Sunday, May 15, 2011

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം

ചുവന്നു
ആലപ്പുഴ: മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് ചരിത്രമെഴുതി. ഒമ്പതില്‍ ഏഴുസീറ്റും നേടി ജില്ലയുടെ ഇതഃപര്യന്തമുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉജ്വലമുന്നേറ്റമാണ് ഇടതുപക്ഷം നേടിയത്. ആറ് സിറ്റിങ് എംഎല്‍എമാരെയും വിജയിപ്പിച്ച ജില്ല ആലപ്പുഴയും മാവേലിക്കരയുംകൂടി നല്‍കി എല്‍ഡിഎഫിനെ ചരിത്രവിജയത്തിലേക്ക് നയിച്ചു. ആലപ്പുഴ, അമ്പലപ്പുഴ, അരൂര്‍ , ചേര്‍ത്തല, കുട്ടനാട്, കായംകുളം, മാവേലിക്കര മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ഹരിപ്പാടും ചെങ്ങന്നൂരുംകൊണ്ട് യുഡിഎഫിന് തൃപ്തിയടയേണ്ടിവന്നു. എല്‍ഡിഎഫില്‍ സിപിഐ എം അഞ്ച് സീറ്റിലും സിപിഐ, എന്‍സിപി എന്നിവ ഓരോസീറ്റിലും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് സീറ്റും കോണ്‍ഗ്രസിനാണ്. പുതുമുഖങ്ങളില്‍ മാവേലിക്കരയിലെ സിപിഐ എം സ്ഥാനാര്‍ഥി ആര്‍ രാജേഷ് മാത്രമാണ് വിജയിച്ചത്. ജില്ലയില്‍ പോള്‍ചെയ്ത 12,12,527 വോട്ടില്‍ എല്‍ഡിഎഫ് 6,10,289 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് 5,45,785 വോട്ടുകള്‍ നേടി. ബിജെപി 41,296 വോട്ടുകള്‍ നേടി.

ആലപ്പുഴ, അമ്പലപ്പുഴ, അരൂര്‍ , ചേര്‍ത്തല, കുട്ടനാട് എന്നിവിടങ്ങളില്‍ ആകെ പോള്‍ചെയ്ത വോട്ടിന്റെ പകുതിയിലേറെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടി.എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ നാലുപേര്‍ക്ക് പതിനയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ചേര്‍ത്തലയില്‍നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി തിലോത്തമനാണ്-18,315. രണ്ടാമത് അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫിന്-16,852. അമ്പലപ്പുഴയില്‍ വിജയിച്ച ജി സുധാകരന് 16,580 വോട്ടിന്റെയും ആലപ്പുഴയില്‍ വിജയിച്ച ഡോ. തോമസ് ഐസക്കിന് 16,342 വോട്ടിന്റെയും ഭൂരിപക്ഷമുണ്ട്. യുഡിഎഫില്‍ ചെങ്ങന്നൂരില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥിനാണ് ഉയര്‍ന്ന ഭൂരിപക്ഷം-12,500. ഹരിപ്പാട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് 5520 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി, കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, കെ സി വേണുഗോപാല്‍ തുടങ്ങിയവരൊക്കെ പ്രചാരണത്തിനെത്തിയിട്ടും ആലപ്പുഴയില്‍ യുഡിഎഫ് കിതച്ചുവീണു. പുന്നപ്ര-വയലാറിന്റെ രണസ്മരണകള്‍ ഇരമ്പിയാര്‍ക്കുന്ന ഈ ചുവന്നമണ്ണ് വീണ്ടും ചരിത്രമെഴുതി ഇടതുപക്ഷപ്രവര്‍ത്തകരെ ആവേശതുന്ദിലരാക്കി. 20 വര്‍ഷമായി യുഡിഎഫ് കൈയ്യടക്കിവച്ച മാവേലിക്കരയും 15 വര്‍ഷമായി ആധിപത്യം സ്ഥാപിച്ച ആലപ്പുഴയും എല്‍ഡിഎഫ് തേരോട്ടത്തില്‍ തകര്‍ന്നുവീണതും ചരിത്രമായി. ചേര്‍ത്തലയില്‍ കെ ആര്‍ ഗൗരിയമ്മയുടെ തോല്‍വിയും അരൂരില്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറിന്റെ പരാജയവും യുഡിഎഫിന് കനത്ത ആഘാതമായി. കായംകുളത്ത് സിറ്റിങ് എംഎല്‍എമാര്‍ ഏറ്റുമുട്ടിയപ്പോള്‍ മാവേലിക്കരയില്‍നിന്ന് ചേക്കേറിയ കോണ്‍ഗ്രസ് നേതാവ് എം മുരളി അടിയറവുപറഞ്ഞു. സിറ്റിങ് എംഎല്‍എമാര്‍ ഏറ്റുമുട്ടിയ മറ്റൊരു മണ്ഡലമാണ് അരൂര്‍ . അവിടെയാണ് സിപിഐ എമ്മിന്റെ യുവസാരഥി എ എം ആരിഫിനുമുന്നില്‍ ഷുക്കൂര്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചത്.

