Wednesday, May 11, 2011

ജുഡീഷ്യറിയുടെ അന്തസ്സുയര്‍ത്തിയ നടപടി

ബാബറി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലം മൂന്നായി വിഭജിച്ചു നല്‍കാനുള്ള അലഹബാദ് ഹൈക്കോടതിവിധി സ്റ്റേ ചെയ്തതു വഴി സുപ്രിംകോടതി ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനും സുപ്രിംകോടതിയുടെ നടപടി സഹായകരമായി.

അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച് കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 30ന് പുറപ്പെടുവിച്ച വിധിയില്‍ ബാബറി മസ്ജിദ് സ്ഥിതിചെയ്തിരുന്ന 2.77 ഏക്കര്‍ സ്ഥലം കേസില്‍ കക്ഷികളായ മൂന്നുവിഭാഗങ്ങള്‍ക്ക് വിഭജിച്ചു നല്‍കുകയായിരുന്നു. രാമജന്‍മഭൂമി ന്യാസ്, സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ എന്നിവര്‍ക്ക് ഭൂമി പങ്കിടുന്നതു വഴി ഹിന്ദു-മുസ്‌ലിം-വൈഷ്ണവ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന ധാരണ സൃഷ്ടിക്കാനായിരുന്നു ഹൈക്കോടതി ശ്രമിച്ചത്. കേസിലെ കക്ഷികളാരും ഭൂമി വിഭജിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. ബന്ധപ്പെട്ട കക്ഷികളാരും ഉന്നയിക്കാത്ത ഒരാവശ്യം ഹൈക്കോടതി സ്വന്തം നിലയില്‍ അനുവദിച്ചതിനെ വിചിത്രം എന്നാണ് സുപ്രിംകോടതിയുടെ ഡിവിഷന്‍ ബഞ്ച് വിശേഷിപ്പിച്ചത്. അലഹബാദ് ഹൈക്കോടതിവിധി പുറത്തുവന്നപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് മതേതരശക്തികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് കോടതികള്‍ കേസില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്. അതിനു പകരം ചില വിഭാഗങ്ങളുടെ വിശ്വാസവും ഐതിഹ്യങ്ങളും പരിഗണിച്ച് നിഗമനങ്ങളിലെത്തുകയാണ് ഹൈക്കോടതി ചെയ്തത്. ശ്രീരാമന്റെ ജന്‍മസ്ഥലം ബാബറി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലത്താണെന്നു വരെ ഒരു ജഡ്ജി വിധിച്ചിരുന്നു. ക്ഷേത്രം പൊളിച്ച് അവിടെ പണിതതാണ് ബാബറി പള്ളി എന്നതിന് വിശ്വസനീയമായ തെളിവുകളില്ല. ചില പുരാവസ്തു ഗവേഷകര്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പ്രമുഖ ചരിത്രകാരന്‍മാരും പുരാവസ്തു ഗവേഷകരും അത് അംഗീകരിക്കുന്നില്ല. സംഘപരിവാറുമായി ബന്ധമുള്ളവര്‍ നടത്തിയ പുരാവസ്തു ഗവേഷണത്തിലെ നിഗമനം പക്ഷപാതപരവും അശാസ്ത്രീയവുമാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

ബാബറി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ളതായിരുന്നു കേസ്. അതില്‍ വ്യക്തമായ തീരുമാനമെടുക്കുന്നതിന് പകരം എല്ലാവരെയും തൃപ്തിപ്പെടുത്താമെന്ന വ്യാമോഹത്തില്‍ ഭൂമി വീതം വച്ചു നല്‍കാനാണ് ഹൈക്കോടതി വിധിച്ചത്. വിധിയെ ബന്ധപ്പെട്ട കക്ഷികളെല്ലാം ചോദ്യം ചെയ്തതോടെ അതു പൊളിയുകയും ചെയ്തു. ഭൂമി വീതംവച്ചു നല്‍കുന്നതിനെ കക്ഷികളെല്ലാം എതിര്‍ത്ത കാര്യം സുപ്രിംകോടതി പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മൂന്നു കക്ഷികള്‍ക്കും ഏകാഭിപ്രായമാണെന്നാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്.

ആറു പതിറ്റാണ്ടുകാലത്തെ കോടതി വ്യവഹാരത്തിനൊടുവിലായിരുന്നു ഹൈക്കോടതിയുടെ വിധി. സുപ്രിം കോടതി അന്തിമ വിധി പറയാന്‍ എത്രകാലമെടുക്കുമെന്നറിയില്ല. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിന് സുപ്രിംകോടതി ശ്രമിക്കില്ലെന്നു പ്രതീക്ഷിക്കാം. അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയുടെ വിധി അംഗീകരിക്കാന്‍ ബന്ധപ്പെട്ടവരെല്ലാം തയാറാകണം. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി അയോധ്യ പ്രശ്‌നം സജീവമായി നിലനിര്‍ത്താനാണ് ബി ജെ പിയും സംഘ പരിവാറും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ഒരു കരുമാത്രമാണ് ബി ജെ പിക്ക് രാമജന്മഭൂമി പ്രശ്‌നമെന്ന്, സംഘപരിവാറിന്റെ പ്രവര്‍ത്തകര്‍ പോലും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. പഴയപോലെ വര്‍ഗീയ വികാരം കുത്തിയിളക്കാന്‍ രാമജന്മഭൂമി പ്രശ്‌നത്തിന് കഴിയുന്നില്ലെന്ന് അവര്‍ തിരിച്ചറിയുന്നുമുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ തര്‍ക്ക ഭൂമി പ്രശ്‌നത്തില്‍ തീരുമാനമെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ സുപ്രിംകോടതി തയാറാകുമെന്ന പ്രതീക്ഷ വളര്‍ത്തുന്നതാണ് തിങ്കളാഴ്ച കോടതി പുറപ്പെടുവിച്ച ഉത്തരവ്.

janayugom editorial 110511

1 comment:

  1. ബാബറി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലം മൂന്നായി വിഭജിച്ചു നല്‍കാനുള്ള അലഹബാദ് ഹൈക്കോടതിവിധി സ്റ്റേ ചെയ്തതു വഴി സുപ്രിംകോടതി ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനും സുപ്രിംകോടതിയുടെ നടപടി സഹായകരമായി.

    ReplyDelete