Sunday, September 23, 2012

പ്രധാനമന്ത്രി പറയുന്നത് പച്ചക്കള്ളം


ഡീസല്‍വില വര്‍ധന ന്യായീകരിച്ച് പ്രധാനമന്ത്രി മുന്നോട്ടുവച്ച വാദങ്ങളെല്ലാം ജനങ്ങളെ വിഡ്ഢികളാക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണെന്ന് വ്യക്തമായി. ഡീസലിന് അഞ്ച് രൂപ മാത്രമേ വര്‍ധിപ്പിച്ചുള്ളുവെന്നും ഡീസല്‍ ഉപയോക്താക്കളില്‍ വലിയൊരുഭാഗം സമ്പന്നരാണെന്നുമായിരുന്നു വെള്ളിയാഴ്ച പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത്. എന്നാല്‍, ഡീസല്‍ വിലക്കയറ്റം എല്ലാ രംഗത്തും വിലക്കയറ്റം രൂക്ഷമാക്കുന്നതിന് ഉദാഹരണമാണ് മൊബൈല്‍ ഫോണ്‍ നിരക്കുവര്‍ധന.

ആസൂത്രണ കമീഷന്‍ കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. രാജ്യത്തെ മൊത്തം ഡീസല്‍ ഉപയോഗത്തിന്റെ 37.9 ശതമാനവും ചരക്കുഗതാഗത മേഖലയിലാണെന്നാണ് ഈ രേഖയില്‍ പറയുന്നത്. ലോറി, ചരക്കുതീവണ്ടി,ചെറു ചരക്കുവാഹനങ്ങള്‍ എന്നിവയാണ് ഈ മേഖലയിലുള്ളത്. ഡീസല്‍ ഉപയോഗത്തിന്റെ കൂടുതല്‍ പങ്കും ഈ മേഖലയിലാണ്. കൂടാതെ ബസ് ഗതാഗതത്തിന് ആറ് ശതമാനവും ടാക്സികള്‍ക്ക് 2.1 ശതമാനവും ഓട്ടോറിക്ഷ അടക്കമുള്ള മുച്ചക്രവാഹനങ്ങള്‍ക്ക് 3.6 ശതമാനവും ഉപയോഗിക്കുന്നു. സമ്പന്നരുടെ ആഡംബര കാറുകളില്‍ ഉപയോഗിക്കുന്ന ഡീസല്‍ കേവലം 0.6 ശതമാനമാണ്. കാര്‍ഷികമേഖലയില്‍ പമ്പുസെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റും 18.8 ശതമാനം ഡീസല്‍ ഉപയോഗിക്കുന്നുണ്ട്. ഊര്‍ജമേഖലയില്‍ 6.8 ശതമാനം, വ്യവസായമേഖലയില്‍ 5.6 ശതമാനം, റെയില്‍വേയില്‍ 3.7 ശതമാനം, മറ്റ് മേഖലകളില്‍ 12.5 ശതമാനം എന്നിങ്ങനെയാണ് ഡീസല്‍ ഉപയോഗം. സൊസൈറ്റി ഫോര്‍ ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്, പന്ത്രണ്ടാം പദ്ധതിയുമായി ബന്ധപ്പെട്ട പെട്രോളിയം കര്‍മസമിതി എന്നിവ സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഡീസല്‍ വിലവര്‍ധന സാധാരണക്കാരെ ബാധിക്കില്ലെന്നും വളരെക്കുറച്ച് സമ്പന്നരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും സ്ഥാപിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ചരക്കുഗതാഗതം എല്ലാ വിഭാഗം ജനങ്ങള്‍ക്കും സേവനം നല്‍കുന്ന മേഖലയാണ്. അവശ്യസാധനങ്ങളുടെയും വ്യവസായ അസംസ്കൃതവസ്തുക്കളുടെയും വിലക്കയറ്റത്തിന് ഇടയാക്കുന്നതാണ് ഈ മേഖലയിലുണ്ടാകുന്ന അധികച്ചെലവ്. ബസ്, ടാക്സി, ഓട്ടോറിക്ഷ, ട്രെയിന്‍ എന്നീ മേഖലകളും സാധാരണ ജനങ്ങളാണ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. കാര്‍ഷികമേഖല പകുതിയിലധികം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ്. അണക്കെട്ടുകളില്ലാത്ത സ്ഥലങ്ങളില്‍ പമ്പുകളുപയോഗിച്ച് ഭൂഗര്‍ഭജലം പമ്പുചെയ്താണ് കൃഷി നടത്തുന്നത്. കാര്‍ഷികമേഖലയിലെ ഈ ഉപയോഗവും കണ്ടില്ലെന്നുനടിച്ചാണ് പ്രധാനമന്ത്രിയുടെ തെറ്റിദ്ധരിപ്പിക്കല്‍. വെള്ളിയാഴ്ച മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത് ഡീസല്‍ വിലവര്‍ധനയുടെ പേര് പറഞ്ഞാണ്.
(വി ജയിന്‍)

deshabhimani 230912

1 comment:

  1. ആസൂത്രണ കമീഷന്‍ കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. രാജ്യത്തെ മൊത്തം ഡീസല്‍ ഉപയോഗത്തിന്റെ 37.9 ശതമാനവും ചരക്കുഗതാഗത മേഖലയിലാണെന്നാണ് ഈ രേഖയില്‍ പറയുന്നത്. ലോറി, ചരക്കുതീവണ്ടി,ചെറു ചരക്കുവാഹനങ്ങള്‍ എന്നിവയാണ് ഈ മേഖലയിലുള്ളത്. ഡീസല്‍ ഉപയോഗത്തിന്റെ കൂടുതല്‍ പങ്കും ഈ മേഖലയിലാണ്. കൂടാതെ ബസ് ഗതാഗതത്തിന് ആറ് ശതമാനവും ടാക്സികള്‍ക്ക് 2.1 ശതമാനവും ഓട്ടോറിക്ഷ അടക്കമുള്ള മുച്ചക്രവാഹനങ്ങള്‍ക്ക് 3.6 ശതമാനവും ഉപയോഗിക്കുന്നു. സമ്പന്നരുടെ ആഡംബര കാറുകളില്‍ ഉപയോഗിക്കുന്ന ഡീസല്‍ കേവലം 0.6 ശതമാനമാണ്. കാര്‍ഷികമേഖലയില്‍ പമ്പുസെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റും 18.8 ശതമാനം ഡീസല്‍ ഉപയോഗിക്കുന്നുണ്ട്. ഊര്‍ജമേഖലയില്‍ 6.8 ശതമാനം, വ്യവസായമേഖലയില്‍ 5.6 ശതമാനം, റെയില്‍വേയില്‍ 3.7 ശതമാനം, മറ്റ് മേഖലകളില്‍ 12.5 ശതമാനം എന്നിങ്ങനെയാണ് ഡീസല്‍ ഉപയോഗം. സൊസൈറ്റി ഫോര്‍ ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്, പന്ത്രണ്ടാം പദ്ധതിയുമായി ബന്ധപ്പെട്ട പെട്രോളിയം കര്‍മസമിതി എന്നിവ സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

    ReplyDelete