ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണം സാങ്കേതിക തിരുത്തലില്‍ പ്പെട്ടു. കുരുമുളകിന് യുറോപ്യന്‍ ഓര്‍ഡര്‍. പുതിയ ജാതിക്കവരവ് ഉയര്‍ന്നു. വെളിച്ചെണ്ണയ്ക്ക് സര്‍വകാല റെക്കോര്‍ഡ് വില.
ആഗോള വിപണിയില്‍ മഞ്ഞലോഹം സാങ്കേതിക തിരുത്തലിലേയ്ക്ക് തിരിഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച വിലയായ 1578 ഡോളര്‍ രേഖപ്പെടുത്തിയ ശേഷമാണ് ഏതാണ്ട് 117 ഡോളറിന്റെ തിരുത്തല്‍ സ്വര്‍ണം കാഴ്ച്ചവെച്ചത്.
ധനകാര്യസ്ഥാപനങ്ങളും നിക്ഷേപകരും ലാഭമെടുപ്പിന് ഒന്നിച്ച് ഇറങ്ങിയതാണ് വന്‍ വിലയിടിവിന് ഇടയാക്കിയത്. ഇതിനിടയില്‍ ഊഹക്കച്ചവടക്കാര്‍ വില്‍പ്പനക്കാരായി മാറുക കൂടി ചെയ്തതോടെ സ്വര്‍ണത്തിന് 1500 ഡോളറിലെ താങ്ങും നഷ്ടപ്പെട്ട് വിപണി 1461 വരെ താഴ്ന്നു. വ്യാപാരാന്ത്യം നിരക്ക് 1495 ഡോളറിലാണ്.
അമേരിക്കന്‍ നാണയം ഇതര കറന്‍സികള്‍ക്ക് മുന്നില്‍ കരുത്തു തിരിച്ചു പിടിക്കുമെന്ന വിലയിരുത്തലും സ്വര്‍ണത്തിന് തിരിച്ചടിയായി. സാര്‍വദേശീയ മഞ്ഞലോഹ വിപണിയിലെ പുതിയ ചലനങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണത്തിന് തിളക്കം മങ്ങി. കേരളത്തില്‍ വാരത്തിന്റെ തുടക്കത്തില്‍ 16,600 രൂപയിലേയ്ക്ക് ഉയര്‍ന്ന് റെക്കോര്‍ഡ് പ്രകടനം നടത്തിയ പവന്‍ വാരമധ്യം വരെ ഇതേ റേഞ്ചില്‍ നീങ്ങി. പിന്നിട് നിരക്ക് 16,320 ലേയ്ക്കും വെള്ളിയാഴ്ച 16,160 ലേയ്ക്കും ഇടിഞ്ഞു. എന്നാല്‍ ശനിയാഴ്ച വിപണി 16,200 ലേയ്ക്ക് തിരിച്ചു കയറി.
ഇന്ത്യന്‍ കുരുമുളക് റെക്കോര്‍ഡ് പ്രകടനം നടത്തിയത് കണ്ട് യുറോപ്യന്‍ വാങ്ങലുകാര്‍ നമ്മുടെ വിപണിയിലേയ്ക്ക് തിരിഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് വിപണി ചെറിയതോതില്‍ തിരുത്തലുകള്‍ നടത്തിയ അവസരത്തിലാണ് ഏകദേശം 500 ടണ്ണിനുള്ള ഓര്‍ഡറുകള്‍ക്ക് ഒപ്പ് വെച്ചത്. അതേ സമയം അമേരിക്കയില്‍ നിന്ന് പുതിയ ഓര്‍ഡറുകള്‍ എത്തിയിട്ടില്ല. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ നിരക്ക് ടണ്ണിന് 6700 ഡോളറാണ്.
വിയറ്റ്‌നാം 6200 നും ബ്രസീലും ഇന്തോനേഷ്യയും 6300 ഡോളറിനും ഓഫര്‍ ഇറക്കി. വിളവെടുപ്പ് വേളയാണെങ്കിലും വിയറ്റ്‌നാമില്‍ നിന്ന് കാര്യമായ വില്‍പ്പന സമ്മര്‍ദ്ദമില്ല. വിളെവടുപ്പ് പൂര്‍ത്തിയായ ഇന്ത്യയിലും ചരക്കിന്റെ ലഭ്യത ചുരുങ്ങി നില്‍ക്കുകയാണ്. ആഗോള മാര്‍ക്കറ്റില്‍ കുരുമുളകിന് ഡിമാണ്ട് ഉയരുമെന്ന വിലയിരുത്തല്‍ അവധി വ്യാപാര രംഗത്ത് നിക്ഷേപ താല്‍പര്യം ഉയര്‍ത്തി. കൊച്ചിയില്‍അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 27,100 രൂപയിലും ഗാര്‍ബിഡ് 27,900 ലും ക്ലോസിങ് നടന്നു.