1957ല്‍ 14ല്‍ ഒമ്പതും "87ല്‍ 11ല്‍ ഏഴും സീറ്റുകള്‍ നേടിയതാണ് മുമ്പ് ഇടതുപക്ഷത്തിന്റെ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ . ഇവയെ അപ്രസക്തമാക്കിയാണ് ഇപ്പോള്‍ ഒമ്പതില്‍ ഏഴുംനേടി എല്‍ഡിഎഫ് ജില്ലയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം 2009ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ മാവേലിക്കരയില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷം നേടിയത്-696 വോട്ട്. അന്ന് എല്‍ഡിഎഫിനെക്കാള്‍ യുഡിഎഫിന് 71,959 വോട്ടിന്റെ ലീഡുണ്ടായിരുന്നു. പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും എല്‍ഡിഎഫിന്റെ ലീഡ് ആറ് മണ്ഡലങ്ങളിലേക്കായി ഉയര്‍ന്നു. അരൂര്‍ , ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര എന്നിവയാണ് അന്ന് എല്‍ഡിഎഫ് ലീഡ് നേടിയത്. അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിനായിരുന്നു ലീഡ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫ് 7952 വോട്ടുകള്‍ക്ക് മുന്നിലെത്തുകയും ചെയ്തു. ഈ നില മെച്ചപ്പെടുത്തുകയും മേല്‍ക്കൈ നേടിയ മണ്ഡലങ്ങളുടെ എണ്ണം ഏഴാക്കി ഉയര്‍ത്തുകയും ചെയ്ത എല്‍ഡിഎഫ് യുഡിഎഫിനെക്കാള്‍ 64,504 വോട്ട് കൂടുതല്‍ നേടുകയുംചെയ്തു. മൊത്തം പോള്‍ചെയ്ത വോട്ടില്‍ എല്‍ഡിഎഫ് 50.08 ശതമാനവും യുഡിഎഫ് 44.78 ശതമാനവും വോട്ടുകള്‍ നേടി. 5.3 ശതമാനംവോട്ട് എല്‍ഡിഎഫിന് കൂടുതലായി നേടാന്‍ കഴിഞ്ഞു. ഒമ്പത് മണ്ഡലങ്ങളിലും മത്സരിച്ച ബിജെപിക്ക് 41,296 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. ശതമാനക്കണക്കില്‍ 3.40.

കോണ്‍ഗ്രസ് തോറ്റമ്പി
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസിന് ഏറ്റത് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടടക്കം മത്സരിച്ച പ്രമുഖ നേതാക്കളില്‍ മിക്കവര്‍ക്കും കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. പാര്‍ലമെന്റ്, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിലെ മികവ് മുതലാക്കാമെന്ന പ്രതീക്ഷകള്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം ലിജു, എഐസിസി അംഗം എം മുരളി, പി ജെ മാത്യൂ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കനത്ത പ്രഹരമാണ് വോട്ടര്‍മാര്‍ സമ്മാനിച്ചത്. ഹരിപ്പാട് മണ്ഡലത്തില്‍ മത്സരിച്ച കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല ആദ്യാവസാനം കടുത്ത മത്സരമാണ് നേരിട്ടത്. ഒരു ഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി കൃഷ്ണപ്രസാദിനോട്് അടിയറവ് പറയുമോ എന്നു പോലും സംശയം ജനിപ്പിക്കും വിധമായിരുന്നു വോട്ടെണ്ണല്‍ കോന്ദ്രത്തില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ . രമേശ് ചെന്നിത്തലയുടെ വിജയം അഭിമാനിക്കത്തക്കതല്ല. കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ആശ്വാസിക്കാന്‍ വക നല്‍കിയത് ചെങ്ങന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് പി സി വിഷ്ണുനാഥിന്റെ വിജയമാണ്.

