കണ്ണൂര്‍: കേന്ദ്രത്തില്‍ ഒന്നാംസ്ഥാനത്ത് എത്തുകയാണ് ഇടതുപക്ഷ നേതൃത്വത്തില്‍ രൂപപ്പെട്ട മതേതരകക്ഷികളുടെ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മൂന്നാംമുന്നണി എന്ന ആശയം ഒരിക്കലും മുന്നോട്ടുവച്ചിട്ടില്ല. ഒന്നാംമുന്നണിയാകാനാണ് ശ്രമം. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൂടെയുള്ളവരടക്കം തെരഞ്ഞെടുപ്പിനുശേഷം ഈ മുന്നണിയിലേക്ക് വരും- കണ്ണൂര്‍ പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 53 ശതമാനംപേരും കോണ്‍ഗ്രസ്- ബിജെപിയിതര കക്ഷികള്‍ക്ക് വോട്ടുചെയ്തവരാണ്. ഇവര്‍ ഭിന്നിച്ചുനില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസ്- ബിജെപി മുന്നണികള്‍ക്ക് അധികാരത്തിലെത്താന്‍ സാധിച്ചത്. ഈ സ്ഥിതി മാറ്റാനുള്ള ശ്രമത്തിനാണ് തുടക്കംകുറിച്ചത്. തെരഞ്ഞെടുപ്പിനുശേഷം പൂര്‍ണരൂപമാകും. സ്വാധീനമേഖലകളില്‍ ഓരോകക്ഷിക്കും പരമാവധി സീറ്റ് നേടാനാണ് ശ്രമിക്കുന്നത്. ഈ സംവിധാനം ഉയര്‍ത്തിക്കൊണ്ടുവന്നാലേ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ. ദേശീയതലത്തില്‍ കോണ്‍ഗ്രസ്- ബിജെപിയിതര കൂട്ടുകെട്ട് രൂപപ്പെട്ടിട്ടില്ലെങ്കിലും ദേശീയസാഹചര്യം ഇരുകക്ഷികള്‍ക്കും എതിരാണ്. കോണ്‍ഗ്രസ് എന്നത്തേക്കാളും ഒറ്റപ്പെട്ടിരിക്കുന്നു. ജാഫര്‍ ഷെരീഫ് ഉള്‍പ്പെടെ നിരവധി ഉന്നതനേതാക്കള്‍ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോവുകയാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് മൂന്നക്കത്തിലേക്കെത്തില്ല. നിലവില്‍ 106 സീറ്റുള്ള ബിജെപിക്ക് ഭരണം തീര്‍ത്തും അപ്രാപ്യം.
ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം വളരെയേറെ വര്‍ധിച്ച ഘട്ടമാണിത്. വര്‍ഗീയവിപത്ത് ശക്തിപ്പെട്ടതിനാലാണ് മതേതരകക്ഷികള്‍ ഇടതുപക്ഷത്തെ സമീപിച്ച് രാഷ്ട്രീയധ്രുവീകരണത്തിന് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ ചേര്‍ന്ന 11 പാര്‍ടികളുടെ വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷന്‍ മൂന്നാംമുന്നണി രൂപീകരിക്കാനായിരുന്നില്ല. ഇതില്‍പ്പെട്ട ഒമ്പതു കക്ഷികള്‍ പാര്‍ലമെന്റില്‍ ഒരു ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചു. ഈ പാര്‍ടികളുടെ പരസ്പരമത്സരം ഇല്ലാതിരിക്കുന്ന നില ഇപ്പോഴില്ല. ഓരോകക്ഷിയുടെയും സ്വാധീനത്തിനുസരിച്ച് സീറ്റുകളില്‍ ധാരണയിലെത്താന്‍ ശ്രമിച്ചു. അത് സാധ്യമാകാത്ത സ്ഥലങ്ങളില്‍ മത്സരം നടക്കുമെങ്കിലും മറ്റ് സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്- ബിജെപി കക്ഷികളുടെ പരാജയത്തിനുള്ള പൊതുസമീപനം സ്വീകരിക്കും. പാര്‍ലമെന്റില്‍ രൂപപ്പെട്ട ഒമ്പതു മതേതരപാര്‍ടികളുടെ കൂട്ടായ്മ ഇല്ലാതായിട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം ദേശീയതലത്തിലുണ്ടാകുന്ന ധ്രുവീകരണത്തെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ബാധിക്കില്ല. ഇടതുപക്ഷത്തിന് ഒന്നാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കാനായത് 64 എംപിമാരുണ്ടായതിനാലാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍മാത്രമല്ല; സാമ്പത്തിക ഉദാരവല്‍ക്കരണത്തെ ഒരുപരിധിവരെ ചെറുക്കാനും കഴിഞ്ഞു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം നിയന്ത്രിച്ചത് കോര്‍പറേറ്റുകളായിരുന്നു. വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയുമെല്ലാം ഈ കോര്‍പറേറ്റുവല്‍ക്കരണത്തിന്റെ ഫലമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ തമ്മിലുള്ള വ്യത്യാസം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി. ഇത് ദേശീയതലത്തില്‍ ശക്തിപ്പെടുന്ന പുതിയ രാഷ്ട്രീയധ്രുവീകരണത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയും സാധ്യതകളും വര്‍ധിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു.
deshabhimani
No comments:
Post a Comment