Thursday, September 20, 2012

കെഎസ്ആര്‍ടിസിയുടെ നഷ്ടം 1000 കോടി കവിഞ്ഞു


സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ മൊത്തം കടബാധ്യത ആയിരം കോടി രൂപ കടന്നു. ഡീസല്‍ വിലവര്‍ധനകൂടി വന്നതോടെ ബാധ്യത താങ്ങാനാകാതെ കോര്‍പറേഷന്‍ നട്ടംതിരിയുന്നു. അടിയന്തര നടപടി എടുത്തില്ലെങ്കില്‍ ആരാലും രക്ഷിക്കാന്‍ കഴിയാത്തവിധം അത്യഗാധമായ പ്രതിസന്ധിയിലാകും കോര്‍പറേഷന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാധ്യത 475 കോടി രൂപയായിരുന്നു. ഇതാണ് ഒന്നരവര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ 1000 കോടിയിലേറെയായത്. ആഗസ്തിലെ കണക്കനുസരിച്ച് കേരള ട്രാന്‍സ്പോര്‍ട്ട് വികസന കോര്‍പറേഷന് കെഎസ്ആര്‍ടിസി നല്‍കാനുള്ളത് 1005 കോടി രൂപയാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടമെടുത്തതാണിത്. പോളിസി ഉടമകളായ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിച്ച് എല്‍ഐസിക്ക് അടയ്ക്കേണ്ട തുകയില്‍ 65 കോടി രൂപ കുടിശ്ശിക. വിവിധ ബാങ്കുകളില്‍ അടയ്ക്കാനായി ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിച്ച തുകയില്‍ 28.56 കോടി രൂപയും കുടിശ്ശിക വരുത്തി. ഇതുകൂടി ചേര്‍ത്താല്‍ 1098.56 കോടി രൂപ ആഗസ്ത് വരെ കടബാധ്യതയുണ്ട്.
ഓണാനുകൂല്യങ്ങള്‍ നല്‍കാന്‍ ആഗസ്തില്‍ സംസ്ഥാന സര്‍ക്കാര്‍ 35 കോടിരൂപ കോര്‍പറേഷനു നല്‍കി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് വികസന കോര്‍പറേഷനില്‍നിന്ന് ആഗസ്തില്‍ 70 കോടി രൂപ കടവുമെടുത്തു. പ്രതിമാസം 58 കോടി രൂപയുടെ കടബാധ്യതയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി വരുത്തുന്നത്. ഡീസല്‍ ലിറ്ററിന് അഞ്ചുരൂപ കൂട്ടിയതോടെ പ്രതിമാസം ആറുകോടിയിലേറെ രൂപയുടെ അധികബാധ്യതയും വന്നുചേര്‍ന്നു.

പ്രതിസന്ധി മൂര്‍ഛിക്കുമ്പോഴും കോര്‍പറേഷനെ രക്ഷിക്കാനുള്ള ശക്തമായ നടപടിക്ക് സര്‍ക്കാരും മാനേജ്മെന്റും മുതിരുന്നില്ല. പുതിയ ബസ് നിരത്തിലിറക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ നാലായിരത്തോളം പുതിയ ബസ് ഇറക്കി. അനന്തപുരി, വേണാട്, മലബാര്‍ എന്നീ മേഖലാ ചെയിന്‍ സര്‍വീസുകള്‍ക്കും ദീര്‍ഘദൂര സര്‍വീസുകള്‍ക്കും പുതിയ ബസുകളാണ് അന്ന് ഓടിച്ചത്. യുഡിഎഫിന്റെ ഒന്നരവര്‍ഷത്തിനിടെ 545 ബസ് മാത്രമാണ് പുതുതായി ഇറക്കിയത്. ഇതുമൂലം എല്‍ഡിഎഫ് കാലത്ത് ഉണ്ടായിരുന്ന ആറുകോടി പ്രതിദിന കലക്ഷന്‍ നാലുകോടിയായി കുറഞ്ഞു. ടിപി, ടിഎസ് സീരീസിലെ ബസുകള്‍ കാലാവധി കഴിഞ്ഞിട്ടും ഒഴിവാക്കുന്നില്ല. കെഎസ്ആര്‍ടിസി വാങ്ങുന്ന സ്പെയര്‍ പാര്‍ട്സിന്റെ 60 ശതമാനവും ഈ ബസുകള്‍ക്കായി വിനിയോഗിക്കണ്ടി വരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ടിക്കറ്റ് നിരക്കു വര്‍ധനകൊണ്ടുമാത്രം കഴിയില്ല. പകരം 2000 പുതിയ ബസുകളെങ്കിലും നിരത്തിലിറക്കി റവന്യൂ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കണം. ദൈനംദിന ചെലവിനുള്ള തുക ഇതുവഴി കൂടുതലായി കണ്ടെത്തണം. ഒപ്പം സര്‍ക്കാരില്‍നിന്ന് അധിക സാമ്പത്തികസഹായം ഉറപ്പാക്കണം.
(എം സുരേന്ദ്രന്‍)