ആലപ്പുഴയിലെ സിറ്റിങ് എംഎല്‍എയും ഡിസിസി പ്രസിഡണ്ടുമായ എ എ ഷുക്കൂറിന് അരൂരില്‍ എ എം ആരിഫില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത് കനത്ത പരാജയം. 2006- ല്‍ ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ 4753 വോട്ടുകള്‍ക്ക് പിന്നിലാക്കിയ ആരിഫ് ഇക്കുറി ഷുക്കൂറിനെതിരെ നേടിയത് ചരിത്രവിജയം. 16852 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ആരിഫ് ഷുക്കൂറിനെ തകര്‍ത്തത്. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയടക്കം പ്രചാരണത്തിനിറങ്ങിയിട്ടും യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം ലിജുവിന് അമ്പലപ്പുഴയില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 16580 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെയാണ് സഹകരണ മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ രണ്ടാം വട്ടവും ചോദ്യം ചെയ്യാനാവാത്ത തന്റെ ജനകീയത തെളിയിച്ചത്. സഭയുടെ പിന്‍ബലത്തോടെ മത്സരരംഗത്തു വന്ന കോണ്‍ഗ്രസ് നേതാവ് പി എം മാത്യുവിനെ കോണ്‍ഗ്രസുകാര്‍പോലും കൈവിട്ടെന്നതിന് തെളിവാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ഗംഭീര വിജയം. കാലങ്ങളായി കോണ്‍ഗ്രസ് കൈയടക്കി വെച്ചിരുന്ന ആലപ്പുഴയിലെ വികസനമുരടിപ്പിനുള്ള താക്കീതുകൂടിയാണ് ഇവിടെ എല്‍ഡിഎഫിന് ലഭിച്ച തിളക്കമാര്‍ന്ന വിജയം. 16342 വോട്ടുകളുടെ ഭുരിപക്ഷത്തിന് ഡോ. തോമസ് ഐസക്കിനെ ആലപ്പുഴ മണ്ഡലം വിജയിപ്പിക്കുമ്പോള്‍ ആലപ്പുഴയുടെ മനസില്‍ സ്വപ്നങ്ങള്‍ ഏറെ. ഇരുപത് വര്‍ഷം മാവേലിക്കരയെ പ്രതിനിധീകരിച്ച എഐസിസി അംഗം കൂടിയായ എം മുരളി കായംകുളത്ത് സി കെ സദാശിവനോട് തോറ്റത് കോണ്‍ഗ്രസിന് ജില്ലയിലേറ്റ മറ്റൊരു തിരിച്ചടിയാണ്.

എല്‍ഡിഎഫ് സിറ്റിങ് എംഎല്‍എമാര്‍ വിജയിച്ചു

ആലപ്പുഴ: ജില്ലയില്‍ എല്‍ഡിഎഫിലെ സിറ്റിങ് എംഎല്‍എമാര്‍ എല്ലാവരും വിജയിച്ചു. യുഡിഎഫിലെ മൂന്ന് എംഎല്‍എമാരില്‍ രണ്ടുപേര്‍ പരാജയത്തിന്റെ കയ്പ്നീര്‍ കുടിച്ചു. അരൂരില്‍ സിപിഐ എമ്മിലെ അഡ്വ. എ എം ആരിഫ് കഴിഞ്ഞതവണ 4753 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇക്കുറി 16852 വോട്ടുകള്‍ക്ക് വിജയിച്ചു. ചേര്‍ത്തലയില്‍ സിപിഐയിലെ പി തിലോത്തമന്‍ 8534 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞതവണ വിജയിച്ചത്. ഇക്കുറി ജില്ലയിലെ റെക്കോഡ് ഭൂരിപക്ഷമായ 18315 വോട്ടുകള്‍ക്ക് ജെഎസ്എസിലെ കെ ആര്‍ ഗൗരിയമ്മയെ തോല്‍പ്പിച്ചു. മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും കഴിഞ്ഞതവണ സിപിഐ എമ്മിലെ ഡോ. തോമസ് ഐസക് വിജയിച്ചത് 17679 വോട്ടുകള്‍ക്കായിരുന്നു. പുനര്‍നിര്‍ണയത്തില്‍ മാരാരിക്കുളം മണ്ഡലം ഇല്ലാതാവുകയും ആലപ്പുഴയുടെയും മാരാരിക്കുളത്തിന്റെയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രൂപീകരിച്ച ആലപ്പുഴ മണ്ഡലം നിലവില്‍ വരുകയും ചെയ്തു. ഇവിടെ നിന്ന് 16342 വോട്ടുകള്‍ക്കാണ് ഡോ. തോമസ് ഐസക് വിജയിച്ചത്.

അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നും മന്ത്രിയായിരുന്ന ജി സുധാകരന്‍ കഴിഞ്ഞ തവണ വിജയിച്ചത് 11929 വോട്ടുകള്‍ക്കായിരുന്നു. ഇക്കുറി ജി സുധാകരന്‍ വിജയിച്ചത് 16580 വോട്ടുകള്‍ക്കാണ്. കുട്ടനാട്ടില്‍ തോമസ് ചാണ്ടി കഴിഞ്ഞ തവണ വിജയിച്ചത് 5381 വോട്ടുകള്‍ക്കായിരുന്നു. ഇക്കുറി 7971 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കായംകുളത്ത് സി കെ സദാശിവന്‍ കഴിഞ്ഞ തവണ വിജയിച്ചത് 5832 വോട്ടുകള്‍ക്കാണ്. ഇക്കുറി സദാശിവന്റെ ഭൂരിപക്ഷം 1315 വോട്ടുകളാണ്. 20 കൊല്ലമായി മാവേലിക്കരയിലെ എംഎല്‍എ ആയിരുന്ന എം മുരളിയാണ് കായംകുളത്ത് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി കെ സദാശിവന് മുന്നില്‍ അടിയറവ് പറഞ്ഞത്. ആലപ്പുഴ എംഎല്‍എ ആയിരുന്ന എ എ ഷുക്കൂര്‍ അരൂരില്‍ സിപിഐ എം ജില്ലാകമ്മിറ്റിയംഗവും സിറ്റിങ് എംഎല്‍എയുമായ അഡ്വ. എ എം ആരിഫിന് മുന്നില്‍ 16852 വോട്ടുകള്‍ക്ക് അടിയറവ് പറഞ്ഞത്. 1991 മുതല്‍ യുഡിഎഫിലെ കെ സി വേണുഗോപാല്‍ തുടര്‍ച്ചയായി വിജയിച്ചിരുന്ന ആലപ്പുഴ മണ്ഡലം കെ സി വേണുഗോപാല്‍ എംപിയായപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിനെ തന്നെയാണ് വരിച്ചിരുന്നത്. യുഡിഎഫിന്റെ കുത്തകയെന്ന് അവകാശപ്പെട്ടിരുന്ന ആലപ്പുഴ മണ്ഡലം വമ്പന്‍ ഭൂരിപക്ഷം നല്‍കിയാണ് ഐസക്കിനെ വിജയിപ്പിച്ച് ഇടത്തേക്ക് ചാഞ്ഞത്.

