Wednesday, May 11, 2011

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സീ ആം സംവിധാനം

പുനലൂരിലെ താലൂക്കാശുപത്രിയില്‍ അസ്ഥികള്‍ കൂട്ടിയോജിപ്പിക്കുന്നതിന് അത്യാധുനികസംവിധാനം ഒരുങ്ങി. ആരോഗ്യവകുപ്പ് എട്ടരലക്ഷം രൂപ വിലവരുന്ന സീ ആം യന്ത്രസംവിധാനം താലൂക്കാശുപത്രിക്ക് ലഭ്യമാക്കി. അസ്ഥിരോഗചികിത്സകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ആശുപത്രികളില്‍ ജില്ലയില്‍ ജില്ലാആശുപത്രിക്ക് പുറമെ പുനലൂര്‍ താലൂക്കാശുപത്രിക്ക് മാത്രമാണ് ഇപ്പോള്‍ സീ ആം സംവിധാനമുള്ളത്. കേരളത്തില്‍ 10 ആശുപത്രികളില്‍ സീ ആം സേവനം ലഭ്യമാണ്.

പൊട്ടിയ അസ്ഥികള്‍ പുനഃസ്ഥാപിക്കുന്നത് ഏറെ സങ്കീര്‍ണമാണ്. സാധാരണ എക്സ്റേ പരിശോധനയ്ക്കുശേഷം ശസ്ത്രക്രിയ നടത്തിയാലും വീണ്ടും എക്സ്റേ എടുക്കണം. ശസ്ത്രക്രിയയില്‍ പിഴവ് ഉണ്ടായാല്‍ വീണ്ടും മുറിവ് തുറക്കണം. എന്നാല്‍ , സീ ആം ഇത്തരം പ്രശ്നങ്ങള്‍ക്ക് പൂര്‍ണപരിഹാരമേകുന്നു. ഓപ്പറേഷന്‍ തിയറ്ററില്‍ ശസ്ത്രക്രിയാവിദഗ്ധന്റെ സഹായിയായി സീ ആം മെഷീന്‍ പ്രവര്‍ത്തിക്കും. "ഓണ്‍ ടേബിള്‍ എക്സ്റേ എടുക്കാം" എന്നതാണ് ഉപകരണത്തിന്റെ സവിശേഷത. എക്സ്റേ ഫിലിമിന് പകരം രണ്ട് കംപ്യൂട്ടര്‍ മോണിറ്ററുകളില്‍ എല്ലിന്റെ ദൃശ്യങ്ങള്‍ തെളിയും. ഈ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാം. ശസ്ത്രക്രിയ നടക്കുമ്പോള്‍ വലിയ മുറിവുകള്‍ ഉണ്ടാക്കാതെ അസ്ഥികള്‍ പ്ലേറ്റ് ചെയ്യാം. ഓരോ ചലനവും എക്സ്റേ വഴി സ്ക്രീനില്‍ വിശകലനം ചെയ്ത് ചികിത്സിക്കാം. സ്വകാര്യ ആശുപത്രികളില്‍ ഇത്തരം ഉപകരണസഹായത്തോടെയുള്ള ശസ്ത്രക്രിയകള്‍ക്ക് അമ്പതിനായിരം രൂപ ചെലവാകും. താലൂക്കാശുപത്രിയില്‍ പരമാവധി 150 രൂപ അടച്ചാല്‍ മതി.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സീ ആം സഹായത്തോടെ ചൊവ്വാഴ്ച ആദ്യശസ്ത്രക്രിയ നടക്കും. അസ്ഥിരോഗവിദഗ്ധരായ ഡോ. സുനില്‍ ലത്തീഫ്, ഡോ. ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് തുടയെല്ല് തകര്‍ന്ന രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ താലൂക്കാശുപത്രിയില്‍ സീ ആം യന്ത്രസംവിധാനം ഉപയോഗിച്ച് ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷ പറഞ്ഞു.

കൈക്കുഴ, മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇനി താലൂക്കാശുപത്രിയില്‍ നടത്താനാകും. ജില്ലയില്‍ ആദ്യമായി അഞ്ച് ലക്ഷത്തിന്റെ ബ്ലഡ് ഗാസ് അനലൈസറും പുനലൂര്‍ താലൂക്കാശുപത്രിക്ക് ലഭ്യമായി. രക്തത്തിലുള്ള ലവണങ്ങള്‍ , വാതകങ്ങള്‍ എന്നിവയുടെ അളവ് കൃത്യമായ പരിശോധിച്ച് രോഗിയുടെ നില നിരീക്ഷിക്കാന്‍ ലബോറട്ടറിയില്‍ ഉപയോഗിക്കാനാണ് ബ്ലഡ് ഗാസ് അനലൈസര്‍ ലഭ്യമാക്കിയത്. കേരളത്തില്‍ 11 ആശുപത്രികളില്‍ മാത്രമാണ് ഇപ്പോള്‍ ഈ ഉപകരണമുള്ളത്. ലോകത്തിലെ മികച്ച കമ്പനിയുടെ ഉപകരണങ്ങളാണ് ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്കാശുപത്രിയില്‍ കേരള മെഡിക്കല്‍ സയന്‍സ് കോ-ഓപ്പറേഷന്‍ ലഭ്യമാക്കിയിട്ടുള്ളത്്. ഒരാഴ്ചയ്ക്കുള്ളില്‍ അള്‍ട്രാസൗണ്ട് സ്കാന്‍ ഉപകരണങ്ങള്‍ ലഭിക്കും. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആദ്യമായാണ് ആശുപത്രിയിലേക്ക് അത്യാധുനിക ചികിത്സാഉപകരണങ്ങള്‍ ലഭിക്കുന്നത്. മള്‍ട്ടി സ്പെഷ്യാലിറ്റി സ്വകാര്യ ആശുപത്രികളെപോലും പിന്നിലാക്കുന്ന സൗകര്യങ്ങളാണ് എട്ടുകോടി ചെലവില്‍ പരിസ്ഥിതി സൗഹൃദ ആശുപത്രിയായി ഉയര്‍ത്തുന്ന പുനലൂര്‍ താലൂക്കാശുപത്രിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയത്.

deshabhimani 110511

1 comment:

  1. പുനലൂരിലെ താലൂക്കാശുപത്രിയില്‍ അസ്ഥികള്‍ കൂട്ടിയോജിപ്പിക്കുന്നതിന് അത്യാധുനികസംവിധാനം ഒരുങ്ങി. ആരോഗ്യവകുപ്പ് എട്ടരലക്ഷം രൂപ വിലവരുന്ന സീ ആം യന്ത്രസംവിധാനം താലൂക്കാശുപത്രിക്ക് ലഭ്യമാക്കി. അസ്ഥിരോഗചികിത്സകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ആശുപത്രികളില്‍ ജില്ലയില്‍ ജില്ലാആശുപത്രിക്ക് പുറമെ പുനലൂര്‍ താലൂക്കാശുപത്രിക്ക് മാത്രമാണ് ഇപ്പോള്‍ സീ ആം സംവിധാനമുള്ളത്. കേരളത്തില്‍ 10 ആശുപത്രികളില്‍ സീ ആം സേവനം ലഭ്യമാണ്.

    ReplyDelete