Saturday, September 22, 2012

ജനശ്രീക്ക് വയനാട് ജില്ലയിലും സര്‍ക്കാര്‍ കോടികള്‍ നല്‍കും


കാര്‍ഷിക പ്രതിസന്ധിയില്‍ ആത്മഹത്യചെയ്തവരുടെ കുടുംബങ്ങളെയും ജീവിതം വഴിമുട്ടിയ ഇഞ്ചികര്‍ഷകരെയും വഞ്ചിച്ച് സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജനശ്രീമിഷന് ജില്ലയില്‍ കോടികള്‍ അനുവദിച്ചു. ആത്മഹത്യ ചെയ്തവരുടെ ആശ്രിതര്‍ക്കും വിളനാശത്തിലും വിലയിടിവിലും ആത്മഹത്യമുനമ്പിലെത്തിയ ഇഞ്ചികര്‍ഷകര്‍ക്കും ധനസഹായം നല്‍കാന്‍ പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണ് ഭരിക്കുന്ന പാര്‍ടിയുടെ പോഷക സംഘടനയ്ക്ക് മാനദണ്ഡമില്ലാതെ കോടികള്‍ നല്‍കിയത്. രണ്ടുകോടിയോളം രൂപയാണ് ജില്ലയില്‍ അനുവദിച്ചത്. തിരുനെല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലായാണ് ജനശ്രീ പണം ചെലവഴിക്കുകയെന്ന് ജില്ലാചെയര്‍മാന്‍ അഡ്വ. എം വേണുഗോപാല്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തിനായി ഇഞ്ചി കര്‍ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പണമില്ലെന്നകാരണം പറഞ്ഞ് സഹായം നല്‍കിയിട്ടില്ല. കര്‍ഷകസംഘടനകളുടെ പ്രക്ഷോഭത്തെതുടര്‍ന്ന് പകുതിപണം നല്‍കാമെന്ന് പറഞ്ഞ് ആഴ്ചകളായെങ്കിലും നല്‍കിയിട്ടില്ല. കാല്‍ ലക്ഷത്തോളം കര്‍ഷകരാണ് ധനസഹായത്തിന് അപേക്ഷനല്‍കി ജില്ലയില്‍ കാത്തിരിക്കുന്നത്. ഹെക്ടറിന് 25,000 രൂപവീതമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഇഞ്ചിയുടെ വില ചാക്കിന് 300 രൂപയില്‍ താഴെ പോകുകയും വന്‍തോതില്‍ വിളനശിക്കുകയും ചെയ്തതോടെയാണ് സഹായം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. അപേക്ഷകളും കൃഷിയിട പരിശോധനയും പൂര്‍ത്തിയാക്കി പണം അനുവദിക്കുന്നതിനുള്ള അപേക്ഷ ആഗസ്ത് ആദ്യവാരം ജില്ലാപ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍നിന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. ഓണത്തിനുമുമ്പ് സഹായം നല്‍കണമെന്നതായിരുന്നു കര്‍ഷകരുടെ ആവശ്യം. ഏറെവൈകി അനുവദിച്ച പകുതി തുകപോലും നല്‍കാതെയാണ് ജനശ്രീക്കായി പണം മാറ്റിവെച്ചത്. 14.36 കോടി രൂപയാണ് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ ചെയര്‍മാനായ ജനശ്രീക്ക് സംസ്ഥാനത്ത് മൊത്തം അനുവദിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 35 ഓളം കര്‍ഷകര്‍ ജില്ലയില്‍ ജീവനൊടുക്കി. ഇവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സഹായിക്കാന്‍ പണമില്ലെന്ന പല്ലവിയാണ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധിയൊന്നും ജനശ്രീക്ക് പണം അനുവദിക്കുന്നതിന് തടസമായില്ല. വയനാട് പാക്കേജും കടലാസിലൊതുങ്ങി. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗവും ദാരിദ്രനിര്‍മാര്‍ജന പദ്ധതിയുടെ ഏറ്റവും പ്രധാന ഘടകവുമായ കുടുംബശ്രീയെ തകര്‍ത്താണ് സര്‍ക്കാര്‍ ജനശ്രീക്ക് സഹായം നല്‍കുന്നത്.

deshabhimani 220912

No comments:

Post a Comment