ജനപക്ഷ വികസനത്തിന്റെ വിജയം: സിപിഐ എം

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് നടത്തിയ കള്ള പ്രചാരണങ്ങള്‍ ജില്ലയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നതിന്റെ ചരിത്ര വിജയമാണ് ജില്ലയില്‍ എല്‍ഡിഎഫിന്റേതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ പറഞ്ഞു. പത്തനംതിട്ട ജില്ല യുഡിഎഫിന്റെ കോട്ടയാണെന്ന അവകാശവാദവും പൊളിഞ്ഞു. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും നിലകൊള്ളുന്നത് എല്‍ഡിഎഫ് ആണെന്ന് അനുഭവത്തിലൂടെ ബോധ്യമായ ജനങ്ങള്‍ നല്‍കിയ വിജയമാണ് ഇത്. കഴിഞ്ഞ നാല് തവണയായി യുഡിഎഫ് ജയിച്ച അടൂര്‍ തിരിച്ചുപിടിച്ചത് വന്‍ നേട്ടമാണ്. അതോടൊപ്പം തിരുവല്ലയില്‍ നേടിയ വിജയം ഏറ്റവും തിളക്കമാര്‍ന്നതാണ്. റാന്നിയിലും എല്‍ഡിഎഫ് ജനസ്വാധീനം നിലനിര്‍ത്തി. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ജില്ലയിലാകെ മേല്‍ക്കൈ നേടിയെന്ന യുഡിഎഫിന്റെ അവകാശ വാദം പൊളിഞ്ഞു. പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടികള്‍ മറികടക്കാന്‍ ഇത്തവണ സാധിച്ചു. നാടിന്റെ വികസനം ഏറെ ചര്‍ച്ചചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. അവിടെയാണ് എല്‍ഡിഎഫ് നേടിയ വിജയത്തിന് തിളക്കമേറുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ നാല് മണ്ഡലങ്ങളിലും യുഡിഎഫ് നേടിയ ഭൂരിപക്ഷം ഇല്ലാതായി. യുഡിഎഫ് വിജയിച്ച കോന്നി, ആറന്മുള മണ്ഡലങ്ങളിലും ഭൂരിപക്ഷം നന്നെ കുറഞ്ഞു. എല്‍ഡിഎഫിന്റെ ജനക്ഷേമ വികസനത്തിനുള്ള അംഗീകാരമാണ് ഈ വിജയം. കൂടുതല്‍ ജനക്ഷേമ പദ്ധതികളിലൂടെ ജില്ലയെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാന്‍ എല്‍ഡിഎഫ് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കും. എല്‍ഡിഎഫിനെ വിജിയിപ്പിച്ച എല്ലാ വോട്ടര്‍മാരെയും അഭിവാദ്യം ചെയ്യുന്നതായി കെ അനന്തഗോപന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഭൂരിപക്ഷത്തില്‍ റെക്കോഡ്

കൊല്ലം: ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് റെക്കോഡ് ഭൂരിപക്ഷം. ആകെയുള്ള 11 സീറ്റില്‍ ഒമ്പതിലും വിജയിച്ച എല്‍ഡിഎഫ് ഭൂരിപക്ഷത്തിലും തിളങ്ങി. ചടയമംഗലം മണ്ഡലത്തില്‍നിന്ന് രണ്ടാം തവണയും തെരഞ്ഞെടുത്ത കൃഷിമന്ത്രി മുല്ലക്കര രത്നാകരനാണ് ഭൂരിപക്ഷത്തില്‍ മുന്നില്‍ . എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ ഹാഹിദാ കമാലിനേക്കാള്‍ 23624 വോട്ടിനാണ് മുല്ലക്കര വിജയിച്ചത്. ആകെ പോള്‍ ചെയ്ത 126703 വോട്ടില്‍ മുല്ലക്കരയ്ക്ക് 71231 വോട്ട് ലഭിച്ചു. 726 തപാല്‍ വോട്ടില്‍ 476ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണ്. 2006ലെ തരഞ്ഞെടുപ്പില്‍ മുല്ലക്കരയുടെ ഭൂരിപക്ഷം 4653 വോട്ടായിരുന്നു. കൊട്ടാരക്കരയില്‍നിന്ന് രണ്ടാമതും വിജയിച്ച സിപിഐ എമ്മിലെ അഡ്വ. പി അയിഷാപോറ്റിക്കാണ് ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനം. കേരള കോണ്‍ഗ്രസ് ബിയിലെ ഡോ. എന്‍ എന്‍ മുരളിയെ 20592 വോട്ടിനാണ് അഡ്വ. അയിഷാപോറ്റി തറപറ്റിച്ചത്. ആകെ പോള്‍ചെയ്ത 136436 വോട്ടില്‍ അയിഷാപോറ്റിക്ക് 74069 വോട്ട് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ അയിഷാപോറ്റിയുടെ ഭൂരിപക്ഷം 12087 വോട്ടായിരുന്നു.

