Sunday, September 23, 2012

നഗരങ്ങളില്‍ 1.87 കോടി കുടുംബങ്ങള്‍ക്ക് വീടില്ല


രാജ്യത്തെ നഗരമേഖലയില്‍ 1.878 കോടി കുടുംബങ്ങള്‍ക്ക് മതിയായ പാര്‍പ്പിടസൗകര്യമില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സാങ്കേതികസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സമഗ്രവളര്‍ച്ചയെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം പൊളിച്ചത്. ഒരു ഭാഗത്ത് ആള്‍താമസമില്ലാത്ത പാര്‍പ്പിടങ്ങളുടെ എണ്ണം പെരുകുമ്പോള്‍ ചേരികളിലും വാസയോഗ്യമല്ലാത്ത കൂരകളിലും മറ്റൊരു വലിയ വിഭാഗം ജീവിതം തള്ളിനീക്കുന്നു. വാസയോഗ്യമല്ലാത്ത കൂരകളിലാണ് 9.9 ലക്ഷം കുടുംബങ്ങള്‍ കഴിയുന്നത്. 80 വര്‍ഷത്തിലേറെ പഴക്കമുള്ളതും തീര്‍ത്തും മോശമായ അവസ്ഥയിലുള്ളതുമായ വീടുകളില്‍ 22.7 ലക്ഷം ജനങ്ങള്‍ വസിക്കുന്നു. ആവശ്യമായ സ്ഥലമില്ലാതെ തിങ്ങിഞെരുങ്ങിയാണ് 1.49 കോടി കുടുംബങ്ങള്‍ കഴിയുന്നത്. 5.3 ലക്ഷം ആളുകള്‍ക്ക് പേരിനുപോലും വീടില്ല. 300 ചതുരശ്ര അടിയില്‍ താഴെയുള്ള കൂരകളിലാണ് 14,887,844 കുടുംബങ്ങള്‍. നഗരങ്ങളില്‍ പ്രതിമാസവരുമാനം 5,000ല്‍ താഴെയായ കുടുംബങ്ങളില്‍ 1.05 കോടിയും പാര്‍പ്പിടക്ഷാമം നേരിടുന്നു. മാസവരുമാനം 5001-10,000 വിഭാഗത്തിലുള്ള 74.1 ലക്ഷം കുടുംബങ്ങള്‍ക്കും അതിന് മുകളിലുള്ള 8.2 ലക്ഷം കുടുംബങ്ങള്‍ക്കും ഇതാണ് സ്ഥിതി. വരുമാനത്തില്‍ ഏറ്റവും പിന്നിലുള്ള വിഭാഗം പാര്‍പ്പിട ക്ഷാമത്തിന്റെ 56.18 ശതമാനത്തില്‍ പെടുന്നു.

2011ലെ സെന്‍സസ് അനുസരിച്ച് നഗരമേഖലയിലെ ആകെ വീടുകളുടെ എണ്ണം 11 കോടി. ഇതില്‍ ഒരു കോടി വീടുകളില്‍ ആള്‍ത്താമസമില്ല. വാടകയ്ക്ക് കൊടുക്കാനും മറ്റും നിര്‍മിച്ചവയാണ് ഇവ. നഗരമേഖലയിലെ 79.82 ശതമാനം വീടുകളില്‍ മാത്രമാണ് ആള്‍ത്താമസമുള്ളത്. ഏതാണ്ട് 94.3 ലക്ഷം വാസയോഗ്യമായ കെട്ടിടങ്ങള്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു. രാജ്യത്തെ പാര്‍പ്പിടക്ഷാമത്തിന്റെ വലിയൊരു പങ്ക് പരിഹരിക്കാന്‍ ഇവയുടെ ഉപയോഗത്തിലൂടെ സാധിക്കും. പാര്‍പ്പിടമില്ലാത്ത കുടുംബങ്ങളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകളും നഗരതല ഏജന്‍സികളും വിശദമായ സര്‍വേ നടത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

നഗരങ്ങളില്‍ 300 ചതുരശ്ര അടിക്ക് മുകളിലുള്ള ഭവനങ്ങളില്‍ താമസിക്കുന്ന 11,696,796 ദമ്പതിമാര്‍ക്കും പ്രത്യേകമായി മുറിയില്ല. 300 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളില്‍ താമസിക്കുന്നവരും ദമ്പതികള്‍ക്ക് പ്രത്യേക മുറിയില്ലാത്തതുമായ 7,882,217 കുടുംബങ്ങളാണുള്ളത്. വാടകയ്ക്ക് താമസിക്കുന്നവരും മറ്റും ഈ കണക്കില്‍ വരുന്നില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ഭവനമേഖല അടിസ്ഥാനസൗകര്യമേഖലയിലോ വ്യാവസായികമേഖലയിലോ ഉള്‍പ്പെടുത്തണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. ആള്‍ത്താമസമില്ലാത്ത വീടുകള്‍ ഭവന മാര്‍ക്കറ്റിന്റെ ഭാഗമാക്കണമെന്നും പറയുന്നു. പന്ത്രണ്ടാം പദ്ധതിയുടെ നഗര ഭവന നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജെഎന്‍യുവിലെ സാമ്പത്തികശാസ്ത്രവിഭാഗം പ്രൊഫസര്‍ അരവിന്ദ് കട്ജു ചെയര്‍മാനായ സാങ്കേതികസംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് നഗര ദാരിദ്ര്യ നിര്‍മാര്‍ജന മന്ത്രി കുമാരി ഷെല്‍ജയ്ക്ക് കൈമാറി.
(പി വി അഭിജിത്)

deshabhimani 230912

1 comment:

  1. രാജ്യത്തെ നഗരമേഖലയില്‍ 1.878 കോടി കുടുംബങ്ങള്‍ക്ക് മതിയായ പാര്‍പ്പിടസൗകര്യമില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സാങ്കേതികസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സമഗ്രവളര്‍ച്ചയെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം പൊളിച്ചത്.

    ReplyDelete