പുതിയ ജാതിക്കയുടെ വരവ് ഉയര്‍ന്നതിനെ തുടര്‍ന്ന് നിരക്ക് ചെറിയതോതില്‍ താഴ്ന്നു. അടുത്ത വാരത്തോടെ ജാതിക്കയുടെ ലഭ്യത മെച്ചപ്പെടുമെന്നാണ് കയറ്റുമതിക്കാരുടെ വിലയിരുത്തല്‍. ജാതിക്ക തൊണ്ടന്‍ കിലോ ഗ്രാമിന് 275-325 രൂപ , ജാതിപരിപ്പ് 580-590, പത്രി 1350-1400.
നാളികേരോല്‍പ്പന്ന നിരക്ക് സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് കയറി. കേരളത്തിലും തമിഴ്‌നാട്ടിലും കൊപ്ര ക്ഷാമം വിട്ടുമാറാത്തതാണ് വിപണിയുടെ കുതിപ്പിന് വഴിതെളിച്ചത്. ഓയില്‍ മില്ലുകാര്‍ കേരളത്തിലും തമിഴ്‌നാട്ടിലും നിന്നു കൊപ്ര സംഭരിക്കാനുള്ള ശ്രമം തുടരുകയാണ്. കൊപ്ര വില 6700 രൂപയില്‍ നിന്ന് 7000 ലേയ്ക്ക് കയറി. വെളിച്ചെണ്ണ 9850 രൂപയില്‍ നിന്ന് ആദ്യം 10,000 ലെ റെക്കോര്‍ഡ് മിറകടന്നു. വാരാന്ത്യം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 10,200 ലാണ്. വിലക്കയറ്റം മൂലം പ്രാദേശിക മാര്‍ക്കറ്റില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാര്‍ കുറവാണ്.
ടയര്‍ കമ്പനികളും ഉത്തരേന്ത്യയിലെ ചെറുകിട റബര്‍ വ്യവസായികളും കൊച്ചി, കോട്ടയം റബര്‍ വിപണികളില്‍ നിന്ന് പിന്‍തിരിഞ്ഞത് വില തകര്‍ച്ചയ്ക്ക് ഇടയാക്കി. ടാപ്പിങ് രംഗം നേരിയതോതിലുള്ള ഉണര്‍വ് ദൃശ്യമായതും വിദേശ മാര്‍ക്കറ്റുകളില്‍ ഷീറ്റ് വില ഇടിഞ്ഞ വാര്‍ത്തയും വാങ്ങലുകാരെ പിന്നോക്കം വലിയാന്‍ പ്രേരിപ്പിച്ചു. ആര്‍ എസ് എസ് നാലാം ഗ്രേഡ് റബര്‍ 23,600 രൂപയില്‍ നിന്ന് 22,500 ലേയ്ക്ക് ഇടിഞ്ഞ ശേഷം 22,800 ല്‍ ക്ലോസിങ് നടന്നു. അഞ്ചാം ഗ്രേഡ് 23,400 ല്‍ നിന്ന് 22,600 രൂപയായി. പോയ വാരം ആകെ 1000 ടണ്‍ റബറിന്റെ കൈമാറ്റമാണ് കൊച്ചിയില്‍ നടന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ 113 ഡോളറിന് നിന്ന് 97 ഡോളറിലേയ്ക്ക് ഇടിഞ്ഞത് രാജ്യാന്തര റബര്‍ മാര്‍ക്കറ്റിന്റെ കരുത്തു ചോര്‍ത്തി. ജപ്പാനിലെ ടോക്കോമിലും സിംഗപ്പുര്‍, ചൈനീസ് വിപണികളിലും റബറിന്റെ അവധി വിലകളില്‍ കുറവ് ദൃശ്യമായി.
ജനയുഗം 090511
ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണം സാങ്കേതിക തിരുത്തലില്‍ പ്പെട്ടു. കുരുമുളകിന് യുറോപ്യന്‍ ഓര്‍ഡര്‍. പുതിയ ജാതിക്കവരവ് ഉയര്‍ന്നു. വെളിച്ചെണ്ണയ്ക്ക് സര്‍വകാല റെക്കോര്‍ഡ് വില.
ReplyDelete