Friday, May 6, 2011

പലസ്തീന്‍ സംഘടനകള്‍ വീണ്ടും ഒന്നിച്ചു

കെയ്റോ: നാലുവര്‍ഷത്തെ രൂക്ഷമായ ഭിന്നിപ്പിന് വിരാമമിട്ട് പലസ്തീന്‍ സംഘടനകള്‍ ഒന്നിച്ചുനീങ്ങാന്‍ തീരുമാനമായി. വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫത്തയും ഗാസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഉള്‍പ്പെടെ 15 പലസ്തീന്‍ സംഘടന തമ്മിലാണ് ഐക്യം പുനഃസ്ഥാപിച്ചത്. ഒരുവര്‍ഷത്തിനകം പലസ്തീനില്‍ തെരഞ്ഞെടുപ്പ് നടത്താനും പലസ്തീന്‍ വിമോചനമുന്നണി (പിഎല്‍ഒ) പുനഃസംഘടിപ്പിക്കാനും വെസ്റ്റ് ബാങ്കിനും ഗാസയ്ക്കും ഇടയില്‍ സുരക്ഷാശൃംഖല ഏര്‍പ്പെടുത്താനും ധാരണയായി. പലസ്തീന്‍ പ്രസിഡന്റും ഫത്ത നേതാവുമായ മഹമൂദ് അബ്ബാസ്, ഹമാസ് നേതാവ് ഖാലിദ് മെഷാല്‍ എന്നിവര്‍ അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഹമാസുമായി അനുരഞ്ജനത്തില്‍ എത്തുന്നത് ഒഴിവാക്കാന്‍ അബ്ബാസിനുമേല്‍ ഇസ്രയേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ , 2007 മുതല്‍ പലസ്തീന്‍ പ്രസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഭിന്നിപ്പിനെതിരായ ജനവികാരം അവഗണിക്കാന്‍ അബ്ബാസിനും കൂട്ടര്‍ക്കും കഴിയുമായിരുന്നില്ല. പുതിയ ധാരണപ്രകാരം, തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാരിന് ആഭ്യന്തരകാര്യങ്ങളുടെ ചുമതലമാത്രമായിരിക്കും. വിദേശനയവും സമാധാനചര്‍ച്ചകളും പിഎല്‍ഒ കൈകാര്യംചെയ്യും. വെസ്റ്റ് ബാങ്കും ഗാസയും കിഴക്കന്‍ ജെറുസലേമും ഉള്‍ക്കൊള്ളുന്ന സ്വതന്ത്രപലസ്തീന്‍ രാഷ്ട്രമാണ് പിഎല്‍ഒയുടെ ലക്ഷ്യം. പലസ്തീന്‍ സംഘടനകള്‍ തമ്മില്‍ എത്തിയ ധാരണ പശ്ചിമേഷ്യന്‍ സമാധാനപ്രക്രിയക്ക് ആഘാതമാകുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ധാരണപത്രം ഒപ്പിട്ടശേഷം ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെ ഇന്റലിജന്‍സ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ യുഎന്‍ , യൂറോപ്യന്‍ യൂണിയന്‍ , അറബ് ലീഗ് പ്രതിനിധികള്‍ പങ്കെടുത്തു. ആഹ്ലാദത്തിന്റെ നിറവിലാണ് യോഗം നടന്നതെന്ന് അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ടുചെയ്തു. അതേസമയം, ധാരണ അട്ടിമറിക്കാന്‍ ശ്രമം നടക്കുമെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അബ്ബാസ് പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത സംഘടനകളുടെ പ്രതിനിധികള്‍ ഇതിനോട് യോജിച്ചു. ഈ ധാരണയ്ക്ക് പിന്തുണ നല്‍കാന്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

deshabhimani 060511

2 comments:

  1. നാലുവര്‍ഷത്തെ രൂക്ഷമായ ഭിന്നിപ്പിന് വിരാമമിട്ട് പലസ്തീന്‍ സംഘടനകള്‍ ഒന്നിച്ചുനീങ്ങാന്‍ തീരുമാനമായി. വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫത്തയും ഗാസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഉള്‍പ്പെടെ 15 പലസ്തീന്‍ സംഘടന തമ്മിലാണ് ഐക്യം പുനഃസ്ഥാപിച്ചത്. ഒരുവര്‍ഷത്തിനകം പലസ്തീനില്‍ തെരഞ്ഞെടുപ്പ് നടത്താനും പലസ്തീന്‍ വിമോചനമുന്നണി (പിഎല്‍ഒ) പുനഃസംഘടിപ്പിക്കാനും വെസ്റ്റ് ബാങ്കിനും ഗാസയ്ക്കും ഇടയില്‍ സുരക്ഷാശൃംഖല ഏര്‍പ്പെടുത്താനും ധാരണയായി. പലസ്തീന്‍ പ്രസിഡന്റും ഫത്ത നേതാവുമായ മഹമൂദ് അബ്ബാസ്, ഹമാസ് നേതാവ് ഖാലിദ് മെഷാല്‍ എന്നിവര്‍ അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുത്തു.

    ReplyDelete