അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ കേസ് പുതിയ വഴിത്തിരിവില്‍ . ബാബറിപള്ളി നിലനിന്ന ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വീണ്ടും വിശദമായ വാദംകേള്‍ക്കലിനാണ് വഴിയൊരുങ്ങുന്നത്. ഇനി സുപ്രീംകോടതിയില്‍ കേസ് എത്രനാള്‍ തുടരുമെന്ന ചോദ്യമാണ് ഉയരുന്നത്. വേനലവധിക്കുശേഷമേ കേസില്‍ പുരോഗതിയുണ്ടാകൂ. 16ന് പിരിയുന്ന കോടതി ജൂലൈ നാലിന് വീണ്ടും ചേരും. രണ്ടംഗ ബെഞ്ചില്‍ ജസ്റ്റിസ് അഫ്താബ് അലം 2013 ഏപ്രിലില്‍ വിരമിക്കും. ജസ്റ്റിസ് ആര്‍ എം ലോധയ്ക്ക് 2014 സെപ്തംബര്‍വരെയാണ് കാലാവധി. ഹൈക്കോടതിയില്‍ കേസ് മുന്നോട്ട് നീങ്ങിയതിന്റെ വേഗം പരിശോധിക്കുമ്പോള്‍ ഇതേ ജഡ്ജിമാരുടെ കാലയളവില്‍ അന്തിമ തീര്‍പ്പുണ്ടാകാനിടയില്ല. ബെഞ്ചില്‍ പുതിയ ജഡ്ജിമാര്‍ വന്നാല്‍ കേസ് ആദ്യംതൊട്ട് ആരംഭിക്കേണ്ടിവരും. ഏറെ വൈകാരികതലങ്ങളുള്ള കേസെന്ന നിലയില്‍ കരുതലോടെയാകും സുപ്രീംകോടതിയുടെ സമീപനം. ഹൈക്കോടതി വിധി സ്റ്റേചെയ്യുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഒരേ അഭിപ്രായമാണെന്നും ഏകകണ്ഠമായാണ് തീരുമാനമെന്നും ജസ്റ്റിസ് അഫ്താബ് അലവും ജസ്റ്റിസ് ലോധയും വ്യക്തമാക്കിയതില്‍നിന്നുതന്നെ കേസിന്റെ സങ്കീര്‍ണത ബോധ്യപ്പെടും.
ചരിത്രവും വിശ്വാസവും കെട്ടുപിണഞ്ഞ കേസായതുകൊണ്ടുതന്നെ ഹൈക്കോടതിയുടെ സമീപനത്തില്‍നിന്നു വ്യത്യസ്തമായി തികച്ചും നിയമപരവും ശാസ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ത്തന്നെ സുപ്രീംകോടതിക്ക് മുന്നോട്ടുപോകേണ്ടി വരും. കേസിന്റെ സങ്കീര്‍ണത കണക്കിലെടുക്കുമ്പോള്‍ രണ്ടംഗ ബെഞ്ചെന്നത് മാറി കൂടുതല്‍ വിപുലമായ ബെഞ്ചോ അതല്ലെങ്കില്‍ ഭരണഘടനാ ബെഞ്ചുതന്നെയോ കേസ് കേള്‍ക്കാന്‍ രൂപപ്പെട്ടേക്കാം.
അതേസമയം, സുപ്രീംകോടതി ഉത്തരവ് ബന്ധപ്പെട്ട കക്ഷികള്‍ സ്വാഗതംചെയ്തു. സ്റ്റേ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സുന്നി വഖഫ്ബോര്‍ഡ് അഭിഭാഷകന്‍ സഫര്യാബ് ജീലാനി പറഞ്ഞു. രാജ്യത്ത് സമാധാനപരമായ അവസ്ഥ തുടരുന്നതിന് സുപ്രീംകോടതി ഇടപെടല്‍ സഹായകമാകും. ഭൂമി പൂര്‍ണമായും തങ്ങള്‍ക്ക് വേണമെന്ന ആവശ്യമാണ് കേസിലെ എല്ലാ കക്ഷികളും ഉന്നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്റ്റേ ഉത്തരവ് തികച്ചും ന്യായയുക്തമാണ്- ജീലാനി പറഞ്ഞു. ഭൂമി വിഭജിക്കണമെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ലെന്നും ഭൂമി പൂര്‍ണമായും അമ്പലം പണിയാനായി ലഭിക്കണമെന്നാണ് താല്‍പ്പര്യപ്പെടുന്നതെന്നും സുപ്രീംകോടതി ഇടപെടല്‍ സ്വാഗതം ചെയ്തുകൊണ്ട് രാംലല്ല വിരജ്മാനെ പ്രതിനിധാനംചെയ്യുന്ന രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. പള്ളി പൊളിച്ച സ്ഥലത്ത് സംഘപരിവാര്‍ പണിത രാമന്റെ താല്‍ക്കാലിക അമ്പലത്തില്‍ പൂജ തുടരാമെന്ന് രവിശങ്കര്‍പ്രസാദ് പറഞ്ഞു.
