Wednesday, May 11, 2011

ന്യായമായ കര്‍ഷകസമരം അടിച്ചമര്‍ത്താനാകില്ല

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ അവരുടെ ഭൂമി ഏകപക്ഷീയമായി തട്ടിപ്പറിക്കുന്നതിനെതിരെ ഒരുവര്‍ഷത്തോളമായി സമാധാനപരമായി സമരം നടത്തിവരികയാണ്. ഭൂമി അക്വയര്‍ചെയ്യുമ്പോള്‍ ന്യായമായ പ്രതിഫലം ലഭിക്കണമെന്നും വീട് നഷ്ടപ്പെടുന്നവര്‍ക്ക് പകരം വീട് നിര്‍മിച്ച് നല്‍കണമെന്നും പുനരധിവാസസൗകര്യം വേണമെന്നും ഉള്‍പ്പെടെയുള്ള തികച്ചും ന്യായവും മിതവുമായ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്. യമുന എക്സ്പ്രസ്വേ, ഗംഗ എക്സ്പ്രസ്വേ തുടങ്ങിയ വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഭൂമി അക്വയര്‍ചെയ്തെടുക്കുന്നത്. അങ്ങനെ അക്വയര്‍ചെയ്യുമ്പോള്‍ ആവശ്യത്തിലധികം ഭൂമി ഏറ്റെടുത്ത് റോഡുപണി നടത്തുന്ന കരാറുകാരെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ലഭിച്ച ഭൂമി റിയല്‍എസ്റ്റേറ്റ് ബിസിനസിനായി കരാറുകാര്‍ ഉപയോഗിക്കുന്നു. അതുവഴി കോടിക്കണക്കിനു രൂപ ലാഭംകൊയ്തെടുക്കുന്നു. കര്‍ഷകര്‍ക്ക് ഈ അമിതലാഭത്തിന്റെ ഒരു പങ്കും ലഭിക്കുന്നില്ല. തങ്ങളുടെ കൈവശമുള്ള ഭൂമി തുച്ഛമായ വില നല്‍കി തട്ടിയെടുത്ത് കരാറുകാര്‍ക്ക് നല്‍കി ലാഭമുണ്ടാക്കുന്നത് കര്‍ഷകര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. നോയിഡയിലെ കര്‍ഷകര്‍ ഒരുവര്‍ഷമായി നടത്തിവരുന്ന സമരം കൂടിയാലോചനയിലൂടെ ഒത്തുതീര്‍പ്പാക്കുന്നതില്‍ മായാവതി സര്‍ക്കാര്‍ ഒരു താല്‍പ്പര്യവും കാണിച്ചിട്ടില്ല.

വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഭൂമി അക്വയര്‍ ചെയ്യേണ്ടിവരും. എന്നാല്‍ , ഭൂമിയില്‍ കര്‍ഷകര്‍ക്ക് ഭരണഘടന അനുവദിക്കുന്ന അവകാശം നിഷേധിക്കാന്‍ ആര്‍ക്കും കഴിയുകയില്ലെന്ന് കോടതിവിധികള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭൂമി അക്വയര്‍ ചെയ്യുന്നതിന് 116 വര്‍ഷം പഴക്കമുള്ള നിയമമാണ് നിലവിലുള്ളത്. ഈ നിയമത്തില്‍ കാലോചിതമായ ഭേദഗതിവേണമെന്ന് എല്ലാവരും സമ്മതിച്ചതാണ്. ഭൂമി അക്വയര്‍ ചെയ്യുന്ന നിയമം കാലോചിതമായ ഭേദഗതിവരുത്തി പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയതുമാണ്. എന്നാല്‍ , ഇതേവരെ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അനാവശ്യമായ കാലതാമസം വരുത്തുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുകാണുന്നത്. അക്വയര്‍ ചെയ്യുമ്പോള്‍ ഭൂമിക്ക് ന്യായവില ലഭിക്കണമെന്നത് കര്‍ഷകരുടെ മൗലികമായ അവകാശമാണ്. ന്യായവിലയെന്നാല്‍ ഉദ്യോഗസ്ഥര്‍ തന്നിഷ്ടംപോലെ നിശ്ചയിക്കുന്ന വിലയല്ല. പരസ്യവിപണിയില്‍ ഭൂമി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന വിലയാണ് ന്യായവിലയെന്ന് അംഗീകരിക്കണം. കര്‍ഷകര്‍ക്ക് കൃഷിഭൂമി നഷ്ടപ്പെടുമ്പോള്‍ ഉപജീവനമാര്‍ഗമാണ് ഇല്ലാതാകുന്നത്. പുതിയ ഉപജീവനമാര്‍ഗം കര്‍ഷകര്‍ക്ക് ലഭിക്കാനും അര്‍ഹതയുണ്ട്. അതായത്, പുനരധിവാസം എന്നത് തികച്ചും ന്യായമായ ആവശ്യമാണ്. വ്യവസായത്തിനാണ് ഭൂമി അക്വയര്‍ ചെയ്യുന്നതെങ്കില്‍ പുതിയ സ്ഥാപനത്തില്‍ അനുയോജ്യമായ തൊഴില്‍ ലഭിക്കാനും കര്‍ഷകര്‍ക്ക് അര്‍ഹതയുണ്ട്. നാടിന്റെ വികസനത്തിന് ഭൂമി നല്‍കുന്ന കര്‍ഷകന്‍ തെരുവുതെണ്ടിയായി ജീവിക്കാന്‍ ഇടവരുത്തിക്കൂടാ എന്നത് നിര്‍ബന്ധമായ കാര്യമാണ്.

പശ്ചിമബംഗാളിലെ സിംഗൂരും നന്ദിഗ്രാമിലും ഭൂമിയുടെ ഉടമകളായ കര്‍ഷകര്‍ക്ക് മേല്‍പ്പറഞ്ഞ എല്ലാ ആനുകൂല്യവും നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ , രാഷ്ട്രീയ മുതലെടുപ്പ് നടത്തി വ്യവസായം സംസ്ഥാനത്തിന് നഷ്ടപ്പെടുത്താനിടവരുത്തുകയാണുണ്ടായത്. നോയിഡയില്‍ കര്‍ഷകര്‍ക്ക് ഇത്തരം ആനുകൂല്യങ്ങളൊന്നും നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാത്രമല്ല, അവരുമായി കൂടിയാലോചനയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും ഉണ്ടായില്ല. സംസ്ഥാനസര്‍ക്കാരിന്റെ ധിക്കാരപരമായ ഈ സമീപനമാണ് കര്‍ഷകരെ പ്രകോപിതരാക്കിയത്. ദൗര്‍ഭാഗ്യവശാല്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെടാനിടയായി. രണ്ടു കര്‍ഷകരെ പൊലീസ് വെടിവച്ചുകൊന്നു. നിരവധി കര്‍ഷകര്‍ക്ക് പരിക്ക് പറ്റി. കര്‍ഷകനേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും സമരക്കാര്‍ക്കെതിരെ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. പൊലീസ് വെടിവയ്പും മര്‍ദനവും ജയിലും ഉപയോഗിച്ച് കര്‍ഷകസമരം അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് മായാവതി സര്‍ക്കാര്‍ കരുതുന്നത്. റോഡുപണി ഏറ്റെടുത്ത കരാറുകാര്‍ക്ക് ചുരുങ്ങിയ വിലയ്ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സംസ്ഥാനസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കര്‍ഷകരുടെ താല്‍പ്പര്യത്തിനല്ല കരാറുകാരുടെ താല്‍പ്പര്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നതെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നു. ഈ സമീപനം കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം രൂക്ഷമാക്കാന്‍ ഇടവരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സമരം പുതിയ മേഖലയിലേക്ക് വ്യാപിക്കാന്‍ ഇടവരുത്തിയത്. അടിച്ചമര്‍ത്തല്‍ നടപടി സമരം തളര്‍ത്താനല്ല, വളര്‍ത്താനാണ് സഹായകമായത് എന്നാണ് തെളിയുന്നത്. അഖിലേന്ത്യാ കിസാന്‍സഭ കര്‍ഷകസമരം അടിച്ചമര്‍ത്തുന്നതിനെതിരെ സമരത്തോട് അനുഭാവം രേഖപ്പെടുത്താന്‍ മുന്നോട്ടുവന്നിട്ടുണ്ട്. അതേപോലെ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി സംഘടനയും നോയിഡയിലെ കര്‍ഷകസമരത്തോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. സമരത്തിന് ബഹുജന പിന്തുണ അനുദിനം വര്‍ധിച്ചുവരുന്ന പ്രവണതയാണ് കാണാന്‍ കഴിയുന്നത്. സമരം രൂക്ഷമാകുന്നതിന്റേയും വ്യാപിക്കുന്നതിന്റേയും ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ഏറ്റെടുത്തേ മതിയാകൂ. കരിനിയമവും അടിച്ചമര്‍ത്തലും ഉപയോഗിച്ച് സമരം തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്തിരിയണം. സമരം കൂടിയാലോചനയിലൂടെ ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായും മായാവതി സര്‍ക്കാര്‍ ഇടപെടണം.

