Tuesday, September 4, 2012

വിമാനത്താവള, റിലയന്‍സ് അഴിമതികളും അന്വേഷിക്കണം: യെച്ചൂരി


സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ അഴിമതിയോടൊപ്പം ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവള നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അനുവദിച്ച കല്‍ക്കരിപ്പാടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് റിലയന്‍സ് കമ്പനി നേടിയ 29,000 കോടി രൂപയുടെ അഴിമതിയെക്കുറിച്ചും അന്വേഷിക്കണം. സിഎജി ചൂണ്ടിക്കാട്ടിയ മറ്റ് രണ്ട് അഴിമതികളെക്കുറിച്ച് അന്വേഷണം നടത്താതിരിക്കരുതെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹിയില്‍ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാണിജ്യാവശ്യത്തിന് സ്വകാര്യമേഖലയ്ക്ക് നല്‍കിയ 240 ഏക്കറില്‍നിന്ന് 1.64 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമാകുന്നതെന്ന് സിഎജി കണ്ടെത്തി. യൂസര്‍ഫീ ഇനത്തില്‍ അനധികൃതമായി പിരിച്ചെടുത്ത തുക വിമാനത്താവള കമ്പനി ഉപയേഗിച്ചതിനെയും സിഎജി വിമര്‍ശിച്ചിരുന്നു. മധ്യപ്രദേശിലെ സസനില്‍ റിലയന്‍സ് കമ്പനിക്ക് അനുവദിച്ച കല്‍ക്കരിപ്പാടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് 29,000 കോടി രൂപയുടെ നഷ്ടം കേന്ദ്ര ഖജനാവിന് ഉണ്ടാക്കിയെന്നും സിഎജി കണ്ടെത്തി. വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്ഥിരംസമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ താന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍തന്നെയാണ് സിഎജിയും ഇന്ദിരഗാന്ധി വിമാനത്താവളത്തിന്റെ കാര്യത്തില്‍ കണ്ടെത്തിയതെന്ന് യെച്ചൂരി പറഞ്ഞു.

എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക് അനുവദിച്ചതിലൂടെ പ്രധാനമന്ത്രി ചങ്ങാത്ത മുതലാളിത്തത്തെയാണ് പ്രോത്സാഹിപ്പിക്കന്നതെന്ന് തെളിഞ്ഞു. സര്‍ക്കാര്‍തന്നെ ക്രമക്കേട് കണ്ടെത്തിയ 90 കല്‍ക്കരിപ്പാടങ്ങളുടെയെങ്കിലും ലൈസന്‍സ് ഉടന്‍ റദ്ദാക്കകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. മാര്‍ഗനിര്‍ദേശങ്ങള്‍ നഗ്നമായി ലംഘിച്ചാണ് സസന്‍ പദ്ധതിക്ക് നല്‍കിയ കല്‍ക്കരിപ്പാടങ്ങള്‍ റിലയന്‍സ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത്. പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ ഇരുസഭകളിലും സമര്‍പ്പിച്ച പ്രസ്താവനയില്‍ ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും തയ്യാറായിട്ടില്ല. പബ്ലിക്സ് അക്കൗണ്ട് കമ്മിറ്റി ഈ രണ്ട് സിഎജി റിപ്പോര്‍ട്ടുകളും പരിശോധിക്കണമെന്ന് സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു.

deshabhimani

No comments:

Post a Comment