Thursday, May 5, 2011

കാണികളുടെ ഏറില്‍ കൊച്ചി റണ്ണൗട്ട്

മലപ്പുറം കത്തി, ടൈം ബോബ്, അമ്പും വില്ലും... എന്ന പവനായിയുടെ പ്രയോഗം ഔട്ട് ഓഫ് ഫാഷനായി. ഇപ്പോഴിത് ഇങ്ങിനെയാണ് -കൊച്ചി ഐപിഎല്‍ , ന്യൂയോര്‍ക്ക് നഗരം, വികസന വിഹായസ്... പക്ഷെ വാക്കുകളിലേ വ്യത്യാസം വന്നിട്ടുള്ളൂ. ഇത് പറഞ്ഞ രണ്ടുകൂട്ടരും ശവമായി, പവനായിയും കൊച്ചി ഐപിഎല്ലും. സുനന്ദ പുഷ്കറും കൂട്ടുകാരും കൊച്ചിയുടെ പേരില്‍ ഐപിഎല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കുമ്പോള്‍ എന്തായിരുന്നു വീമ്പ് പറച്ചില്‍ . ഐപിഎല്‍ വരുന്നതോടെ കൊച്ചി, ന്യൂയോര്‍ക്കിന് സമാനമാകും, പണം വെള്ളംപോലെ ഒഴുകും കേരളത്തിലെ ക്രിക്കറ്റ് മാനംകടന്നും വളരും... പക്ഷെ വ്യാഴാഴ്ച അവസാന ഹോം മാച്ച് കളിച്ച് ടസ്കേഴ്സ് കൊച്ചിയില്‍ കട്ടയും പടവും മടക്കുമ്പോള്‍ നഗരം ഒരു മാറ്റവുമില്ലാതെ പഴയതുപോലെ.

എന്നാല്‍ , കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ), മലയാളത്തിന്റെ "സുപ്രഭാതങ്ങളായ"ചില മാധ്യമങ്ങളും ഇതംഗീകരിക്കില്ല. മിമിക്സ്പരേഡും ഗാനമേളയുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനുമുമ്പ് ഉത്സവപ്പറമ്പുകളില്‍ ആന, മയില്‍ , ഒട്ടകം, ചരടുകുത്ത്, മുച്ചീട്ടുകളി എന്നിവയായിരുന്നു പ്രധാന കലാപരിപാടി. ആര്‍ക്കും വെക്കാം, എത്രയും വെക്കാം, ഒന്നു വച്ചാല്‍ പത്ത്, പത്ത് വച്ചാല്‍ നൂറ് എന്നായിരുന്നു പരിപാടിയുടെ തീം സോങ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇതിനു സമാനമാണെന്ന് ലളിത് മോഡി തെളിയിച്ചതുമാണ്. എന്നിട്ടും കൊച്ചിക്ക് ടീം കിട്ടിയപ്പോള്‍ നമ്മള്‍ ആഹ്ലാദിച്ചു. കാരണം കളിയെ സ്നേഹിക്കാം, വെറുക്കാം, പക്ഷെ ആര്‍ക്കുമതിനെ അവഗണിക്കാനാകില്ലല്ലോ?

ഒരു കായിക ഇനം ജനകീയമാകുന്നത്, അത് സമൂഹവുമായി എങ്ങിനെ ബന്ധപ്പെടുന്നു എന്നതനുസരിച്ചാണ്. സമൂഹത്തിനോടുള്ള അതിന്റെ പ്രതികരണം, സംഭാവന, വൈകാരികമായ അടുപ്പം തുങ്ങിയവയൊക്കെ കായിക ഇനത്തിനും ടീമിനും ജനങ്ങളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നല്‍കുന്നു. എന്നാല്‍ കേരളത്തോടും കൊച്ചിയോടും ഒരുതരിപോലും ആത്മാര്‍ഥതയില്ലാത്ത, പകരം നഗരത്തെയും ജനങ്ങളെയും വഞ്ചിച്ച് പണം കൊയ്യാന്‍ ശ്രമിക്കുന്ന ഐപിഎല്‍ ടീമിനെ കേരളം കൈവിട്ടതില്‍ അത്ഭുതമില്ല. നാടിനും നാട്ടാര്‍ക്കും കാലണയ്ക്ക് പ്രയോജനമില്ലാത്ത ഈ ആന, മയില്‍ , ഒട്ടകം കളി നികുതി ഇല്ലാതെ നടത്തണമെന്നായിരുന്നു ഉടമകളുടെ ആദ്യ ആവശ്യം. എന്നാല്‍ കൊച്ചി കോര്‍പറേഷന്‍ ഇതിനോട് അത്ര താല്‍പ്പര്യം കാണിച്ചില്ല. നികുതി 50 ശതമാനമായി നിശ്ചയിച്ചു. ഐപിഎലിന് പ്രത്യേക നികുതി ഏര്‍പ്പെടുത്താന്‍ ബംഗാള്‍ ആലോചിക്കുന്നിടത്താണ് ഇവിടെ 50 ശതമാനം ഇളവുകൊടുത്തത്.

