ഒസാമ ബിന്‍ ലാദന് വധത്തിനു തൊട്ടുപിന്നാലെ രൂപപ്പെട്ടുവന്ന സാഹചര്യങ്ങള്‍ ഇന്ത്യ-പാക് ബന്ധത്തില്‍ അവിശ്വാസത്തിന്റെ കൂടുതല്‍ കാര്‍മേഘങ്ങള്‍ പടര്‍ത്താനുള്ള അവസരമായി ദുരുപയോഗിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യ-പാക് ഉഭയരാഷ്ട്രബന്ധം സമാധാനപൂര്‍ണമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരുന്നതിനിടയിലാണ് അബോട്ടാബാദ് സംഭവമുണ്ടായത്. ഇത് മുന്‍നിര്‍ത്തി ബന്ധങ്ങളില്‍ കൂടുതല്‍ കാലുഷ്യമുണ്ടാക്കാന്‍ തീവ്ര-ഭീകരവാദികള്‍മുതല്‍ സാമ്രാജ്യത്വംവരെ ശ്രമിക്കുന്നുണ്ട്. ഇത് ഇരു രാജ്യത്തെയും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇരു രാജ്യവും തമ്മിലുള്ള പിരിമുറുക്കം സംഘര്‍ഷാന്തരീക്ഷത്തിലേക്ക് വളരുന്നത് ലഷ്കര്‍ ഇ തോയ്ബ അടക്കമുള്ള മതതീവ്രവാദ ശക്തികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമാണ്. ആ അന്തരീക്ഷം സ്വന്തം ഭീകര തത്വശാസ്ത്രങ്ങള്‍ പടര്‍ത്തുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അനുയായികളെ ഉണ്ടാക്കിയെടുക്കുന്നതിനും അവര്‍ക്ക് ഉപയോഗിക്കാം. സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടുവരുന്നത് സാമ്രാജ്യത്വശക്തികള്‍ക്കും താല്‍പ്പര്യമുള്ള കാര്യമാണ്. അവരുടെ ഏറ്റവും വലിയ റവന്യൂ സ്രോതസ്സായ പടക്കോപ്പ് നിര്‍മാണ-വില്‍പ്പനരംഗം അതുപയോഗിച്ച് വളര്‍ത്താം; ഇരുരാജ്യത്തിനും ഒരുപോലെ പടക്കോപ്പ് വിറ്റ് പണമുണ്ടാക്കാം. ഇത്തരം നിഗൂഢ താല്‍പ്പര്യങ്ങളുമായി പലരും കാത്തിരിക്കുന്നുവെന്നും അത് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താല്‍പ്പര്യത്തിലല്ല എന്നുമുള്ള തിരിച്ചറിവില്ലാത്ത പരാമര്‍ശങ്ങള്‍ , അഭിപ്രായപ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കപ്പെടേണ്ടതുമാണ്. കൂടുതല്‍ ജാഗ്രതയോടെ പ്രശ്നത്തെ സമീപിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പാകിസ്ഥാനിലെ ഭരണാധികാര സംവിധാനവും സൈന്യവും ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയും പരസ്പര പൊരുത്തത്തോടെ പ്രവര്‍ത്തിക്കുന്ന നില ഒരിക്കലുമില്ല. സിവിലിയന്‍ ഭരണസംവിധാനത്തിന്റെ താല്‍പ്പര്യത്തിനെതിരായ നിലപാട് ഐഎസ്ഐയും സൈന്യവും കൈക്കൊള്ളുന്നതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള മിക്ക ഘട്ടങ്ങളിലും പാകിസ്ഥാന് പട്ടാള ഭരണത്തിലാകുന്നത്. സിവിലിയന്‍ ഭരണത്തെ ഏതുനിമിഷവും സൈനികശക്തി ഗ്രസിക്കാം. ഇടവേളകളില്‍ ജനാധിപത്യ-സിവിലിയന്‍ ഭരണമുണ്ടാകുന്ന വേളയിലാകട്ടെ, ആ ഭരണത്തിന് ഐഎസ്ഐ, സൈന്യം എന്നിവയ്ക്കുമേല്‍ നിര്‍ണായക നിയന്ത്രണമുണ്ടാകാറുമില്ല. അതുകൊണ്ടൊക്കെത്തന്നെ ജനതാല്‍പ്പര്യത്തിനു വിരുദ്ധമായ വഴികളിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ തക്കംപാര്‍ത്തിരിക്കുന്ന സാമ്രാജ്യത്വ കിങ്കരന്മാരും ഭീകരവാദ ഏജന്റുമാരുമൊക്കെ അവിടെ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ക്ക് ഇടപെടാനും മേല്‍ക്കൈ നേടാനും അവസരമൊരുക്കുന്ന ഒന്നും ഒരുഭാഗത്തുനിന്നും ഉണ്ടാകാതെ നോക്കേണ്ടതുണ്ട്.
