Saturday, September 22, 2012

സബ്സിഡിയില്ലാത്ത സിലിണ്ടറിന് നികുതിയില്ല; 140 രൂപ കുറയും


സബ്സിഡിയോടെ ലഭിക്കുന്ന ആറു പാചകവാതക സിലിണ്ടറിന് ശേഷം വാങ്ങുന്ന ഓരോ സിലിണ്ടറിനും എക്സൈസ്-കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സബ്സിഡി സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്തിയതിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണിത്. നികുതി ഒഴിവാക്കുന്നതിലൂടെ സിലിണ്ടര്‍ വിലയില്‍ 100 രൂപയ്ക്കടുത്ത് കുറവുണ്ടാകും. നിലവില്‍ സബ്സിഡി സിലിണ്ടറിന് കേരളത്തില്‍ 430 രൂപയോളമാണ് വില. സബ്സിഡി ഇല്ലാതാകുമ്പോള്‍ സിലിണ്ടറിന് 850 രൂപയാകും. ഇതില്‍ അഞ്ചുശതമാനം കസ്റ്റംസ് തീരുവയും എട്ടു ശതമാനം എക്സൈസ് തീരുവയുമാണ്. ഈ രണ്ട് തീരുവകള്‍ ഒഴിവാകുമ്പോള്‍ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 710 രൂപയോളമായിരിക്കുമെന്നാണ് ഐഒസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, വാണിജ്യാവശ്യത്തിന് വിതരണം ചെയ്യുന്ന സിലിണ്ടറിന് നികുതി ഇളവുണ്ടാകില്ല. ഡല്‍ഹിയില്‍ സബ്സിഡി വില 399 രൂപയാണ്. സബ്സിഡിയില്ലാതെ 895 രൂപയാകുന്നതില്‍ നിന്ന് തീരുവകള്‍ കിഴിക്കുമ്പോള്‍ 798 രൂപയിലെത്തും. നികുതി ഒഴിവാക്കുന്ന കാര്യം ധനമന്ത്രി പി ചിദംബരമാണ് അറിയിച്ചത്.

സിലിണ്ടറിന്റെ എണ്ണം നിയന്ത്രിച്ചതും ഡീസല്‍ വില കൂട്ടിയതും പിന്‍വലിക്കാനാകില്ലെന്നും ചിദംബരം പറഞ്ഞു. ഇന്ധന സബ്സിഡികള്‍ക്കായി വലിയ തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇത് തുടര്‍ന്നുപോകാനാകില്ല. ബാധ്യതയുടെ ഒരുഭാഗം വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ തയ്യാറാകണം. ഇന്ത്യന്‍ കമ്പനികള്‍ വിദേശത്തുനിന്ന് വാണിജ്യാവശ്യങ്ങള്‍ക്ക് കടമെടുക്കുന്നതില്‍ ചുമത്തിയ നികുതിയിലും കുറവുവരുത്തിയതായി ചിദംബരം അറിയിച്ചു.

നേരത്തെ 20 ശതമാനമായിരുന്ന നികുതി അഞ്ചുശതമാനമായാണ് കുറച്ചത്. വിദേശവിപണികളില്‍ നിന്ന് കൂടുതല്‍ കടമെടുപ്പിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ തീരുമാനം പ്രചോദനമേകും. ആദ്യവട്ട നിക്ഷേപകര്‍ക്ക് സഹായകമാകുന്ന രാജീവ്ഗാന്ധി ഇക്വിറ്റി സ്കീമിനും ധനമന്ത്രാലയം അംഗീകാരം നല്‍കി. ആദ്യവട്ട നിക്ഷേപകര്‍ക്ക് 50 ശതമാനംവരെ നികുതി ഇളവുനല്‍കുന്നതാണ് പദ്ധതി. പദ്ധതിപ്രകാരം മുടക്കാവുന്ന പരമാവധി നിക്ഷേപം 50,000 രൂപയാണ്. ഇന്ധന സബ്സിഡി വലിയ ബാധ്യതയാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ആദ്യവട്ട നിക്ഷേപകര്‍ക്കുമൊക്കെ വലിയ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങളെ കോര്‍പറേറ്റ് ലോകം സ്വാഗതം ചെയ്തു. ശരിയായ ദിശയിലാണ് യുപിഎ സര്‍ക്കാരിന്റെ പോക്കെന്ന് വാണിജ്യസംഘടനകള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് മുലായംസിങ് യാദവ് പ്രഖ്യാപിച്ചതും കോര്‍പറേറ്റുകള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
(എം പ്രശാന്ത്)

deshabhimani 220912

No comments:

Post a Comment