ടിക്കറ്റ് നികുതി വെട്ടിക്കാന്‍ കൊച്ചി കൂട്ടുപിടിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനെ. ഇംഗ്ലണ്ടുമായുള്ള ഏകദിന മത്സരത്തില്‍ ടിക്കറ്റില്‍ മറിമായം കാണിച്ച് ഹൈക്കോടതിയില്‍ കേസും കേസുകെട്ടുമായി നടക്കുന്ന കെസിഎയെ സമാനമനസ്കരാണെന്ന് ടസ്കേഴ്സ് തിരിച്ചറിഞ്ഞതില്‍ അത്ഭുതമില്ല. 2006ല്‍ നടന്ന മത്സരം കണ്ടത് 85000 പേര്‍ . പക്ഷെ കെസിഎ കണക്കുകാണിച്ചത് 32446ഉം. ടിക്കറ്റിലെ കണ്‍കെട്ടുവിദ്യയില്‍ മിടുക്കരായവര്‍ ഒപ്പമുള്ളതിനാല്‍ കൊച്ചി ടീം ധൈര്യമായി മുന്നോട്ടുപോയി. പക്ഷെ ടിക്കറ്റിലെ തിരിമറി കലാപരിപാടി കൊച്ചി കോര്‍പറേഷന് അത്രപിടിച്ചില്ല. അവര്‍ ഉടക്കുവച്ചു. പഴയ ചന്തുവിനെപ്പോലെ കൊച്ചിയുണ്ടോ തോല്‍ക്കുന്നു. അവര്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചു. തലേന്നുവരെ മിശിഹയായി വാഴ്ത്തിയിരുന്നവരെ ഒരു "സുപ്രഭാതത്തില്‍" ലൂസിഫറാക്കി. എന്തിനധികം കൊച്ചിയെ കാക്കയെക്കൊണ്ട് കൊത്തിക്കല്ലേ എന്ന കോട്ടയം വിലാപം എഡിറ്റോറിയലുമായി.

deshabhimani 050511

1 comment:

  1. മലപ്പുറം കത്തി, ടൈം ബോബ്, അമ്പും വില്ലും... എന്ന പവനായിയുടെ പ്രയോഗം ഔട്ട് ഓഫ് ഫാഷനായി. ഇപ്പോഴിത് ഇങ്ങിനെയാണ് -കൊച്ചി ഐപിഎല്‍ , ന്യൂയോര്‍ക്ക് നഗരം, വികസന വിഹായസ്... പക്ഷെ വാക്കുകളിലേ വ്യത്യാസം വന്നിട്ടുള്ളൂ. ഇത് പറഞ്ഞ രണ്ടുകൂട്ടരും ശവമായി, പവനായിയും കൊച്ചി ഐപിഎല്ലും. സുനന്ദ പുഷ്കറും കൂട്ടുകാരും കൊച്ചിയുടെ പേരില്‍ ഐപിഎല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കുമ്പോള്‍ എന്തായിരുന്നു വീമ്പ് പറച്ചില്‍ . ഐപിഎല്‍ വരുന്നതോടെ കൊച്ചി, ന്യൂയോര്‍ക്കിന് സമാനമാകും, പണം വെള്ളംപോലെ ഒഴുകും കേരളത്തിലെ ക്രിക്കറ്റ് മാനംകടന്നും വളരും... പക്ഷെ വ്യാഴാഴ്ച അവസാന ഹോം മാച്ച് കളിച്ച് ടസ്കേഴ്സ് കൊച്ചിയില്‍ കട്ടയും പടവും മടക്കുമ്പോള്‍ നഗരം ഒരു മാറ്റവുമില്ലാതെ പഴയതുപോലെ.

    ReplyDelete