Tuesday, September 4, 2012

എമര്‍ജിങ് കേരള മോണോ റെയില്‍ പദ്ധതിയിലും സ്വകാര്യപങ്കാളിത്തം


സംസ്ഥാനത്തെ ആദ്യ മോണോ റെയില്‍ പദ്ധതിയായ കോഴിക്കോട് മോണോ റെയില്‍ പദ്ധതിയിലും സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. കൊച്ചിയില്‍ നടക്കുന്ന "എമര്‍ജിങ് കേരള" നിക്ഷേപ സംഗമത്തിലൂടെയാണിത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊതുമേഖലയില്‍ കമ്പനി രൂപീകരിച്ച് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കം. മെഡിക്കല്‍കോളേജ് മുതല്‍ മീഞ്ചന്ത വരെ ആദ്യഘട്ട നിര്‍മാണത്തിനുള്ള വിശദമായ പദ്ധതിരൂപരേഖ (ഡിപിആര്‍) ഡല്‍ഹി മെട്രോറെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ജൂണ്‍ 19ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അന്നുമുതല്‍ പദ്ധതി അട്ടിമറിക്കാന്‍ അണിയറ നീക്കം ആരംഭിച്ചിരുന്നു. ധനകാര്യ, ആസൂത്രണ വകുപ്പുകള്‍ പദ്ധതിരൂപ രേഖ കഴിഞ്ഞമാസം മടക്കിയിരുന്നു. പദ്ധതിനടപ്പാക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായി കമ്പനി രൂപീകരിക്കുന്നതിലും പദ്ധതി നടത്തിപ്പ് ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയുമാണ് ഡിപിആര്‍ മടക്കിയത്. സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി നടപ്പാക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് ധനകാര്യ, ആസൂത്രണ വകുപ്പുകള്‍ ഡിപിആര്‍ മടക്കിയത്.

പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡാണ് മോണോ റെയില്‍ പദ്ധതിയുടെ അവലോകനം എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 1018 കോടി രൂപ ആദ്യഘട്ട പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുമെന്നാണ് അവലോകനത്തിലുള്ളത്. ഇ ശ്രീധരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 1565 കോടി രൂപയാണ് ആദ്യഘട്ടത്തിന്റെ പദ്ധതിച്ചെലവ്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ സെപ്തംബര്‍ 15നകം പദ്ധതി തുടങ്ങുമെന്ന് ഇ ശ്രീധരന്‍ ഡിപിആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ എമര്‍ജിങ് കേരളയില്‍ നിക്ഷേപ സമാഹരണത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചതോടെ പദ്ധതി ഇനിയും നീളുമെന്നും ഉറപ്പായി. 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളിലായി പദ്ധതിയുടെ 60 ശതമാനവും 2013-14 കാലയളവില്‍ 40 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയാക്കുമെന്ന് വെബ്സൈറ്റിലുണ്ട്. പൊതു-സ്വകാര്യ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശമെന്നും അവലോകനത്തില്‍ പറയുന്നു. അതേസമയം മോണോ റെയിലുമായി ബന്ധപ്പെട്ട ഒരു കാര്യവും കോര്‍പറേഷനുമായി ചര്‍ച്ച ചെയ്തിട്ടില്ല. പദ്ധതി പൂര്‍ണമായും കോര്‍പറേഷന്‍ പരിധിയിലൂടെയാണ് കടന്നുപോകുന്നത്. സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കോര്‍പറേഷന്റെ അനുമതി വേണമെന്നിരിക്കെ റോഡ് ഫണ്ട് ബോര്‍ഡ് സ്വകാര്യ നിക്ഷേപകരെത്തേടി എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ അവലോകനം പ്രസിദ്ധപ്പെടുത്തിയതിലും ആശങ്കയുണ്ട്.

വേങ്ങരയില്‍ സര്‍ക്കാര്‍ കോളേജിന് ശ്രമമാരംഭിച്ചത് എല്‍ഡിഎഫ്

മലപ്പുറം: വേങ്ങരയില്‍ സര്‍ക്കാര്‍ കോളേജ് തുടങ്ങാന്‍ ശ്രമമാരംഭിച്ചത് കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍. പഠനത്തില്‍ മിടുക്കരായ നിര്‍ധനþന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കാന്‍ ലക്ഷ്യമിട്ട കോളേജാണ് മുസ്ലിംലീഗ് പാര്‍ടിയിലെ സമ്പന്നര്‍ക്ക് കാശുണ്ടാക്കാനുള്ള വഴിയാക്കി മാറ്റുന്നത്. സര്‍ക്കാര്‍ കോളേജ് എയ്ഡഡ് ആക്കി പണം വാരുകമാത്രമാണ് ലീഗ് ലക്ഷ്യം.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ചാണ് മലപ്പുറത്ത് സര്‍ക്കാര്‍ കോളേജ് തുടങ്ങാന്‍ ശ്രമമാരംഭിച്ചത്. ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവും കോളേജും തുടങ്ങാനായിരുന്നു കമ്മിറ്റി ശുപാര്‍ശ. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അന്നത്തെ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. വേങ്ങരയില്‍ കോളേജും കോട്ടക്കലില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവും തുടങ്ങാന്‍ അനുയോജ്യമാണെന്ന് കലക്ടര്‍ റിപ്പോര്‍ട്ടും നല്‍കി. ഇവ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഭൂമിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ നിര്‍ദേശം പരിഗണിച്ചാണ് 2011ലെ സംസ്ഥാന ബജറ്റില്‍ വേങ്ങര കോളേജ് ഇടം നേടിയത്.

ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ കോളേജ് തുടങ്ങാന്‍ പാലോളി കമ്മിറ്റി ശുപാര്‍ശ ചെയ്തത്. വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ബഹുദൂരം മുന്നിലുള്ള ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് കോളേജുകള്‍ മാത്രമാണുള്ളത്. ഈ പരിമിതി മറികടന്ന് ന്യൂനപക്ഷþനിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് കൂടുതല്‍ അവസരമൊരുക്കാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതാണ് ലീഗ് കച്ചവട താത്പര്യം മുന്നില്‍ക്കണ്ട് അട്ടിമറിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഏക്കര്‍ കണക്കിന് ഭൂമി വെറുതെകിടക്കുമ്പോഴാണ് ഭൂമിയില്ലെന്ന കള്ളം പറഞ്ഞ് കോളേജ് ലീഗ് ട്രസ്റ്റിന് കൈമാറുന്നത്.


കോര്‍പറേഷനെ അറിയിക്കാതെ ഞെളിയന്‍പറമ്പില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം

കോഴിക്കോട്: കോര്‍പറേഷന്‍ ഭരണസമിതിയെ അറിയിക്കാതെ ഞെളിയന്‍പറമ്പില്‍ ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി. പദ്ധതിക്ക് സ്വകാര്യനിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള അവലോകനം എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നിലവില്‍ കോര്‍പറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നിടത്താണ് സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കോര്‍പറേഷന്റെ അധികാരപരിധിയിലുള്ള സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കുന്നതിന് കൗണ്‍സിലിന്റെ അനുമതി വേണം. എന്നാല്‍, കോര്‍പറേഷന്റെ 20 ഏക്കര്‍ സ്ഥലം പദ്ധതിക്ക് വിട്ടുനല്‍കുമെന്ന് സൈറ്റിലുണ്ട്. തദ്ദേശ സ്വയംഭരണ നിയമപ്രകാരം കൗണ്‍സിലിനെ അറിയിക്കാതെ ഇത്തരത്തില്‍ സ്ഥലം ഏറ്റെടുക്കാനാവില്ല. മാത്രവുമല്ല പദ്ധതിയുടെ സ്പോണ്‍സര്‍ കോര്‍പറേഷനാണെന്നും പറയുന്നു. 200 കോടി രൂപയാണ് പ്ലാന്റ് നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഖരമാലിന്യ സംസ്കരണ പ്ലാന്റ്, വൈദ്യുതോര്‍ജ ഔട്ട്പുട്ട്, ജൈവവള നിര്‍മാണ യൂണിറ്റ് എന്നിവ പദ്ധതിയിലുണ്ട്. മൂന്ന് വര്‍ഷത്തിനകം പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്ന തരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണം. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങാനാകുമെന്നാണ് സൈറ്റിലുള്ളത്. കോര്‍പറേഷനെ അറിയിക്കാതെയാണ് സര്‍ക്കാര്‍ പല കാര്യങ്ങളും ചെയ്യുന്നതെന്ന ആക്ഷേപം നേരത്തേയുണ്ട്. ഇത് ശരിവെക്കുന്നതാണ് സ്വകാര്യ നിക്ഷേപകര്‍ക്ക് കോര്‍പറേഷന്റെ സ്ഥലം വിട്ടുനല്‍കാമെന്നുള്ള സര്‍ക്കാര്‍ വാഗ്ദാനം. നിക്ഷേപം നടത്താന്‍ ഏതെങ്കിലും കമ്പനി തയ്യാറായാല്‍ത്തന്നെ കോര്‍പറേഷന്റെ അനുമതിയില്ലാതെ പദ്ധതി പ്രാവര്‍ത്തികമാക്കാനാകില്ല.

മാലിന്യസംസ്കരണ പ്ലാന്റിനെക്കുറിച്ച് അറിയില്ല: മേയര്‍

കോഴിക്കോട്: ഞെളിയന്‍പറമ്പില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ എമര്‍ജിങ് കേരളയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതു സംബന്ധിച്ച് അറിയില്ലെന്ന് മേയര്‍ എ കെ പ്രേമജം പറഞ്ഞു. കൗണ്‍സിലിനെ അറിയിക്കാതെ സര്‍ക്കാരിന് നേരിട്ട് സ്ഥലം ഏറ്റെടുക്കാനാകില്ല. കോര്‍പറേഷനുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ പ്ലാന്റ് എവിടെയാണ് സ്ഥാപിക്കേണ്ടതെന്നുപോലും തീരുമാനിക്കാനാകൂ. മോണോറെയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കോര്‍പറേഷനുമായി സര്‍ക്കാര്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. റോഡ്ഫണ്ട് ബോര്‍ഡ് പദ്ധതി ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നപ്പോള്‍പോലും കോര്‍പറേഷനെ ക്ഷണിച്ചിട്ടില്ല. വികസന പദ്ധതികള്‍ക്ക് കൗണ്‍സില്‍ എതിരല്ല. ഏറ്റവും മികച്ച രീതിയില്‍ വികസനം നടക്കണമെന്നാണ് കൗണ്‍സിലിന്റെ ആഗ്രഹം. സര്‍ക്കാര്‍ പദ്ധതികള്‍ കൗണ്‍സിലുമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ നപ്പാക്കാന്‍ പാടുള്ളൂ എന്നു മാത്രമാണ് കോര്‍പറേഷന്‍ ആവശ്യപ്പെടുന്നതെന്നും മേയര്‍ പറഞ്ഞു.


deshabhimani 040912

No comments:

Post a Comment