തൃക്കരിപ്പൂര്‍ : ഫോട്ടോഗ്രാഫി മേഖലയില്‍ ഡിജിറ്റല്‍ ക്യാമറകളും കംപ്യൂട്ടറുകളും വ്യാപകമായതോടെ ഫിലിം റോളുകളും ഡാര്‍ക്ക് റൂമുകളും വിസ്മൃതിയിലേക്ക്. പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ ഫോട്ടോഗ്രാഫി രംഗത്ത് അരങ്ങ് കീഴടക്കുമ്പോള്‍ നാട്ടിന്‍പുറത്തെ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറ ക്കണ്ണുകള്‍ക്ക് നിറം മങ്ങിത്തുടങ്ങി. രാസവസ്തുക്കള്‍ കൂട്ടി കലര്‍ത്തിയും പ്രകാശം കടത്തിവിട്ടും പ്രിന്റുപേപ്പറുകളില്‍ ഫോട്ടോ പതിപ്പിക്കുന്ന ഇരുട്ടുമുറികള്‍ ഇന്ന് കാണാനില്ല.
ഒരു പതിറ്റാണ്ട് മുമ്പുവരെ കൂര്‍ത്ത മുനയുള്ള പെന്‍സില്‍ കൊണ്ട് ബള്‍ബ് വെട്ടത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിമില്‍ മുഖത്തെ പാടുകള്‍ മിനുക്കുന്ന കാഴ്ച സ്റ്റുഡിയോയിലെത്തുന്നവര്‍ക്ക് കൗതുകമായിരുന്നു. മൂന്ന് കാലില്‍ തൂക്കി മുന്‍ വശത്തെ അടപ്പുതുറന്ന് റെഡി എന്നുപറഞ്ഞ ഫീല്‍ഡ് ക്യാമറയുടെ പിന്മാറ്റത്തോടെ സജീവമായിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് 120 ക്യാമറകളായ യാഷികയും ഒളിംപ്യസും അധികം താമസിയാതെ മെമ്മറി കാര്‍ഡില്‍ ഒതുങ്ങുന്ന ഡിജിറ്റല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ വഴിമാറി. ഗ്രാമങ്ങളില്‍പോലും ഇത്തരം പുത്തന്‍ സാങ്കേതിക വിദ്യകള്‍ സജീവമാണ്. 30,000 മുതല്‍ നാലു ലക്ഷം രൂപവരെ വിലയുള്ള ക്യാമറകളാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. തൃക്കരിപ്പൂരിലെ ആദ്യ ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമ കണ്ണന് ഫോട്ടോഫാസ്റ്റിന്റെ ശേഖരത്തില്‍ ഈ രംഗത്ത് 27 വര്‍ഷം പിന്നിടുമ്പോള്‍ മുപ്പതിലേറെ ഫിലിം ക്യാമറകളും അത്ര തന്നെ വിലപിടിപ്പുള്ള വിദേശ നിര്‍മിത ലെന്‍സുകളുമാണ് സ്വന്തമായുള്ളത്. കാനോന്‍ എഎഫ് 1, നിക്കോണ്‍ എഫ്ജി, പെന്‍ടെക്സ് 1000, യാഷിക എം 900, മാറ്റ് 124, ലുബിട്ടല്‍ 166 ബി തുടങ്ങി മൂന്ന് പതിറ്റാണ്ടോളം ആയിരങ്ങളുടെ ചിത്രം ഒപ്പിയെടുത്ത ക്യാമറകള്‍ ഇപ്പോള്‍ പുറംലോകം കാണാതെ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു.
സിനിമാ ചിത്രീകരണത്തിനുള്ള 5 ഡി, 7 ഡി ക്യാമറകളും നാട്ടിന്‍പുറത്തെ സ്റ്റുഡിയോകളില്‍ സുലഭമാണെന്ന് കണ്ണന് പറഞ്ഞു. മുന്‍കാലങ്ങളില്‍ കോയമ്പത്തൂരില്‍നിന്നാണ് ഇത്തരം ക്യാമറകള്‍ കേരളത്തിലെത്തുന്നതെങ്കില്‍ ഇപ്പോള്‍ തൃശൂരില്‍നിന്ന് വാങ്ങാന്‍ കഴിയും. 1999ല്‍ ഒരു ലക്ഷം രൂപ കൊടുത്താണ് ആദ്യമായി ഡിജിറ്റല്‍ ക്യാമറയും മിനിറ്റുകള്‍ കൊണ്ട് ചിത്രം ലഭിക്കുന്ന പ്രിന്ററും വാങ്ങിയത്. ഡിജിറ്റല്‍ മേഖല വിപണികീഴടക്കിയതോടെ അനാഥരായത് ആയിരങ്ങളാണ്. കളര്‍ ലാബുകളില്‍ തൊഴിലെടുത്ത് ജീവിച്ചിരുന്ന കണ്ണൂരിലെ കൊറ്റാളി രാജന് ഇപ്പോള്‍ സെക്യൂരിറ്റി ജോലി ചെയ്താണ് കുടുബം പോറ്റുന്നത്. അഞ്ച് പതിറ്റാണ്ട് കാലം മുംബൈയിലും എറണാകുളം അരുണ്‍ കളര്‍ലാബിലും ഫിലിം ഡവലപ്് ചെയ്തിരുന്ന ഇദ്ദേഹം ഡിജിറ്റലിന്റെ വരവോടെ പിടിച്ചുനിക്കാനാകാതെ തൊഴിലിനോട് വിട പറയുകയായിരുന്നു. ഡിജിറ്റലിനോടൊപ്പം ഫോട്ടോഷോപ്പും വേരുറപ്പിച്ചതോടെ കല്യാണ ആല്‍ബങ്ങളിലും മറ്റും ആര്‍ട്ട് വര്‍ക്ക് ചെയ്തിരുന്ന അനേകം പേര് ഈ രംഗത്തുനിന്ന് പിന്മാറി. പുത്തന്‍ പ്രിന്ററുകള്‍ വിപണി കൈയടക്കുന്നതോടെ ലാബുടമകളുടെ കീശയും കാലിയാകുന്നു. അരക്കോടി രൂപ മുടക്കി പ്രിന്ററുകള്‍ വാങ്ങി ദിവസങ്ങള്‍ക്ക് ശേഷം നൂതന ലേസര്‍ പ്രിന്റുകള്‍ വിപണിയില്‍ ഇടം പിടിക്കുന്നതോടെ ഇതിന്റെ പിന്നാലെയോടി കളം വിട്ടവരും ഏറെയാണ്.
പി മഷൂദ് deshabhimani 110511
ഫോട്ടോഗ്രാഫി മേഖലയില്‍ ഡിജിറ്റല്‍ ക്യാമറകളും കംപ്യൂട്ടറുകളും വ്യാപകമായതോടെ ഫിലിം റോളുകളും ഡാര്‍ക്ക് റൂമുകളും വിസ്മൃതിയിലേക്ക്. പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ ഫോട്ടോഗ്രാഫി രംഗത്ത് അരങ്ങ് കീഴടക്കുമ്പോള്‍ നാട്ടിന്‍പുറത്തെ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറ ക്കണ്ണുകള്‍ക്ക് നിറം മങ്ങിത്തുടങ്ങി. രാസവസ്തുക്കള്‍ കൂട്ടി കലര്‍ത്തിയും പ്രകാശം കടത്തിവിട്ടും പ്രിന്റുപേപ്പറുകളില്‍ ഫോട്ടോ പതിപ്പിക്കുന്ന ഇരുട്ടുമുറികള്‍ ഇന്ന് കാണാനില്ല.
ReplyDelete