Wednesday, May 11, 2011

പുതിയ നിലയങ്ങളില്‍നിന്ന് വൈദ്യുതിവിഹിതം കിട്ടില്ല

കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിപദ്ധതികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കുന്നത് നിര്‍ത്തലാക്കി. ഇനി ആരംഭിക്കുന്ന താപനിലയങ്ങളില്‍നിന്ന് കമ്പോളാധിഷ്ഠിതമായി വൈദ്യുതി നല്‍കുന്ന പുതിയ താരിഫ് നയം നിലവില്‍ വന്നു. നിലവിലുള്ള വിഹിതം തുടരുമെങ്കിലും വൈദ്യുതി മേഖലയില്‍ ചൂതാട്ടത്തിനിടയാക്കുന്ന പുതിയ നയം കേരളത്തിന് വന്‍ തിരിച്ചടിയാകും. പുതിയ ജല വൈദ്യുതിപദ്ധതികള്‍ കേന്ദ്രപൂള്‍ സമ്പ്രദായത്തില്‍ തുടരുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് കേരളത്തിന് ഗുണം ചെയ്യില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് പുതിയ ജലവൈദ്യുതിപദ്ധതികള്‍ വരുന്നത്. ദക്ഷിണേന്ത്യയില്‍ ഇല്ല. കേന്ദ്ര വിഹിതം നല്‍കുന്നത് മേഖലാടിസ്ഥാനത്തിലായതിനാല്‍ ഈ പദ്ധതികളില്‍നിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കില്ല. അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാത്തത് സംസ്ഥാന വൈദ്യുതി ആസൂത്രണത്തെ അട്ടിമറിക്കും. പുതിയ കേന്ദ്ര നിലയങ്ങളില്‍നിന്ന് ടെന്‍ഡര്‍ അടിസ്ഥാനത്തിലാകും ഇനി വൈദ്യുതി ലഭിക്കുക. കമ്പോളം മത്സരാധിഷ്ഠിതമാകുന്നതോടെ വൈദ്യുതിയുടെ വില വന്‍ തോതില്‍ ഉയരും. ഇത് ഭീമമായ നിരക്ക് വര്‍ധനക്ക് ഇടയാക്കും.

വൈദ്യുതിമേഖലയില്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ താരിഫ് നയം. നിലവിലുള്ള കേന്ദ്ര വിഹിതത്തില്‍ മാറ്റമുണ്ടാകില്ല. കേരളം കരാറൊപ്പിട്ട നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളില്‍നിന്ന് കിട്ടേണ്ട വിഹിതവും ലഭിക്കും. പൂയംകുട്ടി, ആതിരപ്പള്ളി അടക്കമുള്ള കേരളത്തിന്റെ ജല വൈദ്യുതിപദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. കാസര്‍കോട് ചീമേനിയിലെ കല്‍ക്കരി നിലയവും അനിശ്ചിതത്വത്തില്‍ . ഇതിനിടെയാണ് 1970കളില്‍ തുടക്കമിട്ട കേന്ദ്രപൂള്‍ സമ്പ്രദായം നിര്‍ത്തുന്നത്. വൈദ്യുതി വിതരണരംഗത്തെ സാമൂഹ്യ പ്രതിബദ്ധതയാണ് ഇതോടെ നഷ്ടമാകുന്നത്.

ആര്‍ സാംബന്‍ ദേശാഭിമാനി 110511

1 comment:

  1. കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിപദ്ധതികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കുന്നത് നിര്‍ത്തലാക്കി. ഇനി ആരംഭിക്കുന്ന താപനിലയങ്ങളില്‍നിന്ന് കമ്പോളാധിഷ്ഠിതമായി വൈദ്യുതി നല്‍കുന്ന പുതിയ താരിഫ് നയം നിലവില്‍ വന്നു. നിലവിലുള്ള വിഹിതം തുടരുമെങ്കിലും വൈദ്യുതി മേഖലയില്‍ ചൂതാട്ടത്തിനിടയാക്കുന്ന പുതിയ നയം കേരളത്തിന് വന്‍ തിരിച്ചടിയാകും. പുതിയ ജല വൈദ്യുതിപദ്ധതികള്‍ കേന്ദ്രപൂള്‍ സമ്പ്രദായത്തില്‍ തുടരുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് കേരളത്തിന് ഗുണം ചെയ്യില്ല.

    ReplyDelete