Thursday, May 12, 2011

വനാവകാശ നിയമം നടപ്പാക്കിയത് മാതൃകാപരമായി

ആദിവാസി ഭൂവിതരണവുമായി ബന്ധപ്പെട്ട് േകന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദേശീയ വനാവകാശ കമ്മിറ്റി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പിന്നോക്ക ക്ഷേമ മന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദിവാസി വനാവകാശ നിയമ പ്രകാരം സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായാണ് നടപ്പാക്കിയത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ പ്രവൃത്തിയുടെ 80 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 34,055 അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 27,770 എണ്ണത്തിന്റെ സര്‍വെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 24,377 ക്ലെയിം പാസാക്കി 18,694 പേര്‍ക്ക് കൈവശ രേഖകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 2174 എണ്ണം നല്‍കിയിട്ടുണ്ട്. 26,000 ത്തോളം ഏക്കര്‍ ഭൂമി ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ച ബാക്കി ഭൂമി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീര്‍ന്നാല്‍ ഉടന്‍ തന്നെ വിതരണം ചെയ്യാന്‍ സാധിക്കും. മൂന്ന് മാസത്തിനുള്ളില്‍ ഈ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂമി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ഭൂമി വാങ്ങി നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വയനാട് കലക്ടര്‍ക്ക് 50 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഭൂമി വലിയ വില നല്‍കി വാങ്ങാനുള്ള ബുദ്ധിമുട്ടാണ് ഇത് മന്ദഗതിയിലാകാന്‍ കാരണം. ഇതി ദ്രുതഗതിയിലാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആദിവാസികളുടെ പുരോഗതിക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കി. ആദിവാസി കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ എസ്എസ് എല്‍ സി പരീക്ഷ പാസായ സംസ്ഥാനം കേരളമാണ്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിച്ച 518 വിദ്യാര്‍ഥികളില്‍ 508 പേരും വിജയിച്ചു. 2000 ആദിവാസികള്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി വിതരണം  ചെയ്തതെന്ന കേന്ദ്ര മന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ തന്നെ ജീവിതത്തിലെ ഏറ്റവും വലിയ കള്ളമാണ്. വസ്തുതകള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് അദ്ദേഹം ഇത്തരത്തിലൊരു കള്ളം പറഞ്ഞത്. പ്രാക്തന ഗോത്ര വര്‍ഗത്തിന്റെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ 13 -ാം ധനകാര്യ കമ്മിഷന് സമര്‍പ്പിച്ച പദ്ധതിക്കായി 148 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാടര്‍, കറുമ്പര്‍, കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ എന്നീ വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പദ്ധതി നടപ്പാക്കാനുളള ശുപാര്‍ശ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ട്. കാസര്‍കോട്, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലെ 603 ഊരുകൂട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങറ പാക്കേജ് പ്രാകാരം ഭൂമി നല്‍കാന്‍ തീരുമാനിച്ച 1495 പേരില്‍ 421 പേര്‍ മാത്രമാണ് പട്ടയം വാങ്ങിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത റവന്യുമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. പട്ടയം വാങ്ങിയവരില്‍ തന്നെ 88 പേര്‍ മാത്രമാണ് നല്‍കിയ സ്ഥലത്ത് താമസിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും പട്ടയം വാങ്ങാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭൂമി നല്‍കിയ ജില്ലകളില്‍ സമഗ്ര പാക്കേജ് ഇവര്‍ക്കായി രൂപീകരിക്കുന്നുണ്ട്.

കാസര്‍കോട് ജില്ലയിലെ കെ ആര്‍ നാരായണന്‍ മെമ്മോറിയല്‍ കോപ്പറേറ്റീവ് വില്ലേജ് നടപ്പാക്കാന്‍ കലക്ടര്‍ക്ക് 11.50 കോടി നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും ഇത്തരം പാക്കേജുകള്‍ രൂപീകരിച്ച് നടപ്പാക്കും. തിരുവനന്തപുരം ജില്ലയില്‍ ഉഴമലയ്ക്കല്‍ വില്ലേജില്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിക്ക് പകരമായി വനം വകുപ്പിന് പകരം ഭൂമി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വനാവകാശ നിയമം നടപ്പാക്കുന്നതിനായി വനം വകുപ്പ് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.

JANAYUGOM 120511

1 comment:

  1. ആദിവാസി ഭൂവിതരണവുമായി ബന്ധപ്പെട്ട് േകന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദേശീയ വനാവകാശ കമ്മിറ്റി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പിന്നോക്ക ക്ഷേമ മന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദിവാസി വനാവകാശ നിയമ പ്രകാരം സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായാണ് നടപ്പാക്കിയത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ പ്രവൃത്തിയുടെ 80 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 34,055 അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 27,770 എണ്ണത്തിന്റെ സര്‍വെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 24,377 ക്ലെയിം പാസാക്കി 18,694 പേര്‍ക്ക് കൈവശ രേഖകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 2174 എണ്ണം നല്‍കിയിട്ടുണ്ട്. 26,000 ത്തോളം ഏക്കര്‍ ഭൂമി ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

    ReplyDelete