Thursday, September 20, 2012

സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നു


കണ്ണൂര്‍: മലബാറിലെ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള മലബാര്‍ ദേവസ്വംബോര്‍ഡിന്റെ നീക്കത്തിന് തുരങ്കംവച്ചത് സര്‍ക്കാര്‍. ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ബോര്‍ഡ് നടത്തിയ ശ്രമങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ കൈയേറ്റക്കാരുടെ താല്‍പര്യത്തിന് വഴങ്ങി. ഇത് ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനുള്ള ദേവസ്വംബോര്‍ഡിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. നിലവിലുള്ള ബോര്‍ഡിന്റെ കാലാവധി 30ന് അവസാനിക്കും. യുഡിഎഫ് അനുകൂല ബോര്‍ഡ് വരുന്നതോടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കും.

യുഡിഎഫ് ഘടകകക്ഷി നേതാവ് എം പി വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രഭൂമി കൈയേറി കൈവശം വയ്ക്കുന്നുണ്ട്. മലയാള മനോരമ കുടുംബം കൈയേറിയ മലപ്പുറം പന്തലൂര്‍ ക്ഷേത്രത്തിന്റെ 400 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണ്. മാതൃഭൂമിയും മനോരമയും ക്ഷേത്രഭൂമികൈയേറിയതിനാല്‍ അന്യാധീനപ്പെട്ടവ തിരിച്ചുപിടിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുക്കാന്‍ സാധ്യതയില്ല. വിശ്വാസികള്‍ ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്നാലേ കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവൂ.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ 23000 ഏക്കര്‍ ഭൂമിയാണ് വന്‍കിടക്കാര്‍ കൈയേറിയത്. ഇതില്‍ 15000 ഏക്കര്‍ പ്ലാന്റേഷനായി മാറി. കൈയേറ്റത്തിന് പുറമെ പാട്ടം, മറുപാട്ടം, വാക്കാല്‍ കരാര്‍ എന്നിവ പ്രകാരമാണ് ക്ഷേത്രഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ കൈയടക്കിയത്. പാട്ടക്കാലാവധി തീര്‍ന്ന ഭൂമികള്‍ പൂര്‍ണമായും കൈയേറി. പുറക്കാടി ദേവസ്വത്തിന്റെ ഭൂമി വീരേന്ദ്രകുമാറിന്റെ പിതാവ് പത്മപ്രഭാഗൗഡര്‍ കൈയേറിയത് പ്രതിഫലം വാങ്ങിയ ശേഷമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. പി ചാത്തുക്കുട്ടിയുടെ നേതൃത്വത്തില്‍ കൈയേറ്റം തിരിച്ചുപിടിക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിരുന്നു. വന്‍കിട കൈയേറ്റക്കാര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. കൈയേറ്റ ഭൂമികള്‍ക്ക് പട്ടയം നല്‍കരുതെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഫലമായി രണ്ടു വര്‍ഷമായി കൈയേറ്റക്കാര്‍ക്ക് പട്ടയം ലഭിക്കുന്നില്ല. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി (കെഎല്‍സി) ആക്ട് പ്രകാരം ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും യുഡിഎഫ് സര്‍ക്കാര്‍ അനങ്ങിയില്ല. ഈ നിയമ പ്രകാരം കലക്ടര്‍മാര്‍ക്ക് കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാം. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും ദേവസ്വം മന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. എല്‍ഡിഎഫ് എംഎല്‍എമാര്‍ പ്രശ്നം നിയമസഭയിലും ഉന്നയിച്ചു. ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ ടീമിനെ നിശ്ചയിച്ച് കൈയേറിയ ഭൂമി അളന്നുവേര്‍തിരിച്ചിരുന്നു. ഒരു റവന്യൂ യൂണിറ്റിനെ വിട്ടുതരണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. റവന്യൂടീമിനെ വിട്ടുകിട്ടിയാല്‍ ആറുമാസത്തിനകം കൈയേറ്റം തിരിച്ചുപിടിക്കാനാകുമായിരുന്നു. പാലക്കാട് ഹേമാംബിക ക്ഷേത്രത്തിന്റെ 3000 ഏക്കറും, വള്ളിയൂര്‍ക്കാവിന്റെ 120 ഏക്കര്‍ ഭൂമിയും അന്യാധീനപ്പെട്ടിട്ടുണ്ട്.
(പി സുരേശന്‍)

deshabhimani 200912

1 comment:

  1. മലബാറിലെ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള മലബാര്‍ ദേവസ്വംബോര്‍ഡിന്റെ നീക്കത്തിന് തുരങ്കംവച്ചത് സര്‍ക്കാര്‍. ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ബോര്‍ഡ് നടത്തിയ ശ്രമങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ കൈയേറ്റക്കാരുടെ താല്‍പര്യത്തിന് വഴങ്ങി. ഇത് ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനുള്ള ദേവസ്വംബോര്‍ഡിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. നിലവിലുള്ള ബോര്‍ഡിന്റെ കാലാവധി 30ന് അവസാനിക്കും. യുഡിഎഫ് അനുകൂല ബോര്‍ഡ് വരുന്നതോടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കും.

    ReplyDelete