Tuesday, May 10, 2011

കര്‍ഷകപ്രക്ഷോഭം അടിച്ചമര്‍ത്തുന്നു

യമുന എക്സ്പ്രസ് പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നു. പടിഞ്ഞാറന്‍ യുപിയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്ചയും സംഘര്‍ഷാവസ്ഥ നിലനിന്നു. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. സമരത്തിന് പിന്തുണയുമായെത്തിയ വിവിധ രാഷ്ട്രീയ നേതാക്കളെ സമരസ്ഥലത്തേക്ക് പൊലീസ് കടത്തിവിട്ടില്ല. ശനിയാഴ്ച നാലുപേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം നടന്ന ഗ്രേറ്റര്‍ നോയ്ഡയില്‍ നിരോധനാജ്ഞ തുടരുകയാണ്. തിങ്കളാഴ്ച ഇവിടെയെത്തിയ ബിജെപി നേതാവ് രാജ്നാഥ് സിങ്, സമാജ്വാദി പാര്‍ടി നേതാക്കളായ പ്രതിപക്ഷ നേതാവ് ശിവ്പാല്‍സിങ് യാദവ്, മോഹന്‍സിങ് എന്നിവരെയും അനുയായികളെയും പൊലീസ് തടഞ്ഞുവച്ചു.

മായാവതി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടിനെതിരെ വിവിധ കക്ഷികള്‍ രംഗത്തെത്തി. സമരത്തിന് അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കര്‍ഷകരില്‍നിന്ന് തുച്ഛമായ വിലയ്ക്ക് ഏറ്റെടുക്കുന്ന ഭൂമി സ്വകാര്യകമ്പനികള്‍ക്ക് സര്‍ക്കാര്‍ മറിച്ചുവില്‍ക്കുകയാണെന്ന് വിവിധ കക്ഷിനേതാക്കള്‍ ആരോപിച്ചു. ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ റിട്ട. ജഡ്ജിമാരുടെ രണ്ടംഗ സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പാര്‍ലമെന്റ് നിയമം പാസാക്കുംവരെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് മുഖ്യമന്ത്രി മായാവതിയോട് ആവശ്യപ്പെട്ടു.

മായാവതിയുടെ അത്യാഗ്രഹവും സമ്പന്നലോബിയുമായി ഒത്തുകളിക്കാനുള്ള ആര്‍ത്തിയുമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ശനിയാഴ്ച നോയ്ഡയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റുചെയ്തെന്നും സ്ഥിതിഗതി സാധാരണനിലയിലായെന്നും നോയ്ഡയില്‍ ക്യാമ്പ് ചെയ്യുന്ന സ്പെഷ്യല്‍ ഡിജിപി ബ്രിജ് ലാല്‍ പറഞ്ഞു. അയ്യായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 15 പേരെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന മന്‍വീര്‍സിങ് തെവാത്തിയയെയും അനുയായികളെയും അറസ്റ്റുചെയ്യാന്‍ റെയ്ഡ് ശക്തമാക്കി. ആഗ്രയിലെ ഐത്മത്പുരില്‍ ഞായറാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് നാല് കേസ് രജിസ്റ്റര്‍ചെയ്തു. അലിഗഢില്‍ 40 പേര്‍ക്കെതിരെ കേസെടുത്തു. ഇവിടെ എക്സ്പ്രസ് പാതയുടെ ജോലികള്‍ പുനരാരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. നോയിഡയിലെ പ്രക്ഷോഭം നേരിടാന്‍ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ ക്യാമ്പ് സ്ഥാപിക്കാന്‍ തീരുമാനിച്ചു.

കര്‍ഷകത്തൊഴിലാളി യൂണിയന്റെ ഐക്യദാര്‍ഢ്യം

ന്യൂഡല്‍ഹി: എക്സ്പ്രസ് പാതയുടെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന അന്യായമായ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അടിച്ചമര്‍ത്തുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഭിപ്രായപ്പെട്ടു. യുപിയിലെ കര്‍ഷകസമരത്തിന് യൂണിയന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും പ്രസിഡന്റ് പി രാമയ്യയും ജനറല്‍ സെക്രട്ടറി എ വിജയരാഘവനും പ്രസ്താവനയില്‍ അറിയിച്ചു. നോയ്ഡയിലും മറ്റു മേഖലകളിലുമുള്ള കര്‍ഷകര്‍ ഒരു വര്‍ഷത്തിലേറെയായി ഭൂമി ഏറ്റെടുക്കലിനെതിരെ പ്രക്ഷോഭത്തിലാണ്. മാന്യമായ നഷ്ടപരിഹാരവും കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസവും ആവശ്യപ്പെട്ടാണ് സമരം. ന്യായമായ ആവശ്യങ്ങളോട് സംസ്ഥാനസര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ഏറ്റെടുത്ത ഭൂമി റിയല്‍എസ്റ്റേറ്റുകാര്‍ തട്ടിയെടുക്കുന്നു. സമാധാനപരമായി സമരം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാത്തതാണ് സ്ഥിതിഗതി വഷളാക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ . സമരത്തെ നിഷ്ഠുരമായി അടിച്ചമര്‍ത്തുകയാണ്. ഗ്രാമങ്ങള്‍ വളഞ്ഞ പൊലീസ് വൃദ്ധരെയും കുട്ടികളെയും സ്ത്രീകളെയുംപോലും പീഡിപ്പിക്കുന്നു. നോയ്ഡയ്ക്കു പിന്നാലെ അലിഗഢ്, മഥുര, ആഗ്ര ജില്ലകളുടെ വിവിധ ഭാഗങ്ങളിലും പൊലീസ് അടിച്ചമര്‍ത്തല്‍ നടക്കുന്നു. അടിച്ചമര്‍ത്തല്‍ അവസാനിപ്പിച്ച് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.

deshabhimani 100511

1 comment:

  1. യമുന എക്സ്പ്രസ് പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നു. പടിഞ്ഞാറന്‍ യുപിയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്ചയും സംഘര്‍ഷാവസ്ഥ നിലനിന്നു. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. സമരത്തിന് പിന്തുണയുമായെത്തിയ വിവിധ രാഷ്ട്രീയ നേതാക്കളെ സമരസ്ഥലത്തേക്ക് പൊലീസ് കടത്തിവിട്ടില്ല. ശനിയാഴ്ച നാലുപേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം നടന്ന ഗ്രേറ്റര്‍ നോയ്ഡയില്‍ നിരോധനാജ്ഞ തുടരുകയാണ്. തിങ്കളാഴ്ച ഇവിടെയെത്തിയ ബിജെപി നേതാവ് രാജ്നാഥ് സിങ്, സമാജ്വാദി പാര്‍ടി നേതാക്കളായ പ്രതിപക്ഷ നേതാവ് ശിവ്പാല്‍സിങ് യാദവ്, മോഹന്‍സിങ് എന്നിവരെയും അനുയായികളെയും പൊലീസ് തടഞ്ഞുവച്ചു.

    ReplyDelete