തടഞ്ഞത് ഹൈക്കോടതിയുടെ മാധ്യസ്ഥവിധിയെ
ന്യൂഡല്‍ഹി: അയോധ്യയിലെ 2.77 ഏക്കര്‍ സ്ഥലത്തെ ഉടമസ്ഥാവകാശം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ വിധി നിലനില്‍ക്കില്ലെന്ന നിയമവിശാരദരുടെയും രാഷ്ട്രീയപാര്‍ടികളുടെയും നിരീക്ഷണം സാധൂകരിക്കുന്നതായി സുപ്രീംകോടതിയുടെ സ്റ്റേ. വിധി പ്രഖ്യാപിക്കുന്നതിന് പകരം തര്‍ക്കത്തിലേര്‍പ്പെട്ട കക്ഷികള്‍ തമ്മില്‍ ഒരു അനുരഞ്ജനത്തിലെത്തിച്ച് പ്രശ്നം പരിഹരിക്കുകയെന്ന രാഷ്ട്രീയദൗത്യം ഹൈക്കോടതി ഏറ്റെടുത്തതിനെ വിചിത്രമെന്ന് വിശേഷിപ്പിച്ചാണ് സുപ്രീംകോടതി സ്റ്റേചെയ്തത്. അറുപത് വര്‍ഷം കാത്തിരുന്ന അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് നടത്തിയ വിധിപ്രഖ്യാപനം ഉത്തരത്തിനുപകരം പുതിയ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്.
അലഹബാദ് ഹൈക്കോടതി വിധിയനുസരിച്ച് 1949ല്‍ ഹിന്ദുസന്യാസിമാരുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ രാത്രി ബാബറി മസ്ജിദിനുള്ളില്‍ സ്ഥാപിച്ച രാമവിഗ്രഹവും അതിന് ചുറ്റുമുള്ള സ്ഥലവും ഹിന്ദു മഹാസഭയ്ക്കാണ് നല്‍കിയത്. 1950ല്‍ ആദ്യം പരാതി സമര്‍പ്പിച്ച ഗോപാല്‍ വിശാരദാണ് ഹിന്ദു മഹാസഭയെ പ്രതിനിധാനംചെയ്ത് ഫൈസാബാദ് കോടതിയില്‍ കേസ് നല്‍കിയത്. യഥാര്‍ഥത്തില്‍ വിശാരദ് ആവശ്യപ്പെട്ടിരുന്നത് രണ്ട് കാര്യങ്ങളാണ്. രാമപൂജ നടത്താനുള്ള അവകാശം ലഭിക്കണം, വിഗ്രഹം മാറ്റാന്‍ ആരെയും അനുവദിക്കരുത്. ഈ രണ്ട് ആവശ്യങ്ങള്‍ക്കും പുറമെ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ട പ്രദേശംതന്നെ അവര്‍ക്ക് നല്‍കാനാണ് കോടതി തീരുമാനിച്ചത്. പരാതിക്കാര്‍ ആവശ്യപ്പെടാത്ത കാര്യം നല്‍കുകയാണ് കോടതി ചെയ്തിട്ടുള്ളത്. മറ്റൊരു കക്ഷിയായ നിര്‍മോഹി അഖാഡ 1959 ലാണ് ഫൈസാബാദ് കോടതിയില്‍ പരാതി നല്‍കിയത്. ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഭരണാവകാശം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച റിസീവറില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കണമെന്നായിരുന്നു നിര്‍മോഹി അഖാഡയുടെ ആവശ്യം. എന്നാല്‍ , ആവശ്യം പരിഗണിച്ചില്ലെങ്കിലും മൂന്നിലൊന്ന് ഭൂമി നല്‍കാന്‍ കോടതി തയ്യാറായി. ബാബറി മസ്ജിദിനോട് ചേര്‍ന്നുനിന്നിരുന്ന സീത രസോയി, ബ്രിട്ടീഷുകാരുടെ കാലത്ത് ശ്രീരാമ ആരാധനയ്ക്കായി നല്‍കിയ വേദിയായ രാംചബൂത്ര എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് അഖാഡയ്ക്ക് നല്‍കിയത്. ബാക്കിയുള്ള മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നല്‍കി. 1940 ല്‍ ഷിയ-സുന്നി തര്‍ക്കമുണ്ടാവുകയും കേസ് കോടതിയിലെത്തുകയും ചെയ്തപ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കോടതി നല്‍കിയത് സുന്നി വഖഫ് ബോര്‍ഡിന്. അതിനുശേഷമാണ് രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടതും വിശാരദും രാമചന്ദ്ര പരമഹംസും നിര്‍മോഹി അഖാഡയും മറ്റും കോടതിയില്‍ കേസ് ഫയല്‍ ചെയ്തതും. ഈ കക്ഷികളുടെ ഉടമസ്ഥാവകാശം അനുവദിക്കരുതെന്നും തങ്ങളുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തണമെന്നുമായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം.
എന്നാല്‍ , അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കായി വീതിച്ചു നല്‍കുകയാണുണ്ടായത്. നിയമത്തിന്റെ കണ്ണിലൂടെ ഉടമസ്ഥാവകാശം നിശ്ചയിക്കുന്നതിനു പകരം സമവായത്തിലൂടെയുള്ള പരിഹാരശ്രമമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് നടത്തിയത്. കോടതിവിധിയിലെ മറ്റൊരു പ്രധാന വശം രാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന പ്രസ്താവനയാണ്. 2003ല്‍ പുരാവസ്തു വകുപ്പ് നടത്തിയ ഉദ്ഖനനമാണ് ഇതിന് അടിസ്ഥാനമെന്ന പരാമര്‍ശമാണ് കോടതി നടത്തിയിട്ടുള്ളത്. എന്നാല്‍ , ഈ ഉദ്ഖനനം പല കോണുകളില്‍നിന്നും ചോദ്യംചെയ്യപ്പെട്ടതാണ്. ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അത് രാമക്ഷേത്രമാണെന്ന് തെളിയിക്കാനായിട്ടില്ല.
(വി ബി പരമേശ്വരന്‍)
അലഹബാദ് ഹൈക്കോടതി വിധിച്ചത്
മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി രാമജന്മഭൂമി ന്യാസിനും സുന്നിവഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ചുനല്‍കാന്‍ 2010 സെപ്തംബര്‍ 30നാണ് അലഹബാദ് ഹൈക്കോടതി വിധിച്ചത്. മൂന്നംഗബെഞ്ചില്‍ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജസ്റ്റിസുമാരായ എസ് യു ഖാന്‍ , സുധീര്‍ അഗര്‍വാള്‍ എന്നിവര്‍ ഭൂമി മൂന്നായി പങ്കുവയ്ക്കാന്‍ ഉത്തരവിട്ടു. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച ജസ്റ്റിസ് ധരംവീര്‍ശര്‍മ ഭൂമി പൂര്‍ണമായും ഹിന്ദുസംഘടനകള്‍ക്ക് വിട്ടുകൊടുക്കാന്‍ വിധിയെഴുതി. മൂന്നംഗബെഞ്ചിന്റെ ഭൂരിപക്ഷാഭിപ്രായം തള്ളണമെന്നും ജസ്റ്റിസ് ശര്‍മയുടെ വിധി നടപ്പാക്കണമെന്നുമാണ് സുപ്രീംകോടതിയില്‍ നിര്‍മോഹി അഖാഡയും ഹിന്ദുമഹാസഭയും ആവശ്യപ്പെട്ടത്. സുന്നി വഖഫ് ബോര്‍ഡ്, ജമിയത്ത് ഉലമ ഹിന്ദ് എന്നീ കക്ഷികളാകട്ടെ, വിധി തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
deshabhimani 100511
അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ കേസ് പുതിയ വഴിത്തിരിവില്‍ . ബാബറിപള്ളി നിലനിന്ന ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വീണ്ടും വിശദമായ വാദംകേള്‍ക്കലിനാണ് വഴിയൊരുങ്ങുന്നത്. ഇനി സുപ്രീംകോടതിയില്‍ കേസ് എത്രനാള്‍ തുടരുമെന്ന ചോദ്യമാണ് ഉയരുന്നത്. വേനലവധിക്കുശേഷമേ കേസില്‍ പുരോഗതിയുണ്ടാകൂ. 16ന് പിരിയുന്ന കോടതി ജൂലൈ നാലിന് വീണ്ടും ചേരും. രണ്ടംഗ ബെഞ്ചില്‍ ജസ്റ്റിസ് അഫ്താബ് അലം 2013 ഏപ്രിലില്‍ വിരമിക്കും. ജസ്റ്റിസ് ആര്‍ എം ലോധയ്ക്ക് 2014 സെപ്തംബര്‍വരെയാണ് കാലാവധി. ഹൈക്കോടതിയില്‍ കേസ് മുന്നോട്ട് നീങ്ങിയതിന്റെ വേഗം പരിശോധിക്കുമ്പോള്‍ ഇതേ ജഡ്ജിമാരുടെ കാലയളവില്‍ അന്തിമ തീര്‍പ്പുണ്ടാകാനിടയില്ല. ബെഞ്ചില്‍ പുതിയ ജഡ്ജിമാര്‍ വന്നാല്‍ കേസ് ആദ്യംതൊട്ട് ആരംഭിക്കേണ്ടിവരും. ഏറെ വൈകാരികതലങ്ങളുള്ള കേസെന്ന നിലയില്‍ കരുതലോടെയാകും സുപ്രീംകോടതിയുടെ സമീപനം. ഹൈക്കോടതി വിധി സ്റ്റേചെയ്യുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഒരേ അഭിപ്രായമാണെന്നും ഏകകണ്ഠമായാണ് തീരുമാനമെന്നും ജസ്റ്റിസ് അഫ്താബ് അലവും ജസ്റ്റിസ് ലോധയും വ്യക്തമാക്കിയതില്‍നിന്നുതന്നെ കേസിന്റെ സങ്കീര്‍ണത ബോധ്യപ്പെടും.
ReplyDelete