എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ സംരക്ഷണനിയമം അട്ടിമറിച്ച് 2005നു മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള യുഡിഎഫ് തീരുമാനം തൃശൂര്‍ ജില്ലയിലെ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിക്കും. നിയമപരമായും അല്ലാതെയും നെല്‍വയലുകള്‍ അതിവേഗം ഇല്ലാതാക്കുന്ന ജില്ലയില്‍ പുതിയ നിയമം നെല്‍കൃഷിയുടെ പൂര്‍ണനാശത്തിന് വഴിയൊരുക്കും. ഇതോടെ പാരിസ്ഥിതിക സന്തുലനത്തിന് മാറ്റംവരും. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കനുസരിച്ച് 2009-10ല്‍ ജില്ലയില്‍ 18,000 ഹെക്ടര്‍ നെല്‍വയലണുള്ളത്. 2000ല്‍ ഇത് ഏതാണ്ട് 19,000ല്‍ അധികം ആയിരുന്നു. 2011-12 വര്‍ഷത്തെ കണക്കെടുപ്പ് നടക്കുന്നതേയുള്ളൂവെങ്കിലും 200 ഹെക്ടറെങ്കിലും കുറഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ജില്ലയില്‍ പാടം നികത്തലും കൃഷി ചെയ്യാതെ തരിശിടലും വ്യാപിക്കുകയാണ്. കോള്‍മേഖലയൊഴികെയുള്ള വയലുകള്‍ പൂര്‍ണമായും ഇല്ലാതാകുകയാണ്. 13,500 ഹെക്ടറുള്ള കോള്‍മേഖലയില്‍ വലിയതോതില്‍ നികത്തല്‍ നടക്കുന്നില്ല. ഇതില്‍ 11,000 ഹെക്ടറിലാണ് കാര്യമായി കൃഷിയിറക്കുന്നത്. പടവ് സമിതികള്‍ ശക്തമായതും വിളവ് അധികമായി ലഭിക്കുന്നതുമൂലമുള്ള ലാഭവും വെള്ളം നിറയുന്ന അവസ്ഥയുമാണ് ഈ മേഖലയെ സംരക്ഷിക്കുന്നത്. മുണ്ടകന്‍, വിരിപ്പ് നിലങ്ങളാണ് ജില്ലയില്‍ കൂടുതലായി നികത്തുന്നത്. ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, പുതുക്കാട് മേഖലയിലാണ് കൂടുതല്‍ നെല്‍വയല്‍ നികത്തല്‍. മലയോരമേഖലയിലെ പാടങ്ങള്‍ നികത്തല്‍ എളുപ്പമാണെന്നതും ഇതിനു കാരണമാകുന്നു. തൃശൂര്‍-കുന്നംകുളം റോഡില്‍ പുഴയ്ക്കല്‍ പാടം, ചൂണ്ടല്‍പാടം എന്നിവ അതിവേഗം ഇല്ലാതാവുന്നു.
1975-76 കാലയളവില്‍ സംസ്ഥാനത്തെ മൊത്തം നെല്‍പ്പാടങ്ങള്‍ 8.76 ലക്ഷം ഹെക്ടറായിരുന്നു. 2010-11 ആയപ്പോഴേക്കും 2.13 ലക്ഷം ഹെക്ടറായി. അനൗദ്യോഗിക കണക്കില്‍ ഇത് രണ്ടുലക്ഷത്തില്‍ താഴെയാണ്. 2011-12 വര്‍ഷത്തെ കണക്ക് ലഭ്യമല്ലെങ്കിലും നെല്‍പ്പാടത്തിന്റെ അളവ് ഒന്നര ലക്ഷത്തില്‍ താഴെയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. പുതിയ സര്‍ക്കാര്‍ തീരുമാനം നടപ്പായാല്‍ 50,000 ഏക്കര്‍ നെല്‍പ്പാടങ്ങള്‍കൂടി ഇല്ലാതാകും. നെല്‍കൃഷി ലാഭകരമായി നടത്താം എന്ന അവസ്ഥ സര്‍ക്കാരുണ്ടാക്കിയാല്‍ മാത്രമേ ഈ രംഗത്ത് ജനങ്ങള്‍ പിടിച്ചുനില്‍ക്കുകയുള്ളൂവെന്ന് കര്‍ഷകനേതാക്കള്‍ പറയുന്നു. ഒരേക്കറില്‍ നെല്‍കൃഷിയിറക്കിയാല്‍ കടംമൂലം പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടാകുമ്പോള്‍ എങ്ങനെ കൃഷിയിറക്കുമെന്ന് അവര്‍ ചോദിക്കുന്നു. കോള്‍മേഖലയില്‍നിന്ന് സംഭരിച്ച നെല്‍വില ലഭിക്കാനായി അതിശക്തമായ സമരം നടത്തേണ്ടിവന്നു എന്നത് അധികൃതര്‍ക്ക് ഈ മേഖലയോടുള്ള സമീപനം വ്യക്തമാക്കുന്നു. ജില്ലയിലെ കോള്‍മേഖലക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 414 കോടി രൂപ ചെലവഴിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തനവും സംസ്ഥാന കൃഷിവകുപ്പ് എടുത്തിട്ടില്ല. സമിതി രൂപീകരിക്കുകയോ ഓഫീസ് തുറക്കുകയോ ഉണ്ടായില്ല. ഇതോടെ ഈ പദ്ധതി എന്ന് പ്രാവര്‍ത്തികമാകും എന്ന് ഉറപ്പില്ലാത്ത അവസ്ഥയായി. ജില്ലയില്‍ മണ്ണ്, മണല്‍ മാഫിയയുടെ പ്രവര്‍ത്തനവും ശക്തമാണ്. പാടങ്ങളില്‍നിന്ന് മണ്ണെടുത്തും ഇഷ്ടികക്കളങ്ങള്‍ തീര്‍ത്തും വയലുകള്‍ ഇല്ലാതാക്കുന്ന അവസ്ഥ വ്യാപകമാണ്.
deshabhimani 040912
No comments:
Post a Comment