ഇങ്ങനെ നോക്കുമ്പോഴാണ്, അബോട്ടാബാദ് സംഭവത്തിനു തൊട്ടുപിന്നാലെ, ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ വേണ്ട സംവിധാനവും ശക്തിയും ഇന്ത്യന്‍ പ്രതിരോധസേനയ്ക്കുണ്ട്എന്ന ഇന്ത്യന്‍ കരസേനാ മേധാവി വി കെ സിങ്ങിന്റെ പ്രസ്താവന അനവസരത്തിലുള്ളതും അപക്വവുമായിപ്പോയി എന്നും പറയേണ്ടിവരുന്നത്. വൈകാരിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് സൈന്യാധിപന്മാര് ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നേതൃപാടവം പ്രതിരോധമന്ത്രി എ കെ ആന്റണി കാണിക്കേണ്ടതുണ്ട്. വി കെ സിങ്ങിന്റെ പ്രസ്താവന അവസരംപാര്‍ത്ത് കഴിയുന്ന പാക് ഭീകരശക്തികളെയും അവിടത്തെ സൈന്യത്തെയും ഇന്റലിജന്‍സ് ഏജന്‍സിയെയും സന്തോഷിപ്പിച്ചു. ഇന്ത്യയുമായി ചര്‍ച്ച നടത്തിയിരുന്ന ഭരണസംവിധാനത്തെ ക്ഷീണിപ്പിച്ചു. അവിടത്തെ ഭരണസംവിധാനത്തെയാകെ മറികടന്ന് പാക് ആര്‍മിയുടെ അധിപന് എതിര്‍പ്രസ്താവനയുമായി രംഗത്തുവന്നു. ദുര് സാഹസങ്ങള്‍ക്ക് മുതിര്‍ന്നാല്‍ വിനാശകരമാകും ഫലം എന്നാണ് കരസേനാധിപനായ അഷാഖ് പര്‍വേസ് കയാനി പറഞ്ഞത്. കയാനിയുടെ നിഴല്‍പറ്റി പാകിസ്ഥാന്റെ വിദേശകാര്യ സെക്രട്ടറി സല്മാന് ബഷീറിനും ഏതാണ്ട് ഇതേ സ്വരത്തില്‍ പറയേണ്ടിവന്നു. കയാനിയുടെ നിഴല്പറ്റിയേ അവിടെ വിദേശവകുപ്പിന് നിലനില്ക്കാനാകൂ എന്നാണ് ഇത് കാണിക്കുന്നത്. കരസൈന്യാധിപനു മുന്‍കൈ കിട്ടുന്ന വേളകളില്‍ ഭരണസംവിധാനത്തിന് നിര്‍വീര്യമായി പിന്‍വാങ്ങി നില്‍ക്കേണ്ടിവരുമെന്നാണ് ഇത് കാണിക്കുന്നത്. അത്തരം മേല്‍ക്കൈകള്‍ അക്കൂട്ടര്‍ക്ക് കിട്ടുന്നത് ഒഴിവാക്കേണ്ടതുണ്ട്.
ഇപ്പോള്‍ 740 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി നിയന്ത്രണരേഖയില്‍ പാക് സൈന്യത്തെ ജാഗ്രതപ്പെടുത്തി നിര്‍ത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണുന്നത്. എന്തിനെയും നേരിടാനുള്ള കെല്‍പ്പ് നമുക്കുണ്ട്. എങ്കിലും ഒഴിവാക്കേണ്ടവ ഒഴിവാക്കേണ്ടതുതന്നെയാണ്. പാകിസ്ഥാനില്‍ ഐഎസ്ഐയും സൈന്യവും ചേര്‍ന്ന് തീവ്രവാദ-ഭീകരശക്തികളെ സഹായിക്കുന്ന നിലയാണ് ഏറെക്കാലമായുള്ളത്. സിവിലിയന്‍ ഭരണം ആഗ്രഹിക്കുന്നവര്‍ക്കുപോലും ഇവരുടെ ശക്തിമൂലം തീവ്രവാദവിരുദ്ധപ്രവര്ത്തനം വിജയിപ്പിച്ചെടുക്കാനാകുന്നില്ല എന്ന നില. പാകിസ്ഥാന്റെ മൊത്തം ദേശീയ വരുമാനത്തിന്റെ ആറ് ശതമാനം തീവ്രവാദ-ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കേണ്ടിവരുന്നത് ഇതുകൊണ്ടാണ്.