പുനലൂര്‍ മണ്ഡലത്തില്‍നിന്ന് രണ്ടാം തവണയും വിജയിച്ച അഡ്വ. കെ രാജുവിന്റെ ഭൂരിപക്ഷം 18005 വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7925 വോട്ടിന് സിഎംപി നേതാവ് എം വി രാഘവനെയാണ് പരാജയപ്പെടുത്തിയത്. കുണ്ടറയില്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയും ഭൂരിപക്ഷത്തില്‍ അഞ്ചക്കം കടന്നു. യുഡിഎഫിലെ പി ജര്‍മിയാസിനെ 14793 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 14869 വോട്ടായിരുന്നു ഭൂരിപക്ഷം. കടവൂര്‍ ശിവദാസനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. കരുനാഗപ്പള്ളിയില്‍ മന്ത്രി സി ദിവാകരന്‍ വിജയിച്ചത് 14522 വോട്ടിനാണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം 2026 വോട്ട് കൂടി.

 ചാത്തന്നൂരില്‍ സിപിഐയിലെ ജി എസ് ജയലാലിന്റെ ഭൂരിപക്ഷം 12589 വോട്ടാണ്. കുന്നത്തൂരില്‍നിന്ന് 12088 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കോവൂര്‍ കുഞ്ഞുമോന്‍ ഹാട്രിക് വിജയം നേടിയത്. കൊല്ലം മണ്ഡലത്തില്‍നിന്ന് തൊഴില്‍മന്ത്രി പി കെ ഗുരുദാസന്റെ വിജയം 8540 വോട്ടിനാണ്. ഇരവിപുരത്ത് ആര്‍എസ്പിയിലെ എ എ അസീസും ഭൂരിപക്ഷത്തില്‍ എണ്ണായിരം കടന്നു. കഴിഞ്ഞ തവണ 24049 വോട്ടിന് ലീഗിന്റെ കെ എം ഷാജിയെ തറപറ്റിച്ച അസീസിന്റെ 8012 വോട്ടിന്റെ ഇത്തവണത്തെ വിജയത്തിന് ഹാട്രിക്കിന്റെ തിളക്കമുണ്ട്. യുഡിഎഫിന് ആകെ കിട്ടിയ രണ്ടു സീറ്റില്‍ പത്തനാപുരത്തുനിന്ന് വിജയിച്ച കേരള കോണ്‍ഗ്രസിലെ കെ ബി ഗണേശ്കുമാറിന്റെ ഭൂരിപക്ഷം 20402 വോട്ടാണ്.

കോണ്‍ഗ്രസ് ജില്ലയില്‍ വട്ടപ്പൂജ്യം

കൊല്ലം: ആറ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിന് ജില്ലയില്‍ ഒറ്റ സീറ്റിലും ജയിക്കാനായില്ല. കൊല്ലം, കുന്നത്തൂര്‍ , കുണ്ടറ, ചാത്തന്നൂര്‍ , ചടയമംഗലം, പുനലൂര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. കൊല്ലത്ത് എണ്ണായിരത്തിനുമേലും കുന്നത്തൂരില്‍ പന്ത്രണ്ടായിരത്തില്‍പരം വോട്ടുകള്‍ക്കും കുണ്ടറയില്‍ പതിനാലായിരത്തില്‍പരവും ചാത്തന്നൂരില്‍ പന്ത്രണ്ടായിരത്തില്‍പരവും ചടയമംഗലത്ത് ഇരുപതിനായിരത്തില്‍പരവും പുനലൂരില്‍ പതിനെണ്ണായിരത്തില്‍പരവും വോട്ടുകള്‍ക്ക് ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ജില്ലയില്‍ യുഡിഎഫിന് ആശ്വാസം നല്‍കിയത് പത്തനാപുരത്തെ കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥി കെ ബി ഗണേശ്കുമാറിന്റെയും ചവറയിലെ ആര്‍എസ്പി ബി സ്ഥാനാര്‍ഥി ഷിബു ബേബിജോണിന്റെയും വിജയമാണ്. ഘടകകക്ഷികളായ മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി കെ കെ ബാവ ഇരവിപുരത്തും ജെഎസ്എസിലെ രാജന്‍ബാബു കരുനാഗപ്പള്ളിയിലും ദയനീയ പരാജയം ഏറ്റുവാങ്ങി. ജില്ലയില്‍ വിജയിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെല്ലാം വന്‍ഭൂരിപക്ഷമാണ് ലഭിച്ചത്. തോറ്റുതുന്നംപാടിയ കോണ്‍ഗ്രസുകാര്‍ പ്രതിഷേധാത്മകമായി ഡിസിസി പ്രസിഡന്റിന്റെ വീടിനു നേരെ കല്ലെറിഞ്ഞു.

