Sunday, May 8, 2011

എയര്‍ ഇന്ത്യയില്‍ നടന്നത് ഭീമമായ അഴിമതി

പത്തുദിവസം നീണ്ടുനിന്ന എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ പണിമുടക്ക് വെള്ളിയാഴ്ച രാത്രിയോടെ അവസാനിച്ചു. പണിമുടക്കിനെത്തുടര്‍ന്ന് 90 ശതമാനത്തോളം സര്‍വീസുകളും റദ്ദാക്കപ്പെട്ടതിന്റെ ഫലമായി എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 80 കോടിയിലധികം രൂപയാണെന്നാണ് കണക്കാക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെങ്കിലും ജറ്റ് എയര്‍വെയ്‌സ്, കിങ്ഫിഷര്‍, ഇന്‍ഡിഗോ, സ്‌പൈയ്‌സ് ജെറ്റ് തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് വന്‍ലാഭമുണ്ടായി. എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടത്തിലും വളരെ കൂടുതലാണ് സ്വകാര്യ കമ്പനികളുടെ ലാഭം. പണിമുടക്കിന്റെ മറവില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ടിക്കറ്റ്‌നിരക്കില്‍ വന്‍വര്‍ധന വരുത്തി. അമ്പതു മുതല്‍ നൂറു ശതമാനം വരെ ചാര്‍ജ് വര്‍ധിപ്പിച്ച കമ്പനികളുണ്ട്. ഈ പകല്‍ക്കൊള്ളയ്‌ക്കെതിരെ ചെറുവിരലനക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പും അധികൃതരും തയ്യാറായില്ല. പണിമുടക്ക് നീണ്ടുപോയി സ്വകാര്യ വിമാനക്കമ്പനികള്‍ കൊള്ളലാഭക്കൊയ്ത്ത് നടത്തുന്നതിന് അവസരമൊരുക്കുന്ന സമീപനമായിരുന്നു അധികൃതരുടേത്. ആഭ്യന്തര സര്‍വീസ് നടത്തിവന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് നാലുവര്‍ഷം മുമ്പ് എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചതിനെത്തുടര്‍ന്ന് രണ്ട് കമ്പനികളിലേയും പൈലറ്റുമാരുടെ ശമ്പളനിരക്കില്‍ നിലനില്‍ക്കുന്ന അന്തരം അവസാനിപ്പിക്കുക, എയര്‍ ഇന്ത്യാ മാനേജ്‌മെന്റിന്റെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൈലറ്റുമാര്‍ പണിമുടക്ക് തുടങ്ങിയത്. അവരുമായി ചര്‍ച്ച നടത്തി പണിമുടക്ക് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പകരം ഭീഷണിയുടെയും പകപോക്കലിന്റെയും പാതയാണ് അധികൃതര്‍ അവലംബിച്ചത്. പണിമുടക്ക് പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന് സിവില്‍ വ്യോമയാന വകുപ്പുമന്ത്രി വയലാര്‍ രവി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. പണിമുടക്കില്‍ പങ്കെടുത്ത പൈലറ്റുമാരില്‍ ചിലരെ പിരിച്ചുവിട്ടു. അവരുടെ സംഘടനയുടെ അംഗീകാരം റദ്ദാക്കി. ഇതൊന്നും പൈലറ്റുമാരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. തുടര്‍ന്ന് അവരുടെ സംഘടനാ നേതാക്കന്മാരുമായി ചര്‍ച്ച നടത്താന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമായി. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്നും സംഘടനയുടെ അംഗീകാരം പുനസ്ഥാപിക്കാമെന്നും ശമ്പളപരിഷ്‌കരണത്തെ കുറിച്ച് സമയബന്ധിതമായി തീരുമാനമെടുക്കാമെന്നും ചര്‍ച്ചയില്‍ മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പണിമുടക്ക് അവസാനിച്ചത്.

എയര്‍ ഇന്ത്യയില്‍ നടന്ന ഭീമമായ അഴിമതികളെയും വെട്ടിപ്പുകളെയും കുറിച്ച് പൈലറ്റുമാര്‍ ഉന്നയിച്ച ആക്ഷേപം ശരിവയ്ക്കുന്നതാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. സ്വകാര്യ വിമാനക്കമ്പനികള്‍ക്കു വേണ്ടി എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ ബോധപൂര്‍വ്വം തകര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സിനെ എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചത് ഭാരിച്ച സാമ്പത്തികബാധ്യത സൃഷ്ടിച്ചതല്ലാതെ എയര്‍ ഇന്ത്യയ്ക്ക് ഒരു ഗുണവും ചെയ്തില്ല.