സൈന്യാധിപനായ കയാനിക്ക് മേല്‍ക്കൈ കിട്ടുന്ന നിലയാണ് ഇപ്പോള്‍ അവിടെയുള്ളത്. ഇയാള്‍ മുമ്പ് ഐഎസ്ഐ തലവനായിരുന്നു. അയാള്‍ ഐഎസ്ഐയെ ഭരിച്ച ഘട്ടത്തിലാണ് ഒസാമ ബിന്‍ ലാദന് പാകിസ്ഥാനിലെത്തിയത് എന്ന് അമേരിക്ക പറയുന്നു. ഇയാള്‍ മതതീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും ഇന്ത്യാവിരുദ്ധതയുടെയും വക്താവാണ്. ഗവണ്മെന്റിനോട് എന്നതിലുപരിയായി, ഇയാളോട് വ്യക്തിപരമായ വിധേയത്വം പുലര്‍ത്തുന്നയാളുകളാണ് ഐഎസ്ഐ തലവന്മാരായി ഇയാള്‍ക്കുപിന്നാലെ വന്ന നദിം താജും ഇപ്പോഴത്തെ പൂജാ പാഷയും. 2008ലെ മുംബൈ കൂട്ടക്കൊല, കാബൂള്‍ ഇന്ത്യന്‍ എംബസി ആക്രമണം തുടങ്ങിയവ കയാനി ഐഎസ്ഐ അധിപനായിരുന്ന വേളയിലാണുണ്ടായത്. മുംബൈ ആക്രമണത്തിന്റെ ആസൂത്രകനായ സിഐഎ-ലഷ്കര്‍ ഇ തോയ്ബാ ഇരട്ട ഏജന്റ് ഡേവിസ് ഹെഡ്ലിയെ ഇന്ത്യയിലേക്ക് നിയോഗിച്ചതുപോലും കയാനിയായിരുന്നെന്ന് അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വിക്കിലീക്സ് രേഖകള്‍ വ്യക്തമാക്കുന്നത്, പാക് അതിര്‍ത്തിപ്രദേശങ്ങളില്‍ ഇന്ത്യാവിരുദ്ധ ഭീകരക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയുടെ കൃത്യമായ അറിവോടും അനുവാദത്തോടുംകൂടിയാണ് എന്നാണ്. ഇതെല്ലാം കാണിക്കുന്നത്, അമേരിക്ക ഒസാമ വധവുമായി ഇന്ന് പറയുന്നതെല്ലാം വെള്ളംചേര്‍ക്കാതെ വിഴുങ്ങാവുന്നതല്ല എന്ന സത്യമാണ്. അമേരിക്കയ്ക്ക് പാക് ആര്‍മി ചീഫ് കയാനിയുമായിപ്പോലും ബന്ധമുണ്ട് ഇന്ന് എന്നും വരാം. പാക് ഭരണാധികാരത്തില്‍ കണ്ണുള്ള കയാനി അമേരിക്കയുമായി ചേര്ന്നുനില്ക്കുന്നെന്നു വരാം. അതുകൊണ്ടാകാം ബിന്‍ ലാദനെ വധിക്കാന്‍ പോയ യുഎസ് ഹെലികോപ്റ്ററുകള്‍ കയാനിയുടെ സൈന്യം കാണാതിരുന്നത് എന്നും വരാം. അതിര്‍ത്തിയില്‍ ഇന്ത്യാവിരുദ്ധ ഭീകരക്യാമ്പുകള്‍ കയാനി നടത്തുന്നതറിഞ്ഞിട്ടും അമേരിക്ക കണ്ടില്ലെന്നു നടിക്കുന്നത് ഇതൊക്കെയുമായിബന്ധപ്പെട്ട കാര്യങ്ങളാണെന്നു വരാം.
ഇത്തരം സാധ്യതകളെക്കുറിച്ചറിയാന്‍ മിനക്കെടാതെ, കയാനിയെപ്പോലൊരാള്ക്ക് പാക് സംവിധാനത്തിന് മേല്‍ക്കൈ നേടാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരിടത്തുനിന്നും ഉണ്ടായിക്കൂടാ. വേണ്ടത് വിവേകത്തിന്റെയും സംയമനത്തിന്റെയും ഭാഷയാണ്; ഒപ്പം ജാഗ്രത്തായ നടപടികളും.
deshabhimani editorial 130511

ReplyDelete