എല്‍ഡിഎഫ് വോട്ടില്‍ 3.01 ശതമാനം വര്‍ധന

കൊല്ലം: കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനേക്കാള്‍ ജില്ലയില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധന. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് 47.85 ശതമാനം വോട്ടാണ് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3.01 ശതമാനം വോട്ട് വര്‍ധിച്ചു. ഇത്തവണ ആകെ പോള്‍ ചെയ്ത 1905078 വോട്ടില്‍ എല്‍ഡിഎഫിന് ലഭിച്ചത് 705496 വോട്ടാണ് (50.86ശതമാനം). യുഡിഎഫിന് 599194 വോട്ടും ലഭിച്ചു(43.19). യുഡിഎഫിനേക്കാള്‍ 7.69 ശതമാനം വോട്ട് എല്‍ഡിഎഫിന് കൂടുതല്‍ ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന്റെ വോട്ടില്‍ 0.53 ശതമാനം കുറവുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജില്ലയില്‍ 628702 വോട്ട് ലഭിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 599194 വോട്ടായി കുറഞ്ഞു. യുഡിഎഫിനേക്കാള്‍ 106302 വോട്ടാണ് എല്‍ഡിഎഫിന് കൂടുതലായി ലഭിച്ചത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേക്കാള്‍ 123543 വോട്ടിന്റെ മേല്‍ക്കൈ ജില്ലയില്‍ എല്‍ഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫിന് 593381 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന് കിട്ടിയത് 469838 വോട്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ചെയ്തത് 1437829 വോട്ടാണ്. അതില്‍ എല്‍ഡിഎഫിന് 688060 വോട്ടും യുഡിഎഫിന് 628702 വോട്ടും ലഭിച്ചു. ബിജെപിക്ക് 45601 വോട്ടാണ് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടില്‍ 4142ന്റെ വര്‍ധനയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ടു മണ്ഡലത്തില്‍ എല്‍ഡിഎഫിനായിരുന്നു ഭൂരിപക്ഷം. ചവറ, കുന്നത്തൂര്‍ , പത്തനാപുരം മണ്ഡലങ്ങളില്‍ യുഡിഎഫിന് ഭൂരിപക്ഷം നേടാനായി. കുന്നത്തൂരില്‍ യുഡിഎഫിന് ലഭിച്ച മേല്‍ക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍ 12088 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ദേശാഭിമാനിയില്‍ നിന്ന്...

1 comment:

  1. മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് ചരിത്രമെഴുതി. ഒമ്പതില്‍ ഏഴുസീറ്റും നേടി ജില്ലയുടെ ഇതഃപര്യന്തമുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉജ്വലമുന്നേറ്റമാണ് ഇടതുപക്ഷം നേടിയത്. ആറ് സിറ്റിങ് എംഎല്‍എമാരെയും വിജയിപ്പിച്ച ജില്ല ആലപ്പുഴയും മാവേലിക്കരയുംകൂടി നല്‍കി എല്‍ഡിഎഫിനെ ചരിത്രവിജയത്തിലേക്ക് നയിച്ചു. ആലപ്പുഴ, അമ്പലപ്പുഴ, അരൂര്‍ , ചേര്‍ത്തല, കുട്ടനാട്, കായംകുളം, മാവേലിക്കര മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ഹരിപ്പാടും ചെങ്ങന്നൂരുംകൊണ്ട് യുഡിഎഫിന് തൃപ്തിയടയേണ്ടിവന്നു. എല്‍ഡിഎഫില്‍ സിപിഐ എം അഞ്ച് സീറ്റിലും സിപിഐ, എന്‍സിപി എന്നിവ ഓരോസീറ്റിലും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് സീറ്റും കോണ്‍ഗ്രസിനാണ്. പുതുമുഖങ്ങളില്‍ മാവേലിക്കരയിലെ സിപിഐ എം സ്ഥാനാര്‍ഥി ആര്‍ രാജേഷ് മാത്രമാണ് വിജയിച്ചത്. ജില്ലയില്‍ പോള്‍ചെയ്ത 12,12,527 വോട്ടില്‍ എല്‍ഡിഎഫ് 6,10,289 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് 5,45,785 വോട്ടുകള്‍ നേടി. ബിജെപി 41,296 വോട്ടുകള്‍ നേടി.

    ReplyDelete