deshabhimani editorial 110511

1 comment:

  1. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ അവരുടെ ഭൂമി ഏകപക്ഷീയമായി തട്ടിപ്പറിക്കുന്നതിനെതിരെ ഒരുവര്‍ഷത്തോളമായി സമാധാനപരമായി സമരം നടത്തിവരികയാണ്. ഭൂമി അക്വയര്‍ചെയ്യുമ്പോള്‍ ന്യായമായ പ്രതിഫലം ലഭിക്കണമെന്നും വീട് നഷ്ടപ്പെടുന്നവര്‍ക്ക് പകരം വീട് നിര്‍മിച്ച് നല്‍കണമെന്നും പുനരധിവാസസൗകര്യം വേണമെന്നും ഉള്‍പ്പെടെയുള്ള തികച്ചും ന്യായവും മിതവുമായ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്. യമുന എക്സ്പ്രസ്വേ, ഗംഗ എക്സ്പ്രസ്വേ തുടങ്ങിയ വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഭൂമി അക്വയര്‍ചെയ്തെടുക്കുന്നത്. അങ്ങനെ അക്വയര്‍ചെയ്യുമ്പോള്‍ ആവശ്യത്തിലധികം ഭൂമി ഏറ്റെടുത്ത് റോഡുപണി നടത്തുന്ന കരാറുകാരെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ലഭിച്ച ഭൂമി റിയല്‍എസ്റ്റേറ്റ് ബിസിനസിനായി കരാറുകാര്‍ ഉപയോഗിക്കുന്നു. അതുവഴി കോടിക്കണക്കിനു രൂപ ലാഭംകൊയ്തെടുക്കുന്നു. കര്‍ഷകര്‍ക്ക് ഈ അമിതലാഭത്തിന്റെ ഒരു പങ്കും ലഭിക്കുന്നില്ല. തങ്ങളുടെ കൈവശമുള്ള ഭൂമി തുച്ഛമായ വില നല്‍കി തട്ടിയെടുത്ത് കരാറുകാര്‍ക്ക് നല്‍കി ലാഭമുണ്ടാക്കുന്നത് കര്‍ഷകര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. നോയിഡയിലെ കര്‍ഷകര്‍ ഒരുവര്‍ഷമായി നടത്തിവരുന്ന സമരം കൂടിയാലോചനയിലൂടെ ഒത്തുതീര്‍പ്പാക്കുന്നതില്‍ മായാവതി സര്‍ക്കാര്‍ ഒരു താല്‍പ്പര്യവും കാണിച്ചിട്ടില്ല.

    ReplyDelete