ്റിവച്ച് പൊതുപ്ലാറ്റ്ഫോമിലേക്ക് വരണം. യൂത്ത് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ സംഘടനകളെയും ക്ഷണിച്ചിരുന്നു. മാര്‍ച്ചിന്റെ വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി എ എന്‍ ഷംസീര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 110113

No comments:

Post a Comment