കെടിഡിഎഫ്സി അമിതപലിശ ഈടാക്കി; കെഎസ്ആര്‍ടിസിക്ക് നഷ്ടം 122 കോടി

തിരു: അമിതപലിശ ഈടാക്കി കെഎസ്ആര്‍ടിസിയുടെ 122 കോടിരൂപ കെടിഡിഎഫ്സി കൈക്കലാക്കി. അക്കൗണ്ട് ജനറലിന്റെ ഓഡിറ്റിങ്ങിലാണ് ഇത് കണ്ടെത്തിയത്. ധനശേഖരണത്തിന് കെടിഡിഎഫ്സി നല്‍കേണ്ടിവരുന്ന പലിശനിരക്കിന്റെ 0.5 ശതമാനം അധികമായി ഈടാക്കി കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, 2009 മുതല്‍ കെഎസ്ആര്‍ടിസിയില്‍നിന്ന് രണ്ടുമുതല്‍ എട്ടുശതമാനം വരെ പലിശ ഈടാക്കുകയാണ് കെടിഡിഎഫ്സി ചെയ്യുന്നത്. കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കുന്നതിനാണ് സര്‍ക്കാര്‍ കെടിഡിഎഫ്സിക്ക് രൂപം നല്‍കിയത്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് അധികമായി ഈടാക്കിയ പലിശമൂലം കെഎസ്ആര്‍ടിസിക്ക് 112.04 കോടി രൂപ നഷ്ടമായി. അമിതമായി ഈടാക്കിയ പലിശയില്‍നിന്ന് കെടിഡിഎഫ്സി കൈപ്പറ്റിയ തുക ഉടന്‍ മടക്കി നല്‍കാന്‍ കഴിഞ്ഞ ആഗസ്ത് ആറിന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ എജി നിര്‍ദേശിച്ചിരുന്നു. അധികമായി ഈടാക്കിയ തുക മടക്കിനല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി കെടിഡിഎഫ്സി എംഡിക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 58 കോടിയാണ് പൊതുമേഖലാസ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് പ്രതിമാസനഷ്ടം. ഇന്ധന നിരക്കിലുണ്ടായ വര്‍ധനയും ശമ്പളപരിഷ്കരണം നടപ്പാക്കുകയും ചെയ്താല്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം വര്‍ധിക്കും.

deshabhimani 200912

1 comment:

  1. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ മൊത്തം കടബാധ്യത ആയിരം കോടി രൂപ കടന്നു. ഡീസല്‍ വിലവര്‍ധനകൂടി വന്നതോടെ ബാധ്യത താങ്ങാനാകാതെ കോര്‍പറേഷന്‍ നട്ടംതിരിയുന്നു. അടിയന്തര നടപടി എടുത്തില്ലെങ്കില്‍ ആരാലും രക്ഷിക്കാന്‍ കഴിയാത്തവിധം അത്യഗാധമായ പ്രതിസന്ധിയിലാകും കോര്‍പറേഷന്‍.

    ReplyDelete