എയര്‍ ഇന്ത്യയ്ക്കു വേണ്ടി 111 വിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയത്. 2005ല്‍ 43 വിമാനങ്ങളാണ് വാങ്ങിയത്. എയര്‍ ഇന്ത്യയുടെ സാമ്പത്തികശേഷി പരിശോധിക്കാതെയായിരുന്നു ഈ ഇടപാടിന് സിവില്‍ വ്യോമയാന മന്ത്രാലയം പച്ചക്കൊടി കാണിച്ചത്. ഇതിന് പുറമെ 68 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചു. 28 വിമാനങ്ങള്‍ വാങ്ങണമെന്ന് എയര്‍ ഇന്ത്യാ മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍, 68 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കാനായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ കല്‍പ്പന. ഈ ഇടപാടില്‍ ഭീമമായ അഴിമതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സി എ ജി റിപ്പോര്‍ട്ട് അത് ശരിവച്ചിരിക്കുകയാണ്. ജറ്റ് എയര്‍വേയ്‌സ്, കിങ് ഫിഷര്‍ തുടങ്ങിയ സ്വകാര്യ കമ്പനികളെയും ചില വിദേശ കമ്പനികളെയും സഹായിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ചതിലും അഴിമതിയുണ്ടെന്ന് പൈലറ്റുമാരുടെ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. സി എ ജി റിപ്പോര്‍ട്ട് അതും ശരിവച്ചിട്ടുണ്ട്. വ്യോമയാന മേഖലയില്‍ ഉദാരവത്കരണ-ആഗോളവത്കരണ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ തകര്‍ക്കുകയായിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ സാഹചര്യം ഒരുക്കിക്കൊടുത്ത് ഭരണനേതൃത്വത്തിലുള്ളവര്‍ അതിന്റെ പങ്ക് പറ്റി.

പുതിയ വിമാനങ്ങള്‍ വാങ്ങിയ ഇടപാടും എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ചതും ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. എയര്‍ ഇന്ത്യയില്‍ നടന്ന അഴിമതികളെക്കുറിച്ച് പൈലറ്റുമാരുടെ സംഘടന ഉന്നയിച്ച ആക്ഷേപങ്ങളുടെയും സി എ ജി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഉന്നതതലത്തിലുള്ള അന്വേഷണമാണ് ആവശ്യം. ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ സിവില്‍ വ്യോമയാന വകുപ്പ് കൈകാര്യം ചെയ്തത് യു പി എ ഘടകകക്ഷിയായ എന്‍ സി പിയുടെ നേതാവായ പ്രഫുല്‍ പട്ടീലായിരുന്നു. 2ജി സ്‌പെക്ട്രം ഇടപാടിന്റെ കാര്യത്തിലെന്നതു പോലെ, കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മര്‍ദ്ദം മൂലം ഘടകകക്ഷി കൈകാര്യം ചെയ്ത വകുപ്പില്‍ നടന്നതൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞൊഴിഞ്ഞ് മാറാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തുനിയില്ലെന്ന് പ്രതീക്ഷിക്കാം. സി എ ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വരുമ്പോള്‍ ഈ അഴിമതിയോടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കും.

janayugom editorial 080511

1 comment:

  1. പത്തുദിവസം നീണ്ടുനിന്ന എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ പണിമുടക്ക് വെള്ളിയാഴ്ച രാത്രിയോടെ അവസാനിച്ചു. പണിമുടക്കിനെത്തുടര്‍ന്ന് 90 ശതമാനത്തോളം സര്‍വീസുകളും റദ്ദാക്കപ്പെട്ടതിന്റെ ഫലമായി എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 80 കോടിയിലധികം രൂപയാണെന്നാണ് കണക്കാക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെങ്കിലും ജറ്റ് എയര്‍വെയ്‌സ്, കിങ്ഫിഷര്‍, ഇന്‍ഡിഗോ, സ്‌പൈയ്‌സ് ജെറ്റ് തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് വന്‍ലാഭമുണ്ടായി. എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടത്തിലും വളരെ കൂടുതലാണ് സ്വകാര്യ കമ്പനികളുടെ ലാഭം. പണിമുടക്കിന്റെ മറവില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ടിക്കറ്റ്‌നിരക്കില്‍ വന്‍വര്‍ധന വരുത്തി. അമ്പതു മുതല്‍ നൂറു ശതമാനം വരെ ചാര്‍ജ് വര്‍ധിപ്പിച്ച കമ്പനികളുണ്ട്. ഈ പകല്‍ക്കൊള്ളയ്‌ക്കെതിരെ ചെറുവിരലനക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പും അധികൃതരും തയ്യാറായില്ല. പണിമുടക്ക് നീണ്ടുപോയി സ്വകാര്യ വിമാനക്കമ്പനികള്‍ കൊള്ളലാഭക്കൊയ്ത്ത് നടത്തുന്നതിന് അവസരമൊരുക്കുന്ന സമീപനമായിരുന്നു അധികൃതരുടേത്.

    ReplyDelete