Wednesday, May 11, 2011

ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യുമെന്ന് പ്രധാനമന്ത്രി

ഗ്രേറ്റര്‍ നോയിഡ/ആഗ്ര: പശ്ചിമ ഉത്തര്‍പ്രദേശില്‍ ആരംഭിച്ച കര്‍ഷക സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ തുടരുന്നു. അഗ്രയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റുചെയ്ത 22 പേരെ പൊലീസ് ഇന്നലെ മോചിപ്പിച്ചു. എങ്കിലും പ്രശ്‌നബാധിത പ്രദേശങ്ങള്‍ ശക്തമായ നിരീക്ഷണത്തിലാണ്.

ഉത്തര്‍പ്രദേശിലെ കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. കര്‍ഷകര്‍ക്കെതിരായി പൊലീസ് നടത്തുന്ന അക്രമങ്ങളുടെ പേരില്‍ ബി ജെ പി ഇന്നലെ ഗ്രേറ്റര്‍ നോയിഡയിലും നോയിഡയിലും ബന്ദ് പ്രഖ്യാപിച്ചിരുന്നു.
സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്നും നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. സമരത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ രണ്ട് പൊലീസുകാരും രണ്ട് കര്‍ഷകരും കൊല്ലപ്പെട്ട ഭട്ട പര്‍സുല്‍ ഗ്രാമത്തില്‍ ഇപ്പോഴും ശക്തമായ പൊലീസ് സംവിധാനം നിലനിര്‍ത്തിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഗ്രേറ്റര്‍ നോയിഡയില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ മന്‍വാര്‍ സിംഗ് തൈവാരിയയെയും അദ്ദേഹത്തിന്റെ അഞ്ച് അനുയായികളെയും അറസ്റ്റു ചെയ്യാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ഇരുപതിലധികം കേസുകള്‍ ചുമത്തപ്പെട്ടിട്ടുള്ള തൈവാതിയ ജനുവരി 17 മുതല്‍ ഭട്ട പര്‍സുല്‍ ഗ്രാമത്തിലെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുകയാണ്. ഇദ്ദേഹത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50,000 രുപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍നിന്നും അറസ്റ്റു ചെയ്ത കര്‍ഷകരെ ആഗ്ര പൊലീസ് ഇന്നലെ വിട്ടയക്കുകയായിരുന്നു. പ്രാദേശിക ഭരണകൂടവും പൊലീസും ചെലേശ്വറിലെ ഗ്രാമവാസികളുമായി യോഗം ചേര്‍ന്നതായും രജിസ്റ്റര്‍ ചെയ്ത നാല് എഫ് ഐ ആറുകളില്‍ 24 പേര്‍ പ്രതികളാണെന്നും എന്നാല്‍ ഇതില്‍ ചില നിരപരാധികളുടെ പേരുണ്ടെന്ന് ഗ്രാമീണര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത് പരിശോധിക്കുമെന്നും ആഗ്ര ഡി ഐ ജി അസീം അരുണ്‍ പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയില്‍ പൊലീസ് നടപടികള്‍ ആരംഭിച്ചശേഷം നിരവധിപേര്‍ ഭട്ട ഗ്രാമം വിട്ടുപോയിരുന്നു.

പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് ജില്ലാ ഭരണകൂടം ഭട്ട ഗ്രാമത്തിലേക്ക് ഒരു മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഗ്രാമത്തിലേക്ക് പോയിട്ടുള്ളതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിജയ് ദീപക് വര്‍മ പറഞ്ഞു.

നോയിഡ, ആഗ്ര, അലിഗഡ് എന്നിവിടങ്ങളില്‍ യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് ഐ ജി എ പി മഹേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ സമരം ചെയ്ത രണ്ട് കര്‍ഷകര്‍ മരണമടഞ്ഞതോടെയാണ് വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തത്. ഭട്ട പര്‍സുല്‍ ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ബി ജെ പി നേതാവ് രാജ്‌നാഥ് സിംഗിനെയും എസ് പി നേതാക്കളായ ശിവ്പാല്‍ സിംഗ്, മോഹന്‍ സിംഗ് എന്നിവരെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കര്‍ഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി മായാവതി ആരോപിച്ചിരുന്നു.

കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് ആര്‍ എല്‍ ഡിയുടെ എം എല്‍ എ അനില്‍ ചൗധരിയെ പൊലീസ് ആഗ്രയില്‍നിന്നും അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും ക്ഷേത്രം നിലനിര്‍ണമെന്ന സമരക്കാരുടെ ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതായി എത്മദ്പൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാജേഷ് പ്രജാപതി പറഞ്ഞു.

ഗൗതം ബുദ്ധ നഗറില്‍ കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച ബി ജെ പി നേതാവ് മുരളീ മനോഹര്‍ ജോഷി ഭൂമി നഷ്ടപ്പെട്ട കര്‍ഷകരെ പുനരധിവസിപ്പിക്കുന്നതിനായി പുതിയ പാക്കേജ് തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടു.

janayugom 110511

1 comment:

  1. ഉത്തര്‍പ്രദേശിലെ കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. കര്‍ഷകര്‍ക്കെതിരായി പൊലീസ് നടത്തുന്ന അക്രമങ്ങളുടെ പേരില്‍ ബി ജെ പി ഇന്നലെ ഗ്രേറ്റര്‍ നോയിഡയിലും നോയിഡയിലും ബന്ദ് പ്രഖ്യാപിച്ചിരുന്നു.
    സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്നും നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. സമരത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ രണ്ട് പൊലീസുകാരും രണ്ട് കര്‍ഷകരും കൊല്ലപ്പെട്ട ഭട്ട പര്‍സുല്‍ ഗ്രാമത്തില്‍ ഇപ്പോഴും ശക്തമായ പൊലീസ് സംവിധാനം നിലനിര്‍ത്തിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